പ്ലാസ്റ്റിക് വിപത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് ലോകമെമ്പാടും പരിസ്ഥിതി ദിനാഘോഷം

പ്ലാസ്റ്റിക് വിപത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് ലോകമെമ്പാടും പരിസ്ഥിതി ദിനാഘോഷം നടന്നു. എല്ലാ വർഷവും ജൂൺ 5 ന് ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്‍റെ ആതിഥേയ രാജ്യം ഇന്ത്യയാണ് എന്ന പ്രത്യേകതയുമുണ്ട്. “പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക,” എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമായി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് അപകടകരമാം വിധം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ ആചരണം.



ഈ മലിനീകരണം ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്‍റെ ലക്ഷ്യം.  കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

മണ്ണില്‍ 4000 മുതല്‍ 5000 വര്‍ഷം വരെ നശിക്കാതെ മണ്ണിൽ പുതഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക്കിലെ ചില വിഷാംശങ്ങള്‍ ജലത്തില്‍ കലര്‍ന്ന് ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലും എത്തുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്‌സിന്‍ എന്ന വിഷം വായു മലിനീകരണത്തിനും ക്യാന്‍സറിനും കാരണമാകുന്നുണ്ട്. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കുകളാണ് കൂടുതല്‍ അപകടകാരികൾ.

Also Read: കേന്ദ്ര സർക്കാരിന്റെ കാർഷിക ഇൻഷുറൻസ് പദ്ധതി പടിക്കുപുറത്താക്കി നിതീഷ് കുമാർ; ബിഹാറിന് സ്വന്തം കാർഷിക പദ്ധതി

Image: pixabay.com