2030 ഓടെ ഇന്ത്യയുടെ ജലോപയോഗം ഇരട്ടിയാകുമെന്ന് പഠനം; കാർഷിക മേഖലയെ കാത്തിരിക്കുന്നത് കൊടും വരൾച്ച

2030 ഓടെ ഇന്ത്യയുടെ ജലോപയോഗം ഇരട്ടിയാകുമെന്ന് പഠനം; കാർഷിക മേഖലയെ കാത്തിരിക്കുന്നത് കൊടും വരൾച്ച. നിതി ആയോഗിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്തം ജലോപയോഗം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങളെ ഇത് വരൾച്ചയിലേക്ക് തള്ളിവിടുമെന്നും രാജ്യത്തിന്റെ ജിഡിപിയിൽ 6% ത്തോളം ഇടിവുണ്ടാക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

നിതി ആയോഗിന്റെ റിപ്പോർട്ടിൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ വരൾച്ചയിലൂടെ കടന്നു പോകുകയാണെന്നും വ്യക്തമാക്കുന്നു. 60 കോടിയോളം വരുന്ന ജനങ്ങൾ കടുത്ത ജല ദൗർലഭ്യം നേരിടുന്നവരാണ്. മാത്രമല്ല, ഓരോ വർഷവും രണ്ടുലക്ഷം പേർ ശുദ്ധജലം ലഭിക്കാത്തതു മൂലമുള്ള പ്രശ്നങ്ങളാൽ മരിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ മൊത്തം ജല ഉപയോഗത്തിൽ കൃഷിയുടെ പങ്ക് 50 ശതമാനത്തിൽ താഴെയായി കുറയ്ക്കണമെന്നും ഓറോ തുള്ളീയും കരുതലോടെ ഉപയോഗിക്കണമെന്നും പ്രമുഖ ശാസ്ത്രജ്ഞൻ കെ. കസ്തൂരി രംഗനും മുന്നറിയിപ്പ് നൽകുന്നു. സ്വതന്ത്ര ഏജൻസികളുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ജല ശ്രോതസുകളിൽ 70 ശതമാനവും മലിനീകരിക്കപ്പെട്ടവയാണെന്നും 122 രാജ്യങ്ങൾ ഉൾപ്പെട്ട കുടിവെള്ള ഗുണനിലവാര പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 120 ആം സ്ഥാനത്താണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

മൊത്തം ജലവിനിയോഗത്തിൽ ഏകദേശം 40-50 ശതമാനം മാത്രം കൃഷിക്കായി മാറ്റിവക്കുന്ന രാജ്യങ്ങളും ലോകത്തുണ്ടെന്നും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) മുൻ ചെയർമാൻ കൂടിയായ കസ്തൂരിരംഗൻ പറഞ്ഞു. കൂടുതൽ ഫലപ്രദമായ ജലസേചന മാർഗങ്ങളിലൂടെ നിലവിലെ 80-85 ശതമാനത്തിൽ നിന്ന് കാർഷിക മേഖലയുടെ ജലോപയോഗം 50 ശതമാനമോ അതിൽക്കുറവോ ആക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പൂക്കൾക്ക് ജീവൻ നൽകുന്ന ജാപ്പനീസ് അലങ്കാര പുഷ്പകലയായ ഇക്കബാനയെക്കുറിച്ച് അറിയാം

Image: pixabay.com