“കൃഷി സംരക്ഷിക്കലാണ് എന്റെ ജോലി, അത് സംരക്ഷിക്കും,” സിപിഐ(എം) നിലപാടിനു വിരുദ്ധമായി കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
“കൃഷി സംരക്ഷിക്കലാണ് എന്റെ ജോലി, അത് സംരക്ഷിക്കും,” സിപിഎം നിലപാടിനു വിരുദ്ധമായി കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി. വിഎസ് സുനില്‍കുമാർ രംഗത്ത്. കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും, എന്റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്. അത് ഞാന്‍ ചെയ്യുമെന്നും മന്ത്രി കാസര്‍ഗോഡ് മാധ്യമങ്ങളോട് പറഞ്ഞു. “നിലവില്‍ തന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിലാണ്, കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ എത്തിയിട്ടില്ല. ഫയല്‍ തന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.
വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്. എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും കൃഷി മന്ത്രി പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും മന്ത്രി ഉറപ്പുനൽകി. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലെ നെല്‍വയലുകള്‍ നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് വയല്‍കിളില്‍ നടത്തിവരുന്ന പ്രതിഷേധ സമരത്തിനെതിരെ സിപിഎം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. സമരപ്പന്തല്‍ കത്തിക്കലടക്കം, സമരത്തെ തളര്‍ത്താന്‍ സിപിഎം ശ്രമം നടത്തുന്നതായും ആരോപണം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കൃഷിമന്ത്രി സമരക്കാരെ പിന്തുണച്ച് രംഗത്തെത്തിയത്. സർക്കാർ നിലപാട് അനുകൂലമല്ലാത്ത സാഹചര്യത്തിൽ മാര്‍ച്ച് 25 മുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ വയല്‍കിളികള്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ബൈപ്പാസിനായി സ്ഥലമളക്കാന്‍ ദേശീയപാതാ അധികൃതര്‍ എത്തിയപ്പോള്‍ പ്രതിഷേധിച്ച കര്‍ഷകരെ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് നീക്കിയത് സംഘർഷത്തിന് കാരണമായിരുന്നു. കീഴാറ്റൂരിലെ നെല്‍വയല്‍, തളിപ്പറമ്പ് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണത്തിനായി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പ് വന്നതു മുതലാണ് കര്‍ഷകര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരത്തിനിറങ്ങിയത്.
Video: asianet news
Image: facebook
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|