വംശനാശത്തിന്റെ വക്കിൽ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്; അവശേഷിക്കുന്നത് 200 ൽ താഴെ പക്ഷികൾ മാത്രം

കടുത്ത വംശനാശ ഭീഷണിയുടെ വക്കിലാണ് അപൂർവ പക്ഷിയിനമായ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡെന്ന് റിപ്പോർട്ടുകൾ. ഇനി രാജ്യത്ത് അവശേഷിക്കുന്നത് 200 ൽ താഴെ പക്ഷികൾ മാത്രമാണെന്ന് ആശങ്കയുണർത്തുന്ന റിപ്പോർട്ട് പറയുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ദേശീയ പക്ഷി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ കാണപ്പെട്ടിരുന്നു.

ലോകത്ത് ഇന്നുള്ള പറക്കാൻ കഴിയുന്നവയിൽ ഏറ്റവും ഭാരംകൂടിയ പക്ഷികളിലൊന്നാണ് “ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്”. മുഗള്‍ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെപോലും പ്രത്യേക പരാമര്‍ശത്തിനു പാത്രമായ പക്ഷിയാണ് ‘ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്’. ഡെക്കാന്‍ സമതലങ്ങളില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഇതിനെ മറാത്തക്കാര്‍ ‘ഹൂം’ എന്നാണ് വിളിച്ചിരുന്നത്.

ഇടിനാദംപോലെ പേടിപ്പെടുത്ത ശബ്ദമായിരുന്നു കാരണം. വേട്ടക്കാരെ ആക്രമിക്കുന്ന സ്വഭാവത്താലും ഇവ കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു. എന്നാൽ പിന്നീട് വേട്ടക്കാരാണ് ഏതാണ്ട് ഒരു മീറ്റർ ഉയരവും 15 കിലോ വരെ തൂക്കവുമുള്ള ഈ അപൂർവ്വ പക്ഷിയുടെ നാശത്തിന് കാരണമായത്. ഇവയെ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ കൂടിയായതോടെ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വംശനാശത്തിലേക്ക് കാലൂന്നുകളും ചെയ്തു.

ദേശീയപക്ഷി ഇല്ലാതിരുന്ന കാലത്ത് സര്‍ക്കാർ അഭിപ്രായം ആരാഞ്ഞപ്പോൾ പക്ഷിനിരീക്ഷകനായിരുന്ന ഡോ. സാലിം അലി നിര്‍ദേശിച്ചത് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിനെയായിരുന്നു. പക്ഷേ, സാമാന്യജനത്തിന് പരിചയമില്ലാത്ത പേര് എന്ന കാരണത്താൽ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന് ആ സ്ഥാനം നഷ്ടമാകുകയും മയില്‍ ആ സ്ഥാനം കൈയടക്കുകയും ചെയ്തു.

2018 ലെത്തി നിൽക്കുമ്പോൾ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകളുടെ എണ്ണം ആശങ്കയുണർത്തുന്ന തരത്തിൽ കുത്തനെ കുറഞ്ഞിരിക്കുന്നു. 1969 ൽ 1,260 പക്ഷികൾ ഉണ്ടായിരുന്നത് 2008 ൽ 300 ഉം 2018 ൽ 200 താഴേയുമായി കുറയുകയായിരുന്നു. നിലവിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഈ പക്ഷിയെ അപൂർവമായെങ്കിലും കാണാൻ കഴിയുന്നത്.

ഇതിൽ 100 മുതൽ 150 വരെ പക്ഷികളുള്ള രാജസ്ഥാനാണ് മുന്നിൽ. ഏറ്റവും കുറവ് മഹാരാഷ്ട്രയിലാണ്, 8 എണ്ണം.
വ്യവസായവൽക്കരണവും ഖനനവും, മാറിയ കൃഷി രീതികളുമാണ് പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടാകാനുള്ള മറ്റു കാരണങ്ങൾ. ഇവയുടെ സ്വഭാവിക ആവാസ സ്ഥാനമായ പുൽമേടുകൾ നശിച്ചുപോയതും ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുകളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നു.

Courtesy: india.mongabay.com

Also Read: ഇത്തവണ പാലക്കാടിന്റെ നെൽപ്പാടങ്ങളെ വേനൽമഴ ചതിച്ചില്ല; പെയ്തിറങ്ങിയത് 47% അധികം മഴ

Image: india.mongabay.com