ഇരുളടഞ്ഞു പോകുന്ന വെളിച്ചങ്ങൾ
കേരളത്തിൽ അരിയുടെ ലഭ്യത കുറയുകയും, വില വലിയ തോതിൽ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉൽപ്പാദനം കുറഞ്ഞു എന്നത് തന്നെയാണ് അരിയുടെ വില കൂടാനും ലഭ്യത കുറയാനുമായുള്ള പ്രധാന കാരണം. നെൽകൃഷി അദായകരമല്ല എന്ന കാരണം തന്നെയാണ് കൃഷിയിടത്ത് നിന്ന് കർഷകരെ പിന്തിരിയിപ്പിച്ചത്. ഒരുകാലത്ത് കേരളത്തിന്റെ കൃഷി ഭൂമിയുടെ മുപ്പത്തിരണ്ട് ശതമാനവും നെൽകൃഷി ആയിരുന്നു. എഴുപതുകളിൽ നെൽപ്പാട വിസ്തൃതി 881.47 ലക്ഷം ഹെക്ടർ ആയിരുന്നെങ്കിൽ ഇപ്പോൾ അത് ഏതാണ്ട് കുറഞ്ഞു 310.52 ലക്ഷം ഹെക്ടർ ആയിരിക്കുന്നു. നെൽപ്പാടങ്ങൾ നികത്തി തെങ്ങിൻ തോപ്പുകളും, കവുങ്ങിൻ തോട്ടങ്ങളും, റബ്ബര്‍ തോട്ടങ്ങളും ആയി മാറി കഴിഞ്ഞു. അരിക്കായി തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
കർഷകർ ഇന്ന് നെൽകൃഷിയെ പാടെ കൈ വിട്ടിരിക്കുന്നു എന്നുള്ളതാണ് അതിന് കാരണം, കാലാവസ്ഥ വ്യതിയാനം തന്നെയാണ് അതിനു ഒരു പരിധിവരെയുള്ള കാരണം. മനുഷ്യൻ പ്രകൃതിയോട് ചെയ്ത ചൂഷണത്തിന്റെ ഫലമായി മഴ ലഭിക്കേണ്ട കാലത്ത് വെയിലും, നെല്ല് കൊയ്തുണക്കേണ്ട സമയത്ത് മഴയും പെയ്ത് പ്രകൃതി പ്രതികരിച്ചു. ഇനി അഥവാ പ്രകൃതി മഴയും, വെയിലും, ഞാറ്റുവേലകളും കൃത്യമായ സമയങ്ങളിൽ നൽകി കൂടെ നിന്നാലും കർഷകന് നഷ്ടം തന്നെയാണ്, കാരണം വിത്തിന്റെ ചെലവ്, കൂലി, വളം, കീടനാശിനി, യന്ത്രങ്ങളുടെ വാടക എന്നിങ്ങനെയുള്ള എല്ലാ ചെലവകള്ക്കും ശേഷം ഏകദേശം നൂറ്റിമുപ്പതു ദിവസത്തോളം ഉള്ള കര്‍ഷകന്റെ അദ്ധ്വാനം, കൊയ്തെടുത്തു വിൽക്കാൻ ചെല്ലുമ്പോൾ അവനു കിട്ടുന്നത് കൂട്ടിയും കിഴിച്ചും നോക്കിയാൽ നഷ്ടം മാത്രം. നെല്ല് കിലോഗ്രാമിന് 19 രൂപയില്‍ നിന്ന് 22.50 രൂപയായി സംഭരണ വില ഉയര്‍ത്തി പ്രഖ്യാപിച്ച കഴിഞ്ഞ വർഷം, കർഷകന് 16 രൂപയാണ് കയ്യിൽ കിട്ടിയത്. രണ്ടേക്കറിൽ മുപ്പതു കിന്റലിന് കൃഷി ചെയ്ത കർഷകന് ലഭിച്ചത് അമ്പതിനായിരം രൂപ മാത്രം. ഒരു ഏക്കറില്‍ കൃഷിയിറക്കാൻ പന്ത്രണ്ടായിരം വരെ ചെലവുള്ളപ്പോൾ ആണ് ഈ അവസ്ഥ. ഒരു സർക്കരുദ്യോഗസ്ഥനോ, കച്ചവടക്കാരനോ, ഓട്ടോറിക്ഷക്കാരനോ ലഭിക്കുന്ന വേദനത്തിന്റെ പകുതി പോലും നെൽ കർഷകന് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഏറ്റവും ചുരുങ്ങിയത് 50 രൂപക്ക് ദിവസവും ഫോണിൽ റീചാർജ് ചെയ്യുന്നവർക്ക് കടയിൽ ചെന്ന് അരി വാങ്ങുമ്പോൾ വില വലിയ പ്രശനം തന്നെയാണ്.
