വെളുത്തുള്ളിക്കും കഷ്ടകാലം; വിലയിടിവിൽ നട്ടംതിരിഞ്ഞ് വെളുത്തുള്ളി കർഷകർ
വെളുത്തുള്ളിക്കും കഷ്ടകാലം; വിലയിടിവിൽ നട്ടംതിരിഞ്ഞ് വെളുത്തുള്ളി കർഷകർ. വെളുത്തുള്ളി വൻതോതിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരെയാണ് പ്രതിസന്ധി ഏറെ ബാധിച്ചിരിക്കുന്നത്. മാർച്ചിൽ കിലോയ്ക്ക് നൂറ് മുതൽ 120 രൂപ വരെ ലഭിച്ചിരുന്ന വെളുത്തുള്ളിയ്ക്ക് ഇപ്പോൾ 40 മുതൽ 80 രൂപയാണ് ലഭിക്കുന്നത്.
വിനോദസഞ്ചാര മേഖലയിലെ സീസൺ മുന്നിൽ കണ്ട് വിൽപന നടത്താതെ കരുതിവച്ചതും തമിഴ്നാട്ടിലെ പ്രമുഖ ചന്തകളിലേക്ക് മേട്ടുപ്പാളയും, കൂന്നൂർ, കൊടൈക്കനാൽ എന്നിവിടങ്ങളിൽ നിന്നും ടൺ കണക്കിന് വെളുത്തുള്ളി എത്തിയതും വില കുത്തനെ ഇടിയാൻ കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.
ഒരു വർഷം മുമ്പ് ഗുണമേന്മയുള്ള ഒരു കിലോ വെളുത്തുള്ളിക്ക് 200 മുതൽ 250 രൂപവരെ വില ലഭിച്ചിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് വിളവെടുത്ത വെളുത്തുള്ളിക്ക് 80 മുതൽ 120 രൂപവരെയായിരുന്നു വില. കേരളത്തിലെ കാന്തല്ലൂർ, വട്ടവട, ചിന്നക്കനാൽ എന്നിവടങ്ങളിൽ വിളയുന്ന വെളുത്തുള്ളിയുടെ ഗുണനിലവാരത്തെയും പാരമ്പര്യത്തെയും സംബന്ധിച്ച് കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ പഠനങ്ങൾവരെ നടക്കുന്നുണ്ട്.
ഒപ്പം ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷനായി മൂന്നാർ വെളുത്തുള്ളി എന്ന പേരിൽ ബ്രാൻഡ് ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുമ്പോഴാണ് വെളുത്തുള്ളിയ്ക്ക് ഈ ദുർഗതി. ഇൻഹേലിയം ഗാർലിക്ക്, റെഡ് ഇൻഹേലിയം ഗാർലിക്ക് എന്നിവയാണ് കാന്തല്ലൂരിൽ കൃഷി ചെയ്യുന്ന വെളുത്തുള്ളി ഇനങ്ങൾ. ഇവ മേട്ടുപാളയം പൂട്, സിംഗപ്പൂർ പൂട് എന്നീ പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.
Image: pixabay.com