വാണിജ്യാടിസ്ഥാനത്തില്‍ ചെണ്ടുമല്ലി കൃഷി ചെയ്യാം

കേരളത്തില്‍ ഓണക്കാലത്താണ് പൂ വിപണി സജീവമാകാറെങ്കിലും സംസ്ഥാനത്തിന്റെ ഉത്സവവേളകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പൂക്കള്‍. ഈ അവസരങ്ങളില്‍ മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വാണിജ്യാടിസ്ഥാനത്തില്‍ വിവിധയിനം പൂക്കള്‍ കൃഷി ചെയ്യുന്ന തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ ഇതര സംസ്ഥാനങ്ങളെയാണ്. എന്നാല്‍ കേരളത്തില്‍ തന്നെ നമുക്ക് പൂക്കൃഷി ചെയ്യാം. കേരളത്തിന്റെ കാലാവസ്ഥക്ക് കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒന്നാണ് ചെണ്ടുമല്ലി (Marigold) കൃഷി. ചൂട് ഉള്ള സ്ഥലങ്ങളില്‍ ചെണ്ടുമല്ലിക്ക് നന്നായി വളര്‍ച്ചയും ഉത്പാദനശേഷിയും ഉണ്ടായിരിക്കും. ആഘോഷവേളകളില്‍ അലങ്കാരത്തിനാവശ്യമായ പുഷ്പങ്ങളുടെ ഇനത്തില്‍പ്പെട്ട ഒന്നാണ് ചെണ്ടുമല്ലി. സൂര്യകാന്തിയിനത്തില്‍ പെടുന്ന ചെണ്ടുമല്ലി പതിനാറാം നൂറ്റാണ്ടില്‍ മധ്യ അമേരിക്കയില്‍ വെച്ച് പോര്‍ച്ചുഗീസുകാരാണ് ആദ്യമായി കണ്ടെത്തുന്നത്. നേപ്പാളിലും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമായി വളരുന്ന ഈ പുഷ്പം ധാരാളം ഇതളുകളോട് കൂടി മഞ്ഞ, ഓറഞ്ച്, ഗോള്‍ഡ് എന്നീ നിറങ്ങളിലായി കാണപ്പെടുന്നു. അലങ്കാരപുഷ്പം എന്നപോലെത്തന്നെ പ്രസ്തുത വിഭാഗത്തിലുള്‍പ്പെടുന്ന പൂക്കളുടെ സത്ത് സുഗന്ധവസ്തുക്കളുടെ നിര്‍മ്മാണത്തിനും, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിറം പകരാനും ഉപയോഗിക്കുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ പൂക്കൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് നാടന്‍ വിത്തിനങ്ങളെക്കാള്‍ ഹൈബ്രിഡ് ഇനങ്ങളാണ് അനുയോജ്യം. ഉത്സവകാലങ്ങളിലെ വിപണിയിലേക്കാണ് കൃഷി ചെയ്യുന്നതെങ്കില്‍ മൂന്നു മാസം മുന്‍പുതന്നെ തൈകള്‍ നടുന്നത് ഉള്‍പ്പെടെയുള്ള പണികള്‍ ആരംഭിക്കണം. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്നതും ജലം കെട്ടി നില്‍ക്കാത്തതുമായ പ്രദേശമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. തൈകള്‍ ഉണ്ടാക്കുന്നവേളയില്‍ പ്രോട്രേയ് (Protray) സാങ്കേതികത്വം ഉപയോഗിക്കാം. വിത്തിന്റെ അളവ് കുറക്കുകയും രോഗങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യും എന്നതാണ് ഈ ന്യൂതന സാങ്കേതികവിദ്യയുടെ പ്രത്യേകത. ചെടിവിത്തുകള്‍ പ്രോട്രേയിലോ കപ്പിലോ മുളപ്പിച്ചെടുക്കുന്ന രീതിയാണിത്. ചകിരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മിക്കുലൈറ്റ്, പെര്‍ലൈറ്റ് എന്നിവ 4:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്താണ് പ്രോട്രേയ് നിറക്കാനുള്ള മിശ്രിതം തയ്യാറാക്കേണ്ടത്. പ്രോട്രേയിലെ ഓരോ കുഴിയിലും ഈ മിശ്രിതം നിറച്ച് ഓരോ വിത്ത് കുഴിച്ചിട്ടതിന് ശേഷം ഈര്‍പ്പം നില്‍കുന്ന വിധം നനച്ച് ഒരാഴ്ച സംരക്ഷിക്കുക. വിത്തു മുളപൊട്ടിയതിന് ശേഷം വളര്‍ച്ച കൂട്ടാനായി 19:19:19: എന്ന ജലേയവളം ഇലയില്‍ തളിച്ചുകൊടുക്കാം. ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ആഴ്ചയില്‍ രണ്ട് തവണയും ചെടിയുടെ വളര്‍ച്ച കൂടുന്നതിന് അനുസരിച്ചു 2 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും ഇലയില്‍ തളിക്കാം.

 

മുളച്ച പൊന്തിയ തൈകള്‍ മണ്ണിലേക്ക് മാറ്റിനടുന്നതാണ് അടുത്ത ഘട്ടം. ഇതിനായി കൃഷി സ്ഥലം ഒരുക്കുമ്പോള്‍ മണ്ണിന്റെ പുളിരസം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി തൈകള്‍ നടുന്നതിനു ഒരാഴ്ച മുന്‍പ് മണ്ണില്‍ ഒരു സെന്റിന് 2 കിലോഗ്രാം എന്നനിലയില്‍ കുമ്മായം/ ഡോളോമൈറ്റ് ചേര്‍ത്ത് ക്രമീകരിക്കണം. ഇങ്ങനെ മണ്ണ് ഒരുക്കുന്നത് കൊണ്ട് വാട്ടരോഗത്തില്‍ നിന്ന് ചെടിയെ സംരക്ഷിക്കാന്‍ കഴിയും. തുടര്‍ന്ന് ജൈവവളം ഉപയോഗിച്ച ഫലഭൂയിഷ്ഠി വര്‍ദ്ധിപ്പിച്ച മണ്ണിലേക്ക് ഒരു മാസത്തെ വളര്‍ച്ച എത്തിയ ചെണ്ടുമല്ലി തൈകള്‍ വരമ്പ് കീറി നടാം. വേര് മണ്ണില്‍ പിടിച്ചതിനു ശേഷം 19:19:19 എന്ന ഇലയില്‍ തളിക്കാവുന്ന ജലേയവളം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ഇലകളില്‍ സ്‌പ്രൈയര്‍ ഉപയോഗിച്ച് തളിച്ച് കൊടുക്കുക. പൂക്കള്‍ യഥാസമയം ഉണ്ടാകുന്നതിന് ഇങ്ങനെ ചെയ്യുന്നത് സഹായകമാകും. രണ്ടാഴ്ച ഇടവിട്ട് കള നീക്കുകയും വരമ്പിലേക്കു മണ്ണ് കയറ്റികൊടുക്കുകയും വേണം. 10 ദിവസം ഇടവിട്ട് 4 തവണ ജൈവവളം മണ്ണില്‍ ചേക്കണം. ബോറോണ്‍, സിങ്ക്, മഗ്‌നീഷ്യം എന്നിവ ഹൈബ്രിഡ് ഇനങ്ങളുടെ ഇലകളില്‍ തളിക്കുന്നത് സൂക്ഷ്മ മൂലകങ്ങളുടെ കുറവുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ നിന്ന് ചെടിയെ സംരക്ഷിക്കും. കൃത്യമായ വളപ്രയോഗവും ജലസേചനവും നല്ല സൂര്യപ്രകാശവും കിട്ടുകയാണെങ്കില്‍ 45 മുതല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ വിരിഞ്ഞ വിളവെടുപ്പിനായി തയ്യാറാകും. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ചെണ്ടുമല്ലി കൃഷിക്കും ഏറ്റവും അനുയോജ്യമായത്.