മൊൺസാന്റോയെന്ന പേരില്ലാതാകാൻ ഇനി നാളുകൾ മാത്രം; പകരം വരുന്നത് ലോകത്തിലെ ഏറ്റവും വലിയ അഗ്രി ബിസിനസ് ഭീമൻ
മൊൺസാന്റോയെന്ന പേരില്ലാതാകാൻ ഇനി നാളുകൾ മാത്രം; പകരം വരുന്നത് ലോകത്തിലെ ഏറ്റവും വലിയ അഗ്രി ബിസിനസ് ഭീമൻ. ജർമൻ കമ്പനിയായ ബേയർ 63 ബില്യൺ ഡോളറിന് മൊൺസാന്റോ ഏറ്റെടുക്കുന്നതോടെയാണ് ജിഎം വിത്തുകളും പ്രതിഷേധങ്ങളും വഴി ലോക പ്രശസ്തമായ ഈ വ്യാപാരനാമം ഓർമയാകുന്നത്. ഈ ലയനം ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ അഗ്രി ബിസിനസ് കോർപ്പറേഷനെ സൃഷ്ടിക്കും. യുഎസിലും യൂറോപ്യൻ യൂണിയനിലും കമ്പനി ലയനത്തിനായുള്ള അംഗീകാരം നേടിക്കഴഞ്ഞതായാണ് റിപ്പോർട്ടുകൾ.
വിവിധ രാജ്യങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായലുടൻ 117 വർഷം പഴക്കമുള്ള മൊൺസാന്റോ ബ്രാൻഡ് നാമം ഉപേക്ഷിക്കുമെന്ന് ബേയിർ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് കെമിക്കൽസ് കമ്പനിയുടെ വക്താവ് വ്യക്തമാക്കി. ബേയർ കമ്പനിയുടെ പേര് മൊൺസാന്റോയുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും ഉപയോഗിക്കും. മൊൺസാന്റോ ഉത്പന്നങ്ങൾ അവരുടെ ബ്രാൻഡ് പേരുകൾ നിലനിർത്തുകയും ബയേർ ഉൽപ്പന്നങ്ങളുടെ കുടക്കീഴിലാകുകയും ചെയ്യുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
വിയറ്റ്നാമിലെ യുദ്ധത്തിൽ അമേരിക്ക ഉപയോഗിച്ചിരുന്ന ഏജന്റ് ഓറഞ്ച് എന്ന ഹെർബിസൈഡും ജനിതക മാറ്റം വരുത്തിയ വിളകളും മോൺസന്റോയെ എന്നും വിവാദങ്ങളുടേയും പ്രതിഷേധങ്ങളുടേയും കേന്ദ്രമാക്കിയിരുന്നു. 1901 ൽ മിസ്സൌറിയിലെ സെന്റ് ലൂയിസിൽ സ്ഥാപിക്കപ്പെട്ട കമ്പനിയെ അമേരിക്കൻ മുതലാളിത്തത്തിന്റെ തിന്മയുടെ മുഖമെന്നാണ് വിമർശകർ വിശേഷിപ്പിച്ചിരുന്നത്.
മൊൺസാന്റോ, ബേയർ ലയനത്തെ നരകത്തിലെ കല്യാണമെന്ന് കളിയാക്കുന്ന വിമർശകർക്ക് മറുപടി നൽകുമെന്ന് ബേയർ ചെയർമാൻ വെർണർ ബൂമൻ വ്യക്തമാക്കി. ഏറ്റെടുക്കലിനെതിരെ ഫ്രണ്ട്സ് ഓഫ് എർത്ത് നീണ്ട പ്രചാരണം തന്നെ നടത്തിയിരുന്നു. ബേയർ കമ്പനിയുടെ നീക്കം എതിരാളികളുടെ എണ്ണം വെട്ടിക്കുറച്ച്, ലോകമെങ്ങുമുള്ള കർഷകരുടെ മേലുള്ള നിയന്ത്രണം വർധിപ്പിക്കാനും അതിലൂടെ കാർഷിക രംഗത്തെ ഫെയ്സ്ബുക്ക് ആകാനും വേണ്ടിയാണെന്ന് ഫ്രണ്ട്സ് ഓഫ് എർത്ത് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
Image: pixabay.com