കറിവേപ്പിന്റെ വില പോലും ഇല്ലെന്നാണോ! എന്നാൽ കറിവേപ്പില കൃഷി അത്ര മോശം കാര്യമല്ല
കറിവേപ്പിന്റെ വില പോലും ഇല്ലെന്നാണോ! എന്നാൽ കറിവേപ്പില കൃഷി അത്ര മോശം കാര്യമല്ല. അടുക്കളയിലെ നിശബ്ദ സാന്നിധ്യമായ പഞ്ചമാവായാണ് കറിവേപ്പിലയെ മലയാളി അറിയുന്നത്. എന്നാൽ അവിയൽ, പുളിശ്ശേരി എന്നിങ്ങനെ കറികൾ എന്തായാലും കറിവേപ്പിലയിട്ടില്ലെങ്കിൽ മലയാളിയ്ക്ക് അതൊരു കുറവുതന്നെയാണ് താനും.
കേരളത്തിൽ വിലയില്ലാത്ത കറിവേപ്പില തമിഴ്‌നാട്ടിലെ കാരമടയിലും ആന്ധ്രയിലെ പെഡവഡലപുടി ഗ്രാമത്തിലുമൊക്കെ 1200 ഏക്കര്‍വരെ കൃഷിചെയ്യുപ്പെടുന്ന വമ്പനാണ്. വയറിളക്കം, ദഹനക്കുറവ്, പുളിച്ചുതികട്ടല്‍, അള്‍സര്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് ഉത്തമമാണ് കറിവേപ്പില. ഇതിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ തടയുന്നു. കൂടാതെ മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി നന്നായി വളരാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്.
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ഇന്‍സുലിന്‍ ഉല്‍പാദക കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നതും ഇലകളില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവയുടെ സാന്നിധ്യവും വേറെ. കറിയിൽ ഇടുന്നതിനൊപ്പം കറിവേപ്പിലകൾ ചവച്ചു കഴിക്കുകയോ ചമ്മന്തിയിലോ സംഭാരത്തിലോ അരച്ചോ ചതച്ചോ ഉപയോഗിക്കുകയോ വേണമെന്ന് പഴമക്കാർ പറയുന്നത് വെറുതയല്ലെന്ന് മനസിലായല്ലോ.
സാധാരണ ഗതിയില്‍ കുരു മുളപ്പിച്ച് തൈകളാക്കിയാണ് കറിവേപ്പില നടുന്നത്. ചെടിയുടെ ചുവട് ഭാഗത്തോട് ചേര്‍ത്ത് പൊട്ടുന്ന ചിനപ്പുകള്‍ വേരോടെ ഇളക്കിയെടുത്ത് നടാം. പകുതി മൂപ്പായ കമ്പുകള്‍ റൂട്ടിംഗ് ഹോര്‍മോണില്‍ മുക്കി വേരു പിടിപ്പിച്ചും നടാവുന്നതാണ്. സെന്‍ കാമ്പ, ധാര്‍വാഡ്-1, ധാര്‍വാഡ്-2 എന്നീയിനങ്ങള്‍ കൃഷിയ്ക്കായി പുറത്തിറക്കിയിട്ടുണ്ട്.
ഒരടി നീളം, വീതി, ആഴമുള്ള കുഴികളില്‍ മേല്‍മണ്ണ്, ചാണകപ്പൊടി , എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് മണ്ണ് മൂടി തൈകള്‍ നടണം. അത്യാവശ്യം വെയില്‍ കിട്ടുന്ന ഇടമായിരിക്കണം. തനിവിളയായി ചെയ്യുകയാണെങ്കില്‍ രണ്ട് ചെടികള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം കൊടുക്കണം. ചെറിയ ചെടികളില്‍ നിന്നും ഇലകള്‍ നുള്ളിയെടുക്കുന്നതിനാലാണ് അവ ശരിയായി വളരാത്തത്. ആയതിനാല്‍ ആറുമാസത്തേക്ക് ഇലകള്‍ വിളവെടുക്കരുത്.
ഒരു മീറ്റര്‍ ഉയരത്തില്‍ വളര്‍ന്നു കഴിഞ്ഞാല്‍ മണ്ട നുള്ളിക്കൊടുക്കാം. പിന്നീട് മുളയ്ക്കുന്ന പൊടിപ്പുകളില്‍ 5-6 എണ്ണം നിലനിര്‍ത്താം. ഓരോ വിളവെടുപ്പിനു ശേഷവും 20 കിലോ ചാണകപ്പൊടി കൊടുക്കണം. വേനലില്‍ നന്നായി നനച്ചു കൊടുക്കണം. വര്‍ഷത്തില്‍ 150 ഗ്രാം നൈട്രജനും 25 ഗ്രാം ഫോസ്ഫറസും 80 ഗ്രാം പൊട്ടാസ്യവും കിട്ടുന്ന രീതിയില്‍ വളങ്ങള്‍ രണ്ടോ മൂന്നോ തവണകളായി കൊടുക്കണം.
പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ് എന്നിവ ഇടയ്ക്കിടെ ഇലകളില്‍ തളിച്ചു കൊടുക്കാം. നീരൂറ്റിക്കുടിക്കുന്ന ചെറുകീടങ്ങളെ നിയന്ത്രിക്കാന്‍ രണ്ടുശതമാനം വീര്യത്തില്‍ വേപ്പെണ്ണ എമല്‍ഷന്‍, രണ്ട് ശതമാനം വീര്യത്തില്‍ വെര്‍ട്ടിസീലിയം -ശര്‍ക്കര മിശ്രിതം എന്നിവ ഇലകള്‍ കുളിര്‍ക്കെ തളിയ്ക്കാനും ശ്രദ്ധിക്കണം.
Image: pixabay.com