രാജ്യത്തെ കാല്‍ഭാഗം പ്രദേശത്ത് 20 മുതല്‍ 50 ശതമാനം വരെ മഴക്കുറവ്: കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കാലവര്‍ഷം ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തിന്റെ കാല്‍ഭാഗം പ്രദേശങ്ങളിലും മഴ ദൗര്‍ലഭ്യത. മധ്യപ്രദേശ്, മഹാരാഷ്ട്ര, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 20 മുതല്‍ 50 ശതമാനം വരെ വര്‍ഷപാതത്തില്‍ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തെ മൊത്തം പ്രദേശത്ത് ലഭിച്ച മഴയുടെ ശരാശരി എടുക്കുമ്പോള്‍ ആകെ ലഭിച്ചത് അഞ്ച് ശതമാനം മാത്രമാണ്.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്വഭാവികമായ വര്‍ഷപാതമാണ് കാലവര്‍ഷത്തിന് മുന്നോടിയായി പ്രവചിച്ചിരുന്നത്. എന്നാല്‍ ആദ്യപകുതി പിന്നിടുമ്പോള്‍ രേഖപ്പെടുത്തുന്ന ഈ മഴ ദൗര്‍ലഭ്യത രാജ്യത്തെ കാര്‍ഷികമേഖലയെ സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദന്‍ അജിത് റാനഡെ അഭിപ്രായപ്പെട്ടു.

//platform.twitter.com/widgets.js

അതേസമയം, മണ്‍സൂണിന്റെ ബാക്കിവരുന്ന കാലയളവില്‍ ശരാശരി വര്‍ഷപാതം പ്രതീക്ഷിക്കുന്നെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ ജെ രമേഷ് അറിയിച്ചു. നിലവില്‍ കര്‍ണ്ണാടകയിലും മറാത്ത വാഡയിലും മധ്യപ്രദേശിലും ലഭിക്കുന്ന മഴ അതിന്റെ സൂചനായണെന്നും രമേഷ് അഭിപ്രായപ്പെട്ടു. എന്നാല്‍ മഴലഭ്യതക്കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലെ വിരിപ്പുകൃഷിയെ (ഖരിഫ്) സാരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 98,457 ഹെക്ടര്‍ സ്ഥലത്തെ അപേക്ഷിച്ച് ഈ വര്‍ഷം 97,634 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് വിരിപ്പുകൃഷി നടക്കുന്നതെന്ന് കൃഷിമന്ത്രാലയത്തിന്റെ കണക്കുകളില്‍ തന്നെ വ്യക്തമാണ്. ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഇതേ കാലയളവിലുണ്ടായ വെള്ളപ്പൊക്കം കാലാവസ്ഥയുടെ തകിടംമറിയല്‍ കൂടി വ്യക്തമാക്കുന്നു.