മെയ് മാസം വാനിലക്കാലം; വാനില നടുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മെയ് മാസം വാനിലക്കാലം; വാനില നടുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ച് വാനിലയ്ക്ക് പൊതുവെ രണ്ട് നടീൽക്കാലമാണ് ഉള്ളത്. കാലവര്‍ഷം കനക്കുന്നതിന് മുമ്പ് മെയ് മാസത്തിലും കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും മദ്ധ്യേ സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ മാസങ്ങളിലും. ഇതിൽ നല്ലത് രണ്ടാമത്തെ കൃഷിക്കാലമാണെങ്കിലും മെയ് മാസത്തിലും വാനില നടുന്ന കർഷകർ കുറവല്ല.

വാനിലയുടെ വള്ളി മുറിച്ചോ കൂടതൈകളോ ആണ് നടാൻ ഉപയോഗിക്കുക. പതിനഞ്ചു മുതല്‍ ഇരുപതു വരെ ഇടമുട്ടുകളുള്ള നീളന്‍ തണ്ട് നട്ടാല്‍ ചെറിയ തണ്ടുകളേക്കാള്‍ വേഗം പുഷ്പിക്കുന്നതായി കർഷകർ പറയുന്നു. ഏറ്റവും കുറഞ്ഞത് അഞ്ച് ഇടമുട്ടുകള്‍ അല്ലെങ്കില്‍ അറുപത് സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത തലകള്‍ നടാന്‍ ഉപയോഗിക്കരുത്.

ജൈവവള സമ്പന്നമായ ഇളകിയ മേല്‍മണ്ണാണ് വാനിലയ്ക്ക് അനുയോജ്യം. മണല്‍ കലര്‍ന്ന പശിമരാശി മണ്ണു മുതല്‍ വെട്ടുകല്‍ മണ്ണുവരെയുള്ള വ്യത്യസ്ത മണ്ണിനങ്ങളില്‍ വാനില കൃഷി ചെയ്യാം. തണ്ടിന്റെ ഇല നീക്കിയ ചുവടുഭാഗം താങ്ങുമരത്തിന്റെ ചുവട്ടിലെ ഇളകിയ മണ്ണില്‍ പതിച്ചു വയ്ക്കണം. ഇതിന് മീതെ രണ്ടോ മൂന്നോ സെന്റിമീറ്റര്‍ കനത്തില്‍ നനമണ്ണ് വിതറണം. തണ്ടിന്റെ ചുവട്ടിലെ മുറിഭാഗം മാത്രം അല്‍പം മണ്ണിന് മുകളിലായിരിക്കണം.

കടചീയല്‍ രോഗത്തെ പ്രതിരോധിക്കാൻ ഇത് ആവശ്യമാണ്. തണ്ടിന്റെ മുകള്‍ഭാഗം താങ്ങുകാലിനോട് ചേര്‍ത്ത് കെട്ടണം. വയ്‌ക്കോല്‍, ഉണങ്ങിയ പുല്ല്, കരിയില, എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് ചുവട്ടില്‍ പുതയിടണം. ഉണങ്ങിയ പോതപ്പുല്ല്, വാഴയില, ഓല എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് തണ്ടില്‍ വെയില്‍ തട്ടാതെ തണല്‍ നല്‍കണം. ചെറിയ തോതില്‍ നനയ്ക്കുക കൂടി ചെയ്താൽ ഒന്നു രണ്ടു മാസത്തിനകം വേരുപിടിക്കുകയും മുളപൊട്ടുകയും ചെയ്യും.

കമ്പോസ്റ്റ്, കാലിവളം, പച്ചില, ബയോഗ്യാസ്, മണ്ണിര കമ്പോസ്റ്റ്, പിണ്ണാക്കുകള്‍, എല്ലുപൊടി എന്നിവയും വാനിലയുടെ വളർച്ചയ്ക്ക് ഉത്തമമാണ്. കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്ത ലായനി മാസത്തിലൊരിക്കല്‍ ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നത് വളര്‍ച്ച വേഗത്തിലെത്താന്‍ സഹായിക്കുന്നു. 17:17:17 എന്ന രാസവള മിശ്രിതം 1 കിലോ 100 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ചെടിയുടെ തണ്ട്, ഇല എന്നിവിടങ്ങളില്‍ തളിച്ചുകൊടുക്കുന്നത് വള്ളികളുടെ വളര്‍ച്ചയെ സഹായിക്കും. വേനല്‍ക്കാലത്ത് ആഴ്ചയില്‍ ചെടിയൊന്നിന് 2 മുതല്‍ 3 ലിറ്റര്‍ വെള്ളം കിട്ടുന്ന വിധത്തില്‍ നനയ്ക്കാനും ശ്രദ്ധിക്കണം.

ചപ്പുചവറും ഇലകളും ഉപയോഗിച്ച് വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പുതയിടണം. വാനിലക്ക് പടര്‍ന്നുകയറാന്‍ താങ്ങുവേണം എന്നതിനാൽ ശീമക്കൊന്ന പോലുള്ള താങ്ങുമരങ്ങള്‍ നട്ടുപിടിപ്പിക്കണം. വള്ളികളെ വെയിലിന്റെ കാഠിന്യത്തില്‍ നിന്ന് രക്ഷിക്കാനും ഭാഗികമായ തണല്‍ നല്‍കാനും ഇത് സഹായിക്കും. മൂന്നാഴ്ചയോളം സമയമെടുത്താണ് ഒരു കുലയിലെ എല്ലാ പൂക്കളും വിരിഞ്ഞുതീരുക. 9 മുതല്‍ 11 മാസം വരെ വേണ്ടിവരും കായ് ശരിക്കും പാകമാകാന്.

Also Read: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അടച്ചുപൂട്ടിയത് രണ്ടു ലക്ഷത്തിലധികം കോഴി ഫാമുകളെന്ന് റിപ്പോർട്ട്

Image: groupon.com