പലവഴിയിൽ ആദായം നേടിത്തരും കൂവ കൃഷി; അറിയേണ്ട കാര്യങ്ങൾ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
പലവഴിയിൽ ആദായം നേടിത്തരുന്ന ഒന്നാണ് കൂവ കൃഷി. നല്ല ചൂടും ഈര്‍പ്പവുമുള്ള കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20 മുതൽ 30 ഡിഗ്രിവരെ, വര്‍ഷം തോറും 1500 മുതൽ 2000 വരെ മില്ലിമീറ്റര് മഴ എന്നിവയാണ് കൂവകൃഷിയ്ക്ക് ഉത്തമമായ സാഹചര്യങ്ങൾ. കൃഷി ചെയ്യുന്നതിനായി രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളില്‍ നിന്നുള്ള വിത്തുകൾ ശേഖരിക്കലാണ് ആദ്യപടടി.
നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണ് കിളച്ചൊരുക്കി 5 X 30 സെന്റീമീറ്റര്‍ അകലത്തില്‍ ചെറുകുഴികള്‍ എടുത്ത് മുകുളം മുകളിലാക്കി വിത്തുകൾ നടണം. ഈ മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലകള്‍ കൊണ്ടോ വൈക്കോല്‍ കൊണ്ടോ പുതയിടണം.
കളകള്‍ ആകെ കൃഷിസമയത്തില്‍ രണ്ടോ മൂന്നോ തവണ നീക്കം ചെയ്യേണ്ടതാണ്. കളകള്‍ നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ എന്‍.പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം ഒരു ഹെക്ടറിന് എന്ന തോതില്‍ നല്‍കേണ്ടതാണ്. കൂവ നട്ട് ഏകദേശം ഏഴു മാസമാകുമ്പോൾ വിളവെടുക്കാം.
ഇലകള്‍ കരിഞ്ഞ് അമരുന്നതാണ് വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുകള്‍ മുറിയാതെ താഴ്ത്തി കിളച്ചെടുത്ത് വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. കിഴങ്ങു കുടുംബക്കാരനായ കൂവയുടെ നീരില്‍നിന്നും ഉല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ഉൽപ്പന്നം. ആരോറൂട്ട് ബിസ്‌ക്കറ്റ് നിർമ്മാണ മേഖലയിൽ വൻ വിപണിയാണ് കൂവപ്പൊടിയ്ക്കുള്ളത്.
കൂടാതെ മറ്റ് ആരോഗ്യ പാനീയ പൊടികളിലും കൂവപ്പൊടി ചേര്‍ക്കാറുണ്ട്. 25 മുതല്‍ 28 വരെ ശതമാനംവരെ അന്നജവും മൂന്ന് ശതമാനത്തോളും നാരുകളും കൂവക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ളതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങള്‍ മാറാന്‍ പഴമക്കാർ കൂവ കാച്ചികുടിയ്ക്കുക പതിവാണ്.
തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകളുടെ പ്രധാന ഭക്ഷണമാണ് കൂവ കുറുക്കിയത്. കൂവപ്പൊടി പായസം, ഹല്‍വ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ഠമായ വിഭവളുണ്ടാക്കാന്‍ കൂവപ്പൊടി ഉപയോഗിക്കുന്നു. കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തില്‍ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്. മൂത്രാശയ രോഗങ്ങള്‍ക്കും കൂവ ഉത്തമമാണെന്ന് ആയുർവേദം പറയുന്നു.
Also Read: ജൈവ കീടനാശിനികളുടെ നല്ലകാലം വരുന്നോ? പുത്തൻ കീടനിയന്ത്രണ രീതിയുമായി എടിജിസി ബയോടെക്
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|