ഭൗമസൂചികാ പദവിയും കാത്ത് മറയൂര്‍ ശര്‍ക്കരയും കാന്തല്ലൂര്‍ വെളുത്തുള്ളിയും ഉൾപ്പെടെ കേരളത്തിലെ തനത് കാർഷിക ഇനങ്ങൾ
ഭൗമസൂചികാ പദവിയും കാത്ത് മറയൂര്‍ ശര്‍ക്കരയും കാന്തല്ലൂര്‍ വെളുത്തുള്ളിയും ഉൾപ്പെടെ കേരളത്തിലെ തനത് കാർഷിക ഇനങ്ങൾ. കേരള കാര്‍ഷിക സര്‍വകലാശാലയാണ് കേരളത്തിലെ കൂടുതല്‍ തനത് കാര്‍ഷിക ഇനങ്ങള്‍ക്ക് ഭൗമസൂചികാപദവി നേടിയെടുക്കാനുള്ള നടപടിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. പത്ത് ഇനങ്ങളുടെ ഭൗമസൂചികാ പദവിക്കായാണ് സര്‍വകലാശാല അപേക്ഷ നല്‍കിയിരിക്കുന്നത്.
മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുള്ളി എന്നിവ രജിസ്ട്രേഷന്റെ അവസാന ഘട്ടത്തിലാണ്. എടയൂര്‍ മുളക്, കുറ്റിയാട്ടൂര്‍ മാങ്ങ, തിരൂര്‍ വെറ്റില, കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി, ഓണാട്ടുകര എള്ള്, അട്ടപ്പാടി തുവര, ആട്ടുക്കാര അമര, പന്തളം-തിരുവല്ല ശര്‍ക്കര എന്നിയും ഭൗമസൂചികാ പദവിക്കായി കാത്തിരിക്കുകയാണ്. ഇവയോടൊപ്പം അപേക്ഷ നല്‍കിയ നിലമ്പൂര്‍ തേക്ക് കാര്‍ഷികേതര ഇനമായതിനാല്‍ ജനുവരിയില്‍ തന്നെ പദവി നേടിയെടുത്തിരുന്നു.
സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഇതിനായി നടപടികളെടുക്കുന്നത്. ചെന്നൈയിലെ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്ട്രിയിലാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഭൗമസൂചികാ പദവി ലഭിച്ചാല്‍ ഈ ഇനങ്ങള്‍ക്ക് പ്രത്യേക ബ്രാന്‍ഡ് അനുവദിച്ചു കിട്ടുന്നതിനാൽ മറ്റാർക്കും ഒരു ഉത്പന്നമെന്ന നിലയിൽ ഇത് വിപണിയിൽ ഇറക്കാൻ കഴിയില്ല, അതോടെ അന്താരാഷ്ട്ര വിപണിയില്‍ അടക്കം വന്‍ വ്യാപാര സാധ്യതകൾ തുറന്നുകിട്ടുകയും ചെയ്യും.
കേരളത്തില്‍ ആദ്യമായി ഭൗമസൂചികാ പദവി സ്വന്തമാക്കിയത് 2005ൽ ആറന്മുള കണ്ണാടിയാണ്. നവര അരി, പാലക്കാടന്‍ മട്ട അരി, പൊക്കാളി അരി, മലബാര്‍ കുരുമുളക്, വയനാടന്‍ ജീരകശാലാ അരി, ചങ്ങാലിക്കോടന്‍ നേന്ത്രക്കായ എന്നിങ്ങനെ ഏറ്റവും കൂടുതൽ ഭൗമസൂചികാ പദവി കിട്ടിയത് കാര്‍ഷിക ഇനങ്ങള്‍ക്കാണ്. ഇതുകൂടാതെ 11 കരകൗശല വസ്തുക്കള്‍ക്കും കേരളത്തില്‍ ഭൗമസൂചികാ പദവി കിട്ടിയിട്ടുണ്ട്.
Also Read: വേനൽക്കാലത്ത് ചേന നട്ടാൽ… ചേനക്കൃഷിയുടെ സൂത്രങ്ങൾ
Image: marayurjaggeryonline.com