ഇത് നാളെയുടെ കൃഷിരീതി, വെർട്ടിക്കൽ കൃഷി നൽകുന്ന ഹരിത വാഗ്ദാനം

നാളേയുടെ കൃഷിരീതിയെന്ന നിലയിൽ ലോകമൊട്ടാകെ പ്രചാരം നേടിവരുന്ന ഒന്നാണ് വെർട്ടിക്കൽ കൃഷിരീതി അഥവാ വെർട്ടിക്കൽ ഫാമിംഗ്. സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ കഴിയാത്ത കാർഷിക പ്രേമികൾക്ക് ഒരു അനുഗ്രഹമാണ് ഈ രീതി. സ്ഥന്മില്ലായ്മയുടെ പ്രശ്നങ്ങൾ മറികടക്കാന്‍ കാര്‍ഷിക വിളകളെ പലതട്ടിലായി കൃഷി ചെയ്യുന്നതാണ് വെര്‍ട്ടിക്കല്‍ കൃഷി രീതി.

കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടുന്നതിന് കർഷകരെ സഹായിക്കുന്ന ഈ രീതിയ്ക്ക് നഗരങ്ങളിൽ പ്രചാരം വർധിച്ചു വരികയാണ്. നഗരങ്ങളിലും മറ്റും ഫ്ലാറ്റുകളിൽ കൃഷി ചെയ്യാൻ ഏറെ ഫലപ്രദമാണ് ഈ രീതി. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലെ പ്രൊഫസറായ ഡിക്സൺ ഡെസ്‌പോണിമിയറാണ്‌ ഈ ആശയത്തിന്റെ ഉപജ്ഞാതാവ്‌. ഹരിതഗൃഹങ്ങളിൽ ചെടികൾ വളർത്തുന്നതിന് സമാനമാണ് വെർട്ടിക്കൽ കൃഷിരീതി. എന്നാൽ, മണ്ണിനുപകരം ചകിരിച്ചോറാണ്‌ ഉപയോഗിക്കുന്നതെന്ന് മാത്രം.

മൂന്ന് അടിയോളം പൊക്കത്തിൽ ഇരുമ്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്നതാണ് ഈ രീതിയിൽ ഏറെ പ്രചാരമുള്ളത്. ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേർക്കുന്നു. ഒരു ചെടിച്ചട്ടിയുടെ വിസ്തൃതിയിൽ നിർമിക്കുന്ന കൂടയ്ക്കുള്ളിൽ മുപ്പതോ നാല്പതോ തൈകൾ നടാനാകും എന്നതാണ് വെർട്ടിക്കൽ കൃഷി രീതിയുടെ മെച്ചം.

10 മുതൽ 15 കിലോ ഗ്രാം വരെ പച്ചക്കറി ഒറ്റ കൂടക്കുള്ളിൽ നിന്നും ലഭിക്കുകയും ചെയ്യും. ഉള്ളി, കിഴങ്ങ്, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ചീര എന്നിവ വെർട്ടിക്കൽ രീതിയിൽ കൃഷി ചെയ്യാൻ ഉത്തമമാണ്. 5 ല്‍ കൂടുതല്‍ തട്ടുകളിലായി വിളകള്‍ കുത്തനെ മുകളില്‍ മുകളിലായി വളര്‍ത്താം. ഇതില്‍ തന്നെ എറ്റവും താഴത്തെ തട്ടില്‍ മത്സ്യങ്ങളെ വളര്‍ത്തിയാല്‍ ഇത് വെര്‍ട്ടിക്കല്‍ അക്വാപോണിക്‌സായി മാറ്റുകയും ചെയ്യാം.

രാസവളങ്ങള്‍ ഒഴിവാക്കി ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതാണ് ഈ കൃഷി രീതിയില്‍ നല്ലത്. ചെടികളുടെ വേര് ഉറപ്പിക്കാന്‍ ചരല്‍ കല്ലുകള്‍, പെര്‍ലൈറ്റ്, വെര്‍മ്മിക്കുലേറ്റ്, ചകരിച്ചോര്‍ തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്നത്. ഏറ്റവും താഴത്തെ തട്ടില്‍ ശുദ്ധജല മത്സ്യങ്ങള്‍ വളര്‍ത്താം. വെള്ളത്തിനു മുകളില്‍ രണ്ടാമത്തെ തട്ടില്‍ അസോള വളര്‍ത്തന്നു. മൂന്നാമത്തെ തട്ടില്‍ മണ്ണിര വളര്‍ത്തി മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കാം.

