പ്ലാസ്റ്റിക്കിന് ഒരു ചരമഗീതവുമായി ഇന്ന് ലോക ഭൗമദിനം

പ്ലാസ്റ്റിക്കിന് ഒരു ചരമഗീതവുമായി ഇന്ന് ലോക ഭൗമദിനം. ഭൂമിക്ക് ഏറ്റവുമധികം നാശം വിതച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന് അന്ത്യം കുറിക്കണം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. 1907ല്‍ പ്ലാസ്റ്റിക്കിന്റെ വിപ്ലവകരമായ കടന്നുവരവോടെ തുടങ്ങിവച്ച വലിച്ചെറിയല്‍ സംസ്‌കാരം ഇന്ന് ഭൂമിയെത്തന്നെ വിഴുങ്ങാൻ ശേഷിയുള്ള പ്ലാസ്റ്റിക് മാലിന്യ കൂമ്പാരമായി മാറിക്കഴിഞ്ഞു.

ഭൂമിയിലെ ജീവന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കിക്കൊണ്ട് ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായിട്ടും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനോ രാജ്യങ്ങള്‍ പൂര്‍ണ്ണമായി പ്ലാസ്റ്റിക് രഹിതമാക്കാനോ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റുന്നതിനുമാണ് ഈ വര്‍ഷത്തെ ഭൗമദിനം ലക്ഷ്യമിടുന്നത്.

1969-ല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ സമാധാന പ്രവര്‍ത്തകന്‍ ജോണ്‍ മെക്കോണലിന്റെ നേതൃത്വത്തിലാണ് ഭൂമിയുടെ രക്ഷയ്ക്ക് ഭൗമദിനം എന്ന ആശയം മുന്നോട്ട് വക്കുന്നത്. 1970 ല്‍ ന്യൂയോര്‍ക്കിലായിരുന്നു ആദ്യ ഭൗമ ദിനാചരണം നടന്നത്. എന്നാല്‍ 1972ലെ സ്‌റ്റോക്‌ഹോം പരിസ്ഥിതി സമ്മേളനവും 1992ലെ ഭൗമ ഉച്ചകോടിയുമാണ് ഇരുപതാം നൂറ്റാണ്ടില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിരവികസനത്തിന്റെയും അനിവാര്യതയെ കുറിച്ച് ആഗോള തലത്തില്‍ ചര്‍ച്ചയ്ക്ക് വഴിതെളിച്ചത്. ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സര്‍ക്കാരുകളും നേതാക്കന്മാരും സന്നദ്ധസംഘടനകളും അന്നുമുതല്‍ ഭൂമിയിലെ ജൈവവൈവിധ്യത്തെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുവാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവരികയാണ്.

ആഗോള താപനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുക്കുക എന്നതാണ് ഇന്ന് ലോകത്തിനു മുന്നിലുള്ള മറ്റൊരു വലിയ വെല്ലുവിളി. ഇന്നത്തെ നിലയിൽ ആഗോള താപനം മുന്നോട്ട് പോയാല്‍ 21 നൂറ്റാണ്ടിന്റെ അന്ത്യമാകുമ്പോഴേക്കും അന്തരീക്ഷ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കും എന്നാണ് പ്രവചനം. അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചാല്‍ തന്നെ ഭൂമിയില്‍ ജീവനു വെല്ലുവിളിയാകും.പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന നിരവധി ദിനാചരണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട് ഇതില്‍ ഏറ്റവും പഴക്കം ചെന്നതാണ് ഭൗമദിനാചരണം.

Also Read: തളിർവെറ്റില കൃഷിയിൽ ലാഭം വിളയിക്കാം

Image: pixabay.com