അലങ്കാരത്തിന് ഹരം പകരാൻ നട്ടു വളർത്താം ടോർച്ച് ജിഞ്ചർ
അലങ്കാരത്തിന് ഹരം പകരാൻ നട്ടു വളർത്താം ടോർച്ച് ജിഞ്ചർ. ഇഞ്ചി വര്‍ഗത്തില്‍പ്പെട്ട ടോർച്ച് ജിഞ്ചറിന് ആ പേരു കിട്ടാൻ കാരണം അതിമനോഹരമായ പന്തം പോലെ കത്തിനിൽക്കുന്ന പൂക്കൾ കാരണമാണ്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ടോർച്ച് ജിഞ്ചറിന് ഏറെ പ്രശസ്തി. പുഷ്പസംവിധാനത്തിന് പുറമെ പാചകത്തിലും ഈ പൂക്കൾ ഉപയോഗിക്കാറുണ്ട്.
സാധാരണയായി ചുവപ്പ്, പിങ്ക്, ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഇവയുടെ പൂക്കള്‍ കാണപ്പെടുന്നത്. ടോർച്ച് ജിഞ്ചർ കൃഷി ചെയ്യുന്നതിനു മുമ്പ് കൃഷിയിടത്തിൽ വേണ്ടത്ര പൊട്ടാസ്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഒരടി താഴ്ചയുള്ള തവാരണകളില്‍ മണ്ണുപരിശോധന നടത്തി വേണ്ടത്ര പൊട്ടാസ്യം ചേര്‍ത്ത കൂട്ടുവളമിട്ടിട്ടു വേണം കൃഷി തുടങ്ങാൻ.
കിഴങ്ങുകൾ നട്ടാണ് കൃഷി. ഭാഗികമായോ പൂര്‍ണമായോ തണലുള്ള സ്ഥലം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. കിഴങ്ങുകള്‍ വേര്‍പെടുത്തിനട്ടും പാകമായ ചെടികളുടെ വിത്തുപാകിയുമാണ് ഈ ചെടികളുടെ പ്രജനനം. പൂവിന്‍ തണ്ടുകള്‍ക്ക് രണ്ടുമുതല്‍ അഞ്ചു വരെ അടി നീളം കാണും.
പാകമായ പൂക്കളില്‍ നിന്ന് വിത്തുകള്‍ അടര്‍ത്തിയെടുത്ത് ഒരുരാത്രി വെള്ളത്തില്‍ കുതിര്‍ത്തുവച്ചതിനു ശേഷം ആറിഞ്ച് വ്യാസമുള്ള ചട്ടികളില്‍ നല്ലവണ്ണം ഉണക്കിപ്പൊടിച്ച ചാണകവും മണലും തുല്യഅളവില്‍ ചേത്തു മുക്കാലിഞ്ച് ആഴത്തില്‍ അകലത്തില്‍ പാകണം.
അതിനു ശേഷം പൂവാലി ഉപയോഗിച്ച് മണ്ണ് നനയ്ക്കണം. ചട്ടികള്‍ സുതാര്യവും നേരിയതുമായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി തണലില്‍ വയ്ക്കുക. മണ്ണ് എല്ലായ്‌പ്പോഴും നനവുള്ളതായിരിക്കാനും വെള്ളം കെട്ടിനിൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 6 മുതൽ 8 വരെ ആഴ്ചകള്‍ക്കുള്ളില്‍ വിത്തുകള്‍ മുളയ്ക്കും.
ഒരു ചെടിയിൽ നാല് ഇലകള്‍വരെ മുളച്ചാൽ തവാരണകളില്‍ മൂന്നടി അകലത്തില്‍ തൈകള്‍ പറിച്ചുനടാം. തവാരണകളില്‍ വേരോടിക്കഴിഞ്ഞാല്‍ കമ്പോസ്റ്റോ അഴുകി പൊടിഞ്ഞ കോഴിവളമോ മണ്ണുമായി ചേർത്ത് പതിയെ ഇളക്കണം. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം നനയ്ക്കാം.