നാലാമത്തെ തട്ടില്‍ കൃഷി ചെയ്യാം. എത് തരം വിളകളും ഇതില്‍ പരീക്ഷിക്കാവുന്നതാണ്. ഇതില്‍ മത്സ്യങ്ങളുടെ വിസര്‍ജ്ജ്യമാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. കൂടാതെ മണ്ണിര കമ്പോസ്റ്റിലെ വെര്‍മ്മിവാഷും ജൈവ വളമായി വെള്ളത്തില്‍ എത്തും. താഴത്തെ ടാങ്കില്‍ നിന്നും വളം ലയിപ്പിച്ച് ചെടികളില്‍ എത്തിയ ശേഷം വേരുകള്‍ അരിച്ച് ശുദ്ധമാക്കിയ വെള്ളം മത്സ്യങ്ങള്‍ക്ക് ലഭിക്കുന്ന കൃഷിയാണ് അക്വാപോണിക്‌സ്.

ലോകത്തെ ആശങ്കയിലാഴ്ത്തുന്ന ഹരിതഗ്രഹ പ്രഭാവത്തിനും ഒരു ബദലാണ് വെർട്ടിക്കൽ കൃഷിരീതി. കാർഷിക പ്രവർത്തനങ്ങളും വനവത്കരണം, മറ്റ് ഭൂവിനിയോഗങ്ങൾ എന്നിവയും ചേർന്ന് ഹരിതഗ്രഹ വാതകങ്ങളുടെ 21 ശതമാനമാണ് സംഭാവന ചെയ്യുന്നതെന്ന് 2017 ൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയാണ് ഈ വാതകങ്ങളിൽ പ്രധാനികൾ.

വെർട്ടിക്കൽ കൃഷിയുടെ പിതാവ് ഡിക്സൺ ഡെസ്പോമിയറുടെ വാക്കുകളിൽ പറഞ്ഞാൽ, വെർട്ടിക്കൽ ഫാമുകളിൽ കൃഷിക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ അളവ് ഗണ്യമായി കുറയുകയും അതുവഴി പുറന്തള്ളുപ്പെടുന്ന കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ഹരിതഗ്രഹ വാതകങ്ങളുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യുന്നു. ഈ രീതിയുടെ പ്രായോഗികത ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ടെങ്കിലും നാളേക്കായി ഒരു ഹരിത വാഗ്ദാനമാണ് വെർട്ടിക്കൽ കൃഷി മുന്നോട്ടുവക്കുന്നത്.

ഓരോ നഗരവും ഭക്ഷണത്തിൻറെ 10 ശതമാനം അകത്തളങ്ങളിൽ വെർട്ടിക്കൽ രീതിയിൽ വളർത്തിയാൽ ആ മാറ്റം 8,81,000 ചതുരശ്ര കിമീ കൃഷിയിടം സ്വതന്ത്രമാക്കുമെന്ന് ഡെസ്പോമിയർ ചൂണ്ടിക്കാട്ടുന്നു. അത് അന്തരീക്ഷത്തിൽ നിന്ന് 25 വർഷത്തെ കാർബൺ നീക്കം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം പറയുന്നു. 1980 കളിൽ പ്ലാന്റ് ഫാക്ടറികൾ എന്ന പേരിൽ വ്യാവസായികാടിസ്ഥാനത്തിൽ വെർട്ടിക്കൽ ഫാമുകൾ തുടങ്ങിയ ജപ്പാൻ ഇന്ന് വെർട്ടിക്കൽ കൃഷിയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ്.

Also Read: മുട്ടക്കോഴികൾക്കുള്ള മഴക്കാല പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Image: pexels.com