കടക്കെണി മൂലം മഹാരാഷ്ട്രയിൽ കർഷകൻ ആത്മഹത്യ ചെയ്തു; മരണത്തിന് ഉത്തരവാദി മോദി സർക്കാരെന്ന് ആത്മഹത്യാക്കുറിപ്പ്
കടക്കെണി മൂലം മഹാരാഷ്ട്രയിൽ കർഷകൻ ആത്മഹത്യ ചെയ്തു; മരണത്തിന് ഉത്തരവാദി മോദി സർക്കാരെന്ന് ആത്മഹത്യാക്കുറിപ്പ്. മഹാരാഷ്ട്രയിലെ യവത്മൽ സ്വദേശിയായ ശങ്കർ ബൗറോ ചായർ എന്ന 50 കാരനാണ് വിഷം കുടിച്ച് മരിച്ചത്. “ഞാൻ വലിയ കടക്കെണിയിലാണ്. അതുകൊണ്ട് ആത്മഹത്യചെയ്യുകയാണ്. നരേന്ദ്രമോഡി സർക്കാരാണ് ഇതിനുത്തരവാദി,” എന്നാണ് ശങ്കറിന്റെ കുറിപ്പിലുള്ളത്.
മരണം കഴിഞ്ഞ് 12 മണിക്കൂറായിട്ടും ശങ്കർബൗറോയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങാൻ വീട്ടുകാർ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി നേരിട്ടെത്തി തങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുകയോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം കൈമാറുകയോ ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വീട്ടുകാർ പറഞ്ഞു.
ഒമ്പത് ഏക്കർ ഭൂമിയിൽ പരുത്തികൃഷി ചെയ്തിരുന്നു ശങ്കർ ബൗറോ. ഇതിനായി 90,000 രൂപ സഹകരണ സംഘത്തിൽനിന്നും 300,000 രൂപ സ്വകാര്യ വ്യക്തിയിൽനിന്നും കടമെടുത്തിരുന്നു. മഹാരാഷ്ട്രയിലെ മിക്കജില്ലകളിലും വ്യാപിച്ച കൃഷി നാശം ശങ്കർ ബൗറോയുടെ കൃഷിയേയും ചതിക്കുകയായിരുന്നു. ഇതോടെ ലോൺ തിരിച്ചുവീട്ടാനാകാതെ കടക്കെണിയിലാകുകയായിരുന്നു ശങ്കറെന്ന് വീട്ടുകാർ പറയുന്നു.
മഹാരാഷ്ട്രാ സർക്കാർ 2017 ജൂണിൽ പ്രഖ്യാപിച്ച കാർഷിക വായ്പ എഴുതിത്തള്ളൽ പദ്ധതി ഇതുവരെ ഭൂരിപക്ഷം കർഷകർക്കും ലഭിച്ചിട്ടില്ലെന്ന് കർഷക സംഘടനാ നേതാക്കൾ ആരോപിക്കുന്നു. കൂടാതെ, ഡിസംബറിൽ പ്രഖ്യാപിച്ചിരുന്ന മറ്റ് ഇടക്കാലസഹായ നടപടികളും ദരിദ്രരായ കർഷകർക്കുപോലും ലഭിച്ചിട്ടില്ല. മഹാരാഷ്ട്രാ സർക്കാരിന്റെ നയങ്ങൾക്കെതിരെ കഴിഞ്ഞ മാസം കർഷകർ നടത്തിയ ലോംഗ് മാർച്ച് മുംബൈ നഗരത്തെ സ്തംഭിപ്പിച്ചിരുന്നു.
Also Read: കേരളം തരിശുനിലങ്ങളിൽ നിന്ന് നെൽപ്പാടങ്ങളെ തിരിച്ചുപിടിക്കും വിധം; പാരി റിപ്പോർട്ട്
Image: scroll.in