കരാർ കൃഷി നിയമത്തിന്റെ മാതൃക അവതരിപ്പിച്ച് കേന്ദ്ര സർക്കാർ; ഇനി പന്ത് സംസ്ഥാനങ്ങളുടെ കോർട്ടിൽ

കർഷർക്ക് വരുമാനം ഉറപ്പാക്കുന്നതിൽ ഊന്നൽ നൽകുന്ന കരാർ കൃഷി നിയമത്തിന്റെ മാതൃക കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. കരാർ കൃഷമ്യ്ക്കൊപ്പം, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, ക്ഷീരോൽപ്പാദനം എന്നിവയും പുതിയ കരാർ കൃഷി നിയമത്തിന്റെ പരിധിയിൽ വരും.

കരട് കാർഷികോൽപ്പാദന കരാർ നിയമം 2018 അനുസരിച്ച് കരാർ കൃഷിയും അനുബന്ധ സേവനങ്ങളും അതത് സംസ്ഥാനങ്ങളിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി നിയമത്തിന്റെ പരിധിയ്ക്ക് പുറത്തായിരിക്കും. ഇതോടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 5 മുതൽ 10 ശതമാനംവരെ ഇടപാടുകൾ നടത്താനാവശ്യമായ ചെലവ് ലാഭിക്കാനാകും.

തർക്കങ്ങളോ കരാർ ലംഘനങ്ങളോ ഉണ്ടാകുന്നപക്ഷം അവ പരിഹരിക്കുന്നതിനായി തർക്കപരിഹാര സമിതികളും കരടു നിയമം ശുപാർശ ചെയ്യുന്നു. “ഇപ്പോൾ പന്ത് സംസ്ഥാനങ്ങളുടെ ബോട്ടിലാണ് കേന്ദ്രത്തിന്റെ കരാർ നിയമ മാതൃക അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തങ്ങളുടേതായ കരാർ കൃഷി നിയമങ്ങൾ തയാറാക്കാവുന്നതാണ്,” കരാർ നിയമത്തിന്റെ മാതൃക പുറത്തുവിട്ടുകൊണ്ട് കൃഷിമന്ത്രി രാധാ മോഹൻ പറഞ്ഞു.

2022 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന കേന്ദ്രസർക്കാറിന്റെ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനായി കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭൂമിയുടെ ഉടമയ്ക്ക് കൃഷിയിൽ താത്പര്യം നശിച്ചതും താത്പര്യവും കഴിവും ഉള്ളവർക്ക് കൃഷിഭൂമി സ്വന്തമായില്ലാത്തതുമായ പ്രതിസന്ധി മറികടക്കാൻ കരാർ കൃഷി നിയമം വേണമെന്നത് ധാരാളം ഭൂമി തരിശായി കിടക്കുന്ന സംസ്ഥാനത്ത് കാലങ്ങളായുള്ള ആവശ്യമാണ്.

Also Read: നല്ല വിലയും വിദേശ വിപണി സാധ്യതയും തികഞ്ഞ അവക്കാഡോ പഴം കൃഷി ചെയ്യാം

Image: pixabay.com