അഷ്ടമുടി കക്കവാരല്‍: കായല്‍ത്തട്ടില്‍ നിന്ന് കോരുന്ന വിദേശനാണ്യം
കൊല്ലം ജില്ലയിലെ തെക്കുംഭാഗത്തിനടുത്ത് കായലോരഗ്രാമമായ പാക്കിസ്ഥാന് മുക്കിലെ നിവാസിയും മധ്യവയസ്കനുമായ സുധാകരന് പിള്ള കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അഷ്ടമുടി കായലില്‍ കക്കവാരല്‍ തൊഴിലിലേര്‍പ്പെട്ട് ഉപജീവനം നയിക്കുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം കക്കവാരലും സംസ്കരണവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വെളുപ്പിനാരംഭിച്ച വാരല്‍ കഴിഞ്ഞ് ഉച്ചയോടെ വീട്ടില്‍ തിരിച്ചത്തി വിശ്രമത്തിന് തയ്യാറെടുക്കുന്ന സമയത്താണ് സുധാകരനെ കാണാനായത്.
അഷ്ടമുടി കക്ക (clam) ഇന്ന് ലോകപ്രശസ്തമാണ്. മറൈന്‍ സ്റ്റീവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ (Marine Stewardship Council) സര്ട്ടിഫിക്കേഷന് കൂടി ലഭിച്ചതോടെ അഷ്ടമുടിക്കായലില്‍ നിന്ന് ശേഖരിച്ച് സംസ്കരിച്ചയക്കുന്ന കക്കയ്ക്ക് യൂറോപ്പ്, ജപ്പാന്, സ്പെയിന് എന്നിവിടങ്ങളില്‍പ്പോലും വാണിജ്യസാധ്യത കണ്ടെത്താനായി. പ്രതിവര്‍ഷം 13 കോടിയിലേറെ രൂപയുടെ വിദേശനാണ്യം ഇന്ത്യയ്ക്ക് കൈമാറുന്ന ഈ കക്ക ഉത്പാദനത്തില്‍ പ്രവര്‍ത്തിക്കുന്നത് അയ്യായിരത്തിലേറെപ്പേരാണ്.
കക്കവാരലും സംസ്കരണവും
ദിവസവും പുലര്‍ച്ചയ്ക്ക് മുമ്പാരംഭിക്കുന്ന കക്കവാരല്‍ (പറിക്കല്‍) ഉച്ചയോടടുപ്പിച്ച് പൂര്‍ത്തിയാക്കുന്നു. ഓരോ കുടുംബത്തിലേയും പുരുഷന്മാരാണ് വള്ളത്തില്‍ (തോണി) കായലിലൂടെ സഞ്ചരിച്ച് കക്ക ശേഖരിക്കുന്നത്. അവ തരംതരിച്ച്, പുഴുങ്ങി, മാംസം അടര്‍ത്തിയെടുത്ത് സംസ്ക്കരിച്ചെടുക്കുന്ന ജോലി സ്ത്രീകളും കുട്ടികളുമാണ് പ്രധാനമായും ചെയ്യുന്നത്. സ്വന്തമായി ഒരു തോണി കൈവശമുള്ള സുധാകരന് മറ്റൊരാളുടെ സഹായം കൂടി സ്വീകരിച്ചാണ് കക്കവാരുന്നത്.
കായലില്‍ നിന്ന് കക്കവാരുന്നത് മുങ്ങിവാരല്, കൊത്തിവലിക്കല്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ്. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് ശ്വാസം പിടിച്ച് കായലിനടിത്തട്ടിലുള്ള കക്ക വാരിയെടുക്കുന്ന പരമ്പരാഗത രീതിയും, തോണിയില്‍ കായലില്‍ പലയിടത്തായി നങ്കൂരമിട്ട് ബ്ലേഡ് ഘടിപ്പിച്ച പൈപ്പ് മണ്ണിലൂടെ നീക്കി അതിനറ്റത്തായി കൂട്ടിയിണക്കിയിരിക്കുന്ന വലയിലേക്ക് കക്കകള്‍ വലിച്ചെടുക്കുന്ന രീതിയും. ചെറുകക്കകള്‍ കുടുങ്ങാതിരിക്കാനായി കണ്ണിവലുപ്പം 40 മില്ലീമീറ്ററായ വല ഉപയോഗിക്കുന്നു. വലിപ്പത്തില്‍ തീരെ ചെറുതായ പൊടികക്കകളെ വെള്ളത്തിലേക്ക് തന്നെ തിരിച്ചിട്ട് സാമാന്യം വലിയവ മാത്രമാണ് ഇവര്‍ ശേഖരിക്കുന്നത്. സുധാകരനെപ്പോലെ ആയിരത്തിലേറെ ആളുകളാണ് പ്രതിദിനം കക്കവാരലിനിറങ്ങുന്നു.
