കർഷകരുടെ ലോംഗ് മാർച്ച് യോഗിയുടെ തട്ടകത്തിലേക്ക്; ആയിരക്കണക്കിന് കർഷകർ ഇന്ന് ലഖ്നൗവിനെ ചുവപ്പു കടലാക്കും
കർഷകരുടെ ലോംഗ് മാർച്ച് യോഗിയുടെ തട്ടകത്തിലേക്ക്; ആയിരക്കണക്കിന് കർഷകർ ഇന്ന് ലഖ്നൗവിനെ ചുവപ്പു കടലാക്കും. മഹാരാഷ്ട്രയിലെ ഐതിഹാസിക വിജയത്തിന്റെ ആവേശമുൾക്കൊണ്ട് ഉത്തർപ്രദേശിലെ ഗോമതി നദീതീരത്തെ ലക്ഷ്മൺമേള മൈതാനിയിലാണ് ആയിരക്കണക്കിന് കർഷകർ അണിനിരക്കുന്ന ‘ചലോ ലഖ്നൗ’ പ്രതിഷേധം സംഗമിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹനയങ്ങൾക്കെതിരെ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
നേരത്തെ രിഫായിയാം ക്ലബ് മൈതാനിയിൽ നടത്താനിരുന്ന പ്രതിഷേധറാലിക്ക് ജില്ലാ പൊലീസ് അധികൃതർ അനുമതി നൽകിയില്ല. റാലി ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നായിരുന്നു വാദം. അനുമതി നൽകിയില്ലെങ്കിൽ വ്യാഴാഴ്ച കർഷകർ വിധാൻസഭയിലേക്ക് റാലി സംഘടിപ്പിക്കുമെന്ന് കിസാൻസഭ നേതാക്കൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ലക്ഷ്മൺമേള മൈതാനിയിൽ റാലിക്ക് അധികൃതർ അനുമതി നൽകുകയായിരുന്നു. അറുപത് ജില്ലകളിൽനിന്നുള്ള ഇരുപതിനായിരത്തോളം കർഷകരാണു മാർച്ചിൽ പങ്കെടുക്കുന്നത്.
സുൽത്താൻപുർ, അലഹബാദ്, വാരാണസി, ഗൊരഖ്പുർ, ചന്ദോലി, ലഖിംപുർ, ഇറ്റാവ, ബദോലി, കാസ്ഗഞ്ജ് എന്നിവിടങ്ങളിൽ നിന്ന് കർഷകർ ബുധനാഴ്ച തന്നെ ലഖ്നൗവിലേക്കുള്ള യാത്ര തുടങ്ങി. ലഖ്നൗവിൽ എത്തിയ കർഷകർ റെയിൽവേ സ്റ്റേഷൻ പരിസരത്തും ലക്ഷ്മൺമേള മൈതാനിയിലുമായി തമ്പടിച്ചിരിക്കയാണ്. കാർഷിക വിളകൾക്ക് ഉൽപ്പാദനച്ചെലവും അതിന്റെ പകുതിയും ചേർത്ത് താങ്ങുവില ഉറപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വൈദ്യുതിനിരക്ക് വർധനയും വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണവും പിൻവലിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
Image: Danish Siddiqui/Reuters