ഇത്തരം പ്രതിസന്ധികളിൽ പെട്ട് പരാജിതരായി നെൽ കൃഷി ഉപേക്ഷിച്ചവർ തന്നെയാണ് ഇന്ന് ഏറെയും, നെൽ വയലുകൾ റബ്ബർ, വാഴ തുടങ്ങിയ വാണിജ്യ കൃഷികൾക്ക് വഴി മാറി കൊടുത്തു. പലരും വയൽ നികത്തി വീട് വെച്ചു, ഏക്കറാകണക്കിനു കൃഷി ഭൂമികൾ തരിശുഭൂമികളായി കിടക്കുന്നു. പല കർഷകരും കൃഷി ചെയ്തു പിടിച്ചു നിൽക്കാനാവാതെ ജീവനൊടുക്കി. കർഷകരുടെ അധ്വാനത്തിനും മുതൽ മുടക്കിനും മാന്യമായ വില ലഭിക്കുന്നില്ല, മാറി മാറി വരുന്ന സർക്കാരുകൾ നെൽകൃഷിയെയും കർഷകനെയും കാക്കാൻ പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാം എവിടെ വെച്ചു ചോർന്നു പോകുന്നു? ചൈന പോലുള്ള രാജ്യങ്ങൾ കാർഷിക മേഖലയിലേക്ക് വലിയ കുതിച്ചു ചാട്ടം നടത്തുമ്പോൾ, ഇവിടെ വിത്തുകളുടെയും കാർഷിക യന്ത്രങ്ങളുടെയും കണ്ടുപിടുത്തത്തിൽ എത്ര മാത്രം പുരോഗതിയുണ്ടന്നു പരിശോധിക്കേണ്ടതാണ്. നെൽകൃഷിയോടു മുഖം തിരിച്ചു നിൽക്കുന്നതിന്റെ രാഷ്ട്രീയം എന്താണ്? ഭൂമാഫിയകളുടെയും കുത്തകകളുടെയും കൃഷിഭൂമിയിലേക്കു നീളുന്ന കണ്ണുകൾ? ഇതൊക്കെ നാം ചോദിക്കേണ്ട വർത്തമാനകാല ചോദ്യങ്ങളാകുന്നു. എത്രയോ കാലമായി ചെയ്തു വരികയും ആത്മാവ് കൃഷി ഭൂമിയോടു ഒട്ടികിടക്കുകയും ചെയ്യുന്നു എന്ന ഒറ്റ കാരണം കൊണ്ട് ഇന്നും നെൽ കൃഷി മുറുകെ പിടിക്കുന്ന വളരെ ചെറിയൊരു വിഭാഗം കർഷകരുണ്ട്. മറ്റു ഏതു തൊഴിൽ ചെയ്തു ജീവിക്കുന്നവനെ പോലെ തന്നെ നെൽകർഷകനും അവന്റെ കുടുംബത്തിനും മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂടെ ഉത്തരവാദിത്തമാണ്, അപ്പോൾ പ്രകൃതിയോട് ഇണങ്ങിയുള്ള കൃഷിയിലേക്കു കർഷകർ തിരിച്ചു വരിക തന്നെ ചെയ്യും. ചേറിലും, മഴയിലും, വെയിലിലും പണിയെടുത്ത് മണ്ണിൽ മനസ്സും ശരീരവും അർപ്പിച്ചു സ്വപ്നം നട്ടുവർത്തുന്നവരെ കാണാതെ പോയാൽ,അറിയാതെ പോയാൽ നമ്മുടെ ഈ നാട്ടു വെളിച്ചം എന്നേക്കുമായി ഇരുളടഞ്ഞു പോകും.