വാഴക്കുളം പൈനാപ്പിൾ വിഷമയമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; പ്രചാരണം പൈനാപ്പിൾ വിപണിയെ ബാധിക്കുമെന്ന ആശങ്കയുമായി കർഷകർ
വാഴക്കുളം പൈനാപ്പിൾ വിഷമയമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം; പ്രചാരണം പൈനാപ്പിൾ വിപണിയെ ബാധിക്കുമെന്ന ആശങ്കയുമായി കർഷകർ. കേരളത്തിലെ പൈനാപ്പിൾ കൃഷിയുടെ കേന്ദ്രമായ വാഴക്കുളത്തെ കർഷകരാണ് സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണം മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. വാഴക്കുളത്തെ പൈനാപ്പിളുകളിൽ അമിതമായ അളവിൽ കീടനാശിനി തളിക്കുന്നതായുള്ള വ്യാജപ്രചാരണമാണ് പൈനാപ്പിൾ വിപണിയ്ക്ക് ഭീഷണിയുയർത്തുന്നത്.
ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പൈനാപ്പിളിന്റെ 90% ത്തോളം അന്യസംസ്ഥാനങ്ങളിലേക്കും ഗൾഫ് മേഖലയിലേക്കും കയറ്റുമതി ചെയ്യുകയാണ്. കയറ്റുമതിയെ ജപ്രചാരണം പ്രതികൂലമായി ബാധിക്കുന്നതായി കർഷകർ പറയുന്നു. എറണാകുളം ജില്ലയിലുള്ള വാഴക്കുളത്ത് ഏതാണ്ട് 3500 കർഷകർ 8000 ഏക്കറിൽ 80,000 ടൺ വരെ പ്രതിവർഷം പൈനാപ്പിൾ ഉത്പാദിപ്പിക്കുന്നു.
പ്രതീക്ഷിച്ചതിലും ശക്തിപ്രാപിച്ച മഴയും നിപാ വൈറസ് പേടിയും തകർത്ത വിപണി പതിയെ ഉണർന്നുവരുന്നതിനിടെയാണ് ഇടിത്തീപോലെ സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണം ഉണ്ടായത്. തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവ പൈനാപ്പിൾ അല്ലെന്ന് സമ്മതിക്കുന്ന കർഷകർ മിതവായ അളവിൽ കീടനാശിനികളും വളങ്ങളും ഉപയോഗിക്കുന്നതായി സമ്മതിക്കുന്നു.
എന്നാൽ കീടനാശിനിയുടെ അളവ് കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ ‘പാക്കേജ് ഓഫ് പ്രാക്റ്റീസ്’ കർശനമായി പിന്തുടരുന്നതായും കർഷകർ അവകാശപ്പെടുന്നു. ഇവ സ്പ്രേ ചെയ്യുന്നത് വലിയതോതിൽ യന്ത്രവൽക്കരിക്കപ്പെട്ടതിനാൽ, ഇത് കാണുന്നവർക്ക് എൻഡോസൾഫാൻ പോലുള്ള എന്തോ തളിക്കുകയായിരിക്കും എന്ന് തെറ്റിദ്ധരിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും കർഷകർ ആരോപിക്കുന്നു.
വിപണിയിൽനിന്ന് റാൻഡം സാമ്പിളുകൾ ശേഖരിക്കാറുണ്ടെന്നും ലാബ് പരിശോധനകളിൽ ഇത്തരത്തിലുള്ള അമിത കീടനാശിനി സാന്നിധ്യം കാണാറില്ലെന്നും അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. വ്യാജപ്രചാരണം അരങ്ങുതകർക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് ആയിരക്കണക്കിന് കർഷകരും, കുടിയേറ്റ തൊഴിലാളികളും ഉൾപ്പെട്ട പൈനാപ്പിൾ വിപണിയെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു ജനവിഭാഗമാണ്.
Also Read: Rumours and fake social media campaign put Kerala’s pineapple farmers at risk
Image: pixabay.com