നമ്മൾ വാങ്ങുന്ന മീനിലെ വിഷാംശം എങ്ങനെ തിരിച്ചറിയാം? വാങ്ങാൻ ആളില്ലാത്തതിനാൽ മത്സ്യവിപണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വിഷാംശം കലർന്ന മീൻ പിടികൂടുന്നുവെന്നും മാരകരോഗങ്ങള്‍ക്ക് കാരണമാകാവുന്ന ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തകൾ പുറത്തുവന്നതോടെ മത്സ്യവിപണി വൻ പ്രതിസന്ധിയിലായി. വാങ്ങാൻ ആളില്ലാത്തതിനാൽ പല ചന്തകളിലും കെട്ടിക്കിടക്കുന്ന മീൻ നശിപ്പിക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ.

സാധാരണ ട്രോളിങ് നിരോധനകാലത്ത് കച്ചവടം വര്‍ധിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അത് പകുതിയായി ഇടിഞ്ഞു. വിലയും കുത്തനെ താഴോട്ടാണ്. ദിവസവും ശരാശരി ഒരു ലോഡ് മീനെങ്കിലും ചില ചന്തകളിൽ നശിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

സൈക്കിളിലും സ്കൂട്ടറിലും ഓട്ടോയിലുമൊക്കെ മീൻ കച്ചവടം നടത്തുന്ന ചെറുകിട വിൽപ്പനക്കാരേയും പ്രതിസന്ധി വലച്ചു. നെയ്‌മീനെന്നും പറഞ്ഞ് ഇതര സംസ്ഥാനങ്ങളിൽനിന്ന് അതിനോട് സാദൃശ്യമുള്ള മീനുകൾ എത്തിച്ച് വിൽപ്പന നടത്തി ചിലർ നടത്തുന്ന തട്ടിപ്പാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ചെലവു കൂടുതലുള്ള ഐസിനു പകരം ഫോർമലിൻ ചേർത്താൽ മീൻ നാലു ദിവസംവരെ സംസ്കരിച്ചു വക്കാമെന്നതാണ് തട്ടിപ്പുകാരെ ആകർഷിക്കുന്നത്.

മത്തി, അയില, നെത്തോലി തുടങ്ങി ഏതാനും ഇനം ചെറുമീനുകൾമാത്രമാണ് വിൽപ്പനയ്ക്കായി വിപണിയിൽ എത്തുന്നത്. മീനില്‍ ഫോര്‍മലിന്റെ സാന്നിധ്യം പരിശോധിക്കാനുള്ള സ്ട്രിപ്പുകള്‍ എത്താത്തത് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. മത്സ്യത്തിൽ ഫോർമാലിന്റെ അംശം പരിശോധിക്കുന്നതിന് ഇപ്പോൾ സാമ്പിളെടുത്ത് തിരുവനന്തപുരം ലാബിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.

മത്സ്യത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള പ്രത്യേക സ്ട്രിപ് അടുത്താഴ്ച ലഭ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ മീൻ ലോഡിന്റെ പരിശോധന നടത്തുന്നത്. ഉപഭോക്താക്കളില്‍നിന്ന് ലഭിക്കുന്ന പരാതികള്‍ക്കനുസരിച്ചുള്ള പരിശോധന മാത്രമേ ഇപ്പോഴുള്ളൂ എന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

മീനിൽ ചേർക്കുന്ന രണ്ടു രാസപദാർഥങ്ങളാണ് ഫോർമാലിൻ, അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമേ‍ാണിയ െഎസിലാണു ചേർക്കുന്നത്. െഎസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. ഫോർമാൽഡിഹൈഡിന്റെ ദ്രാവകര‍ൂപമാണ് ഫോർമാലിൻ. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിനു മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. കാൻസറിനും അൾസറിനും ഇതു കാരണമാകാം.

നല്ല മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെളിച്ചമുള്ളതുമായ കണ്ണ‍ുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ മീൻ പഴകിത്തുടങ്ങിയതിന്റെ ലക്ഷണമാണ്. ചെകിളപ്പൂവു നല്ല രക്തവർണമാണെങ്കിൽ മീൻ പഴകിയിട്ടില്ല എന്നതിന്റെ സൂചനയാണ്. മീനിന്റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല ചുവപ്പു നിറമാണെങ്കിലും മീൻ പുത്തനാണെന്ന് ഉറപ്പിക്കാം.

മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനും മാസം താണു പോകുന്നുവെങ്കിൽ പഴകിയതുമാണ്. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും. ചെതുമ്പലുകൾ പൂർണമായി നീക്കുക, തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക, മൂന്നു പ്രാശ്യമെങ്കിലും കഴുകുക എന്നീ മുൻകരുതലുകളും സ്വീകരിക്കുക.

Also Read: കയ്പ്പ് തരും പോഷകവും ആദായവും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാവൽ കൃഷി ലാഭകരമാക്കാം

Image: pexels.com