ജൈവ കൃഷിയിൽ പുതിയ വിജയ ചരിത്രമെഴുതി വേങ്ങേരിക്കാർ; ഇത് കാർഷിക കൂട്ടായ്മയുടെ വിജയം

ജൈവ കൃഷിയിൽ പുതിയ വിജയ ചരിത്രമെഴുതുകയാണ് കോഴിക്കോട് ജില്ലയിലെ വേങ്ങേരി ഗ്രാമവാസികൾ. ജൈവ കൃഷി രീതിയിലുള്ള ലളിതമായ ഒരു പരീക്ഷണം എന്ന നിലയിൽ തുടങ്ങിയ സംരഭമാണ് മുഴുവൻ ഗ്രാമവാസികളേയും ഒന്നിപ്പിക്കുന്ന ഒരു ജീവിതരീതി എന്ന നിലയിലേക്ക് വളർന്നത്. ഗ്രാമവാസികളുടെ കൂട്ടായ്മയായ നിറവാണ് ഈ കാർഷിക മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്.

101 കുടുംബങ്ങളുള്ള ഒരു റെസിഡന്റ്സ് അസസോസിയേഷൻ കൂട്ടായ്മയായാണ് നിറവിന്റെ തുടക്കം. 2006 ൽ വേങ്ങേരിയിലെ ചില സാമൂഹ്യ പ്രവർത്തകർ പ്രൊവിഡൻസ് വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് ഒരു സർവേ നടത്തുന്നതാണ് നിറവിന്റെ ചരിത്രത്തിലെ വഴിത്തിരിവായത്.

100 വിദ്യാർഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി ആരംഭിച്ച സർവേ വേങ്ങേരിയിലേയും പരിസരപ്രദേശങ്ങളിലേയും 1,824 വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. താരതമ്യേന മലിനീകരണം കുറഞ്ഞ വേങ്ങേരി പോലുള്ള ഒരു ഗ്രാമത്തിൽപ്പോലും ഏഴ് കാൻസർ രോഗികളുൾപ്പെടെ നിരവധി രോഗികളുണ്ടെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു.

തുടർന്നുള്ള അന്വേഷണം എത്തിയത് ഗ്രാമത്തിന്റെ പിന്നാമ്പുറങ്ങളിൽ അടിഞ്ഞുകൂടുകയും ഇടക്കിടെ കത്തിച്ച് നശിപ്പികയും ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്കും രാസകീടനാശിനകൾ ചേർന്ന അരി, പച്ചക്കറി എന്നിവയിലുമായിരുന്നു.

ഓരോ വീടിനു പിന്നിലും അടിഞ്ഞുകൂടുന്ന മാലിന്യം സംസ്ക്കരിക്കുന്ന പ്രശ്നം ആദ്യം സാമൂഹ്യപ്രവർത്തകരെ കുഴക്കി. ഏറെ ആലോചനകൾക്കു ശേഷം അവർ ഒരു പോംവഴി കണ്ടെത്തി. ഓരോ വീട്ടുകാരും അവരവർ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം തരംതിരിച്ച് ശേഖരിച്ചു വക്കുക എന്നതായിരുന്നു അത്. അഴുകുന്ന മാലിന്യങ്ങൾ ജൈവവളമായി ഉപയോഗിക്കാനും തീരുമാനമായി.

നശിക്കാതെ മണ്ണിൽ കിടക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സമീപത്തുള്ള വിവിധ സംസ്ക്കരണ കേന്ദ്രങ്ങളിൽ എത്തിച്ചു. വർഷങ്ങളായി അനുവർത്തിച്ചു പോന്ന മാലിന്യ ശീലങ്ങൾ മാറ്റാൻ ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളുമായി സാമൂഹ്യ പ്രവർത്തകരും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയതോടെ കാര്യങ്ങൾക്ക് ചൂടുപിടിച്ചു.

അങ്ങനെ 2009 ൽ 101 കുടുംബങ്ങൾ കൈകോർത്ത് നിറവ് എന്ന പേരിൽ റെസിഡന്റ്സ് അസോസിയേഷൻ രജിസ്റ്റർ ചെയ്തു. ഓരോ കുടുംബവും തങ്ങൾക്കാവും വിധം പച്ചക്കറി കൃഷി തുടങ്ങുകയായിരുന്നു അടുത്തപടി. ഏക്കറു കണക്കിന് സ്ഥലം സ്വന്തമായി ഉള്ളവരും ഏതാനും ചട്ടികളിൽ കൃഷി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതോടൊപ്പം നെൽകൃഷിയും പുനരാരംഭിച്ചു.

കരുതിവച്ച പാരമ്പര്യവിത്തുകൾ മുതിർന്നവർ യുവതലമുറയ്ക്ക് ആവേശത്തോടെ കൈമാറി. കാലിത്തീറ്റയായി നല്ല വൈക്കോൽ യുവകർഷകർ പകരം നൽകി. ചാണകമായിരുന്നു പ്രധാന വളം. നിറവിന്റെ കുടക്കീഴിൽ മുതിർന്ന പൗരന്മാരും വിദ്യാർഥികളും കർഷകരും കൈകോർത്തായിരുന്നു കാര്യങ്ങൾ മുന്നോട്ടുനീക്കിയത്. പ്രൊവിഡൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു.

ബി.ടി. വഴുതനയ്ക്കെതിരായ പ്രതിഷേധം ശക്തമായ സമയത്ത് 100,000 പരമ്പരാഗത വഴുതന തൈകൾ ഉൽപാദിപ്പിച്ചുകൊണ്ട് നിറവും പ്രതിഷേധ സമരത്തിൽ പങ്കുചേർന്നു. ഈ വഴുതിന തൈകൾ പിന്നീട് അധികൃതർ വെങ്ങേരി വഴുതന എന്ന പേരിൽത്തന്നെ അംഗീകരിച്ചതും നിറവിന് അഭിമാനിക്കാവുന്ന നേട്ടമായി. കേരളത്തിലെ ആദ്യ ജൈവ വാർഡും വേങ്ങേരി പഞ്ചായത്തിലാണ്.

പതിയെ കൃഷി ഗ്രാമത്തിന്റെ മൊത്തം ജീവിതരീതിയായി മാറാൻ അധികകാലം വേണ്ടിവന്നില്ല. ഗ്രാമക്കുളം വൃത്തിയാക്കുന്നതിലേക്കും പുതിയ ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കും അത് വളരുകയും ചെയ്തു. മാലിക്യ നിർമാർജ്ജനം കർശനമായി നടപ്പാക്കിയതോടെ ഗ്രാമം മാലിന്യമുക്തമായി. ഒരിക്കൽ നഷ്ടപ്പെട്ട രുചിയും ആരോഗ്യവും ജൈവ രീതിയിൽ വിളയിച്ച പച്ചക്കറികളിലൂടെ വേങ്ങേരിയിലെ വീട്ടകങ്ങളിലേക്ക് മടങ്ങിയെത്തി.

Also Read: മഴക്കാലം കുരുമുളകിന് ദ്രുതവാട്ടത്തിന്റെ സമയം; തണ്ടുണങ്ങൽ രോഗത്തിനുള്ള പ്രതിവിധികൾ