ഞാറ്റുവേല കൃഷിമേളയില്‍ താരമായി വിയറ്റ്നാം പ്ലാവ്; ഇനി വർഷത്തിൽ എല്ലാ ദിവസവും ചക്ക

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

ഞാറ്റുവേല കൃഷിമേളയില്‍ താരമായി വിയറ്റ്നാം പ്ലാവ്; ഇനി വർഷത്തിൽ എല്ലാ ദിവസവും ചക്ക. പാലക്കാട് ജില്ലാ യുവ ജൈവ കര്‍ഷകക്കൂട്ടായ്മയുടെ ഞാറ്റുവേല കൃഷിമേളയിയാണ് വിയറ്റ്‌നാം പ്ലാവിന് ഏറെ ആരാധകരെ ലഭിച്ചത്. കേരളത്തില്‍ അത്ര സുലഭമല്ലാത്തതും എല്ലാ സീസണിലും കായ്ക്കുന്നതുമായ വിയറ്റ്‌നാം ഇര്‍ലി പിങ്ക് പ്ലാവ് കൊല്‍ക്കത്തയിലാണ് കൂടുതലായി കണ്ടുവരുന്നത്.

രണ്ടര വര്‍ഷം കൊണ്ട് കായ്ഫലം നല്‍കിത്തുടങ്ങുന്ന ഇവ വലിയമരമായി വളരില്ല. പിങ്ക് നിറമുള്ള ചക്കയും ഇവയുടെ പ്രത്യേകതയാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഈ പ്ലാവ്. തായ്ലന്‍ഡ് ചാമ്പയാണ് കൃഷിമേളയിൽ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരിനം. കുരു കുറഞ്ഞയിനം കായകളാണ് തായ്‌ലന്‍ഡ് ചാമ്പയുടെ പ്രത്യേകത. വേഗത്തില്‍ കായ്ഫലം നല്‍കുന്നവയാണ് ഇവ രണ്ടുമെന്നതാണ് ജനപ്രീതിയ്ക്ക് കാരണമായത്.

കുറഞ്ഞ ഉയരത്തില്‍ മാത്രം വളരുന്ന കവുങ്ങായ ഇന്റര്‍ മംഗള, മുന്തിരി, പേര, നാസിയ പസന്ത് മാവ്, കുറഞ്ഞ അരക്കുള്ള ബഡ് പ്ലാവിനങ്ങള്‍ തുടങ്ങിവയും മേളയിലെ പ്രധാന ആകര്‍ഷണങ്ങളായി. നാല് ഫാമുകളില്‍നിന്നുള്ള വിവിധ പച്ചക്കറി വിത്തിനങ്ങള്‍, ബഡ് ഇനങ്ങള്‍, ഫലവൃക്ഷ തൈകള്‍, ഔഷധസസ്യങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനെത്തി.

പഴയ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം, വാണിജ്യമേള, ജന്മനക്ഷത്ര സസ്യപ്രദര്‍ശനം, ജൈവക്കൃഷി ബോധവത്കരണ ക്ലാസുകള്‍, മാമ്പഴപ്രദര്‍ശനം, ചക്കവിഭവങ്ങളുടെ പ്രദര്‍ശനം എന്നിവയും കൊഴുപ്പുകൂട്ടിയ മേളയ്ക്ക് ചൊവ്വാഴ്ച തിരശീല വീണു.

Also Read: മലപ്പുറത്തെ ഒരു ആൽമരത്തിന് നാട്ടുകാർ കൊടുത്ത മറക്കാനാകാത്ത സമ്മാനം!

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.