ഈ ശേഖരിച്ച് കൊണ്ടുവരുന്ന കക്ക ശുചിയാക്കലാണ് അടുത്ത പ്രധാനപ്പെട്ട പ്രവര്‍ത്തനം. കക്ക ഉപ്പുവെള്ളത്തില്‍ എട്ട് മണിക്കൂര്‍ വെയ്ക്കുക എന്നതാണ് ആദ്യഘട്ടമായി ചെയ്യുന്നത്. കക്കയ്ക്കുള്ളിലേക്ക് ഉപ്പുവെള്ളം കടത്തിവിട്ട് അകം ശുദ്ദീകരിക്കുക എന്നതാണ് “കക്കയെ പട്ടിണിക്കിടല്‍” അഥവാ സ്റ്റാര്വേഷന് (Starvation) എന്ന പ്രവര്‍ത്തനം കൊണ്ടുദ്ദേശിക്കുന്നത്. പിന്നീട് കക്ക പുഴുങ്ങി മാസം അടര്‍ത്തിയെടുത്ത് വൃത്തിയാക്കിയശേഷം ബോക്സിലാക്കി ഏജന്റുമാര്‍ വഴി കയറ്റിയയക്കുന്നു. സ്ത്രീകളും കുട്ടികളുമായി നാലായിരത്തിലേറെ പേര് സംസ്കരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു.
മേഖലയിലെ പ്രതിസന്ധികള്‍
അഷ്ടമുടി കക്കയുടെ പ്രസിദ്ധിയും വാണിജ്യസാധ്യതയും അടിവരയിട്ട് പറയുമ്പോഴും പലയിടത്തും പറയാതെ പോകുന്ന മറ്റൊന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളാണ്. അതിലേറ്റവും പ്രധാനം കക്കയ്ക്ക് ലഭിക്കുന്ന വിലയാണ്, ഏറിയും കുറഞ്ഞുമിരിക്കുന്ന കക്കയുടെ വില കിലോയ്ക്ക് 100 രൂപമാത്രമാണെന്നത് മുഖ്യ പ്രശ്നമായി സുധാകന് പിള്ള വിലയിരുത്തുന്നു. 2016 വര്‍ഷത്തില്‍ 150 രൂപ ലഭിച്ചിരുന്നത് 100 രൂപയായി കുറഞ്ഞു.
കക്ക ലഭ്യതയാണ് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം. ദേശീയ ജലപാതയുടെ നിര്‍മ്മാണത്തിനായി കായലിന്റെ അടിത്തട്ട് താഴ്ത്തിയതിനെ തുടര്‍ന്ന് കായലില്‍ അങ്ങിങ്ങായി രൂപപ്പെട്ട മണ്‍തിട്ടകളും കായല്‍ മലിനീകരണവും കക്ക ലഭ്യതയില്‍ കാര്യമായ കുറവ് വന്നതായി പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. മണ്‍റോ തുരുത്തിന്റെ ടൂറിസം സാധ്യത മുന്നില്‍ക്കണ്ട് നിര്‍മ്മിക്കപ്പെട്ട റിസോര്‍ട്ടുകളും അടിത്തട്ടിനെ മൂടുന്ന തരത്തിലുള്ള മണ്ണ് വീഴ്ചയും കായലിലേക്ക് തള്ളുന്ന മാലിന്യവും ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ജീവിതത്തിലേക്ക് പകരുന്നത് അനിശ്ചിതാവസ്ഥയാണ്.
അനാരോഗ്യകരമാണെന്ന് പ്രസ്താവിക്കുമ്പോഴും കക്ക ശേഖരണത്തിനായി സ്ത്രീകളുള്‍പ്പെടെ മുങ്ങിവാരലില് ഏര്‍പ്പെടുന്നു. കക്ക സംസ്കരണം ആരംഭിക്കുന്നതിനായി വെളുപ്പിന് മൂന്ന് മണിമുതല്‍ പലരും പ്രവര്‍ത്തിക്കുന്നു. ഉപജീവനത്തില്‍ കണ്ടുകിട്ടിയ ഈ സാധ്യതയാണ് പലരേയും കഷ്ടപ്പാടുകളെ മറികടക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വാസ്തവം.
1990 കള്‍ മുതലാണ് അഷ്ടമുടിക്കായലില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കക്കവാരല്‍ ആരംഭിക്കുന്നത്. പ്രദേശിക കമ്പോളത്തില്‍ നിന്ന് മാത്രം 4 കോടിയിലേറെ രുപ കൈമാറുന്ന കക്കയുടെ വിദേശ സാധ്യത പ്രതിദിനം വര്‍ദ്ധിക്കുന്നു. ആഗോളതലത്തിലുള്ള കക്കയുടെ വിപണന സാധ്യതയാണ് ആയിരക്കണക്കിനാളുകളുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം കൊണ്ടുവന്നത്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കക്കയുടെ പ്രജനനകാലത്ത് പ്രദേശവാസികളാരും കായലിലിറങ്ങാറില്ല. സ്വയംപ്രഖ്യാപിത നിരോധനത്തിലൂടെ ജലജീവിയുടെ നിലനില്പിനും ഉത്പാദനത്തിനുമായി ഇവര്‍ ശ്രമിച്ചുപോരുന്നു. ഈ കായല്‍ സമ്പത്ത് സംരക്ഷിക്കാനായി കക്കവാരല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടൊപ്പം സര്‍ക്കാരും അണിചേര്‍ന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും പ്രദേശത്തിന്റെ സാമൂഹിക വികസത്തിലും കളമൊരുങ്ങും.
Also Read: കരിമീന്‍ കൃഷി: ശുദ്ധജലത്തിലും കായലിലും ഒരുപോലെ സാധ്യതകള്‍
സുധാകരന് പിള്ളയായി നടത്തിയ അഭിമുഖം: