പപ്പായ പറിക്കാൻ കൈ ഒന്നുയർത്തിയാൽ മതി; പപ്പായ മരത്തെ കുള്ളനാക്കുന്ന എയർ ലെയറിങ് വിദ്യയുമായി വീട്ടമ്മ
പപ്പായ പറിക്കാൻ കൈ ഒന്ന് പൊക്കിയാൽ മതി; പപ്പായ മരത്തെ കുള്ളനാക്കുന്ന എയർ ലെയറിങ് വിദ്യയുമായി വീട്ടമ്മ. എറണാകുളം എടവനക്കാട് കൊല്ലിയിൽ വീട്ടിൽ നജ്മ മജീദാണ് പപ്പായയുടെ ഉയരം നിയന്ത്രിച്ചു നിര്‍ത്താനുള്ള എയർ ലെയറിങ് വിദ്യ അവതരിപ്പിക്കുന്നത്. പപ്പായ ചെടി മൂന്നടി കുറ്റിയായി നിലനിർത്തി തലപ്പ് കുറുകെ മുറിച്ചു കളയുകയാണ് ഈ രീതിയിലെ ആദ്യ പടി.
മുറിഭാഗം കേടാകാതിരിക്കാൻ ചട്ടിയോ പ്ലാസ്റ്റിക് കപ്പോകൊണ്ടു മൂടണം. കുറ്റിയിൽനിന്ന് കിളിർക്കുന്ന തളിർപ്പുകൾക്ക് രണ്ടുമൂന്നടി നീളമായാൽ പതിവച്ച് വേര് മുളപ്പിക്കാം. വിത്തു നട്ട് വളർത്തിയ ചെടിയാണെങ്കിലും മൂന്നു നാല് അടി ഉയരമായാൽ ലെയറിങ് ചെയ്യാം.
തളിർപ്പ് അല്ലെങ്കിൽ ചെടിയുടെ അഗ്രഭാഗത്തുനിന്ന് ഒന്ന്–ഒന്നരയടി ഇറക്കി നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് താഴെനിന്നു മുകളിലേക്ക് തണ്ട് പകുതി മുറിയുന്ന വിധത്തിൽ വിടവ് ഉണ്ടാക്കണം. ഈ വിടവിലേക്ക് തണ്ടിന്റെ വണ്ണത്തിന്റെയത്രയും നീളമുള്ള ഇല്ലിക്കഷണമോ, കമ്പോ കുറുകെ തള്ളിവച്ച് ഉറപ്പിക്കണം. പിളർന്ന ഭാഗം പിന്നീട് തണ്ടുമായി ചേരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഈ മുറിഭാഗത്താണ് ചെടി പുതുതായി വേരുകൾ മുളപ്പിക്കുന്നത്. വേരുകളുടെ വളർച്ച കൂട്ടാൻ നന്നായി കുതിർത്തെടുത്ത ചകിരിച്ചോർ ഉപയോഗിച്ച് മുറിഭാഗം പൊതിയണം. ചകിരിച്ചോറിനു പുറത്ത് സുതാര്യമായ പ്ലാസ്റ്റിക് ആവരണം നൽകി ബലപ്പെടുത്താം. താഴ്ഭാഗവും മുകൾഭാഗവും നേർത്ത വള്ളികൊണ്ടു ചുറ്റിമുറുക്കണം. 10–15 ദിവസം കഴിയുമ്പോൾ ചകിരിച്ചോറിനിടയിലൂടെ വെളുത്ത വേരുകൾ കാണാനാകും.
ഏതാണ്ട് ഒരു മാസം കഴിയുമ്പോൾ ഈ ഭാഗത്ത് നിറയെ വേരുകളാകും. അപ്പോൾ മുറിഭാഗത്തിനു താഴെവച്ച് ചെടി മുറിച്ചെടുത്ത് പ്ലാസ്റ്റിക് ആവരണം നീക്കിയശേഷം ചകിരിച്ചോറ് നീക്കാതെതന്നെ മണ്ണിലോ ചട്ടിയിലോ നട്ടു വളർത്താം. എയർ ലെയറിങ് ചെയ്തുണ്ടാക്കിയ പപ്പായച്ചെടി വിത്തു നട്ട് വളർത്തിയതിനേക്കാൾ വേഗത്തിൽ കായ്ക്കുമെന്ന മെച്ചവുമുണ്ട്. മാത്രമല്ല, ഉയരം കുറവായതിനാൽ പപ്പായ നിലത്തുവീണ് ചതഞ്ഞും പൊട്ടിയും നശിക്കുകയുമില്ല.
Also Read: അവരുടെ ഇലന്തപ്പഴം നമ്മുടെ ചൈനീസ് ആപ്പിൾ; പോഷകങ്ങളുടെ കലവറയായ ചൈനീസ് ആപ്പിളിനെക്കുറിച്ച് അറിയാം
Image: pixabay.com