ഊഷരഭൂമിയെ കതിരണിയിച്ച, 75കാരനായ കർഷകന്റെ കഥ!

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചെങ്കല്ലെടുത്ത് വർഷങ്ങളായി ഉപയോഗശൂന്യമായ ക്വാറി പ്രദേശത്ത് അത്യദ്ധ്വാനത്തിലൂടെ പച്ചപ്പൊരുക്കിയ എഴുപത്തഞ്ചുക്കാരനായ കർഷകന്റെ കഥയാണിത്. പുൽകാടുകൾ പിടിച്ച് കൃഷിയോഗ്യമല്ലാതായി തീർന്ന ഭൂമിയെ കൃഷിയോഗ്യമാക്കിയെടുത്തത് പാലക്കാട് ജില്ലയിലെ കുമ്പിടി ശ്രീദേവി നിലയത്തിലെ ശശിന്ദ്രനാണ്.

Also Read: ആനന്ദത്തോടൊപ്പം ആദായവും പകരുന്ന പ്രാവ് വളർത്തലിൽ മൊയ്തീൻ ശ്രദ്ധ നേടുന്നു

രണ്ട് ഏക്കറോളമുള്ള വരട്ടിപ്പള്ളിയാൽ എന്ന സ്ഥലത്തെ പാറപ്രദേശം നാല് വർഷം മുൻപാണ് ശശിന്ദ്രൻ കൗതുകപൂർവ്വം വാങ്ങിയത്. കല്ലെടുത്ത് അഞ്ചാൾ പൊക്കത്തിൽ വൻ കുഴിയായി മാറിയ ചെങ്കൽ ക്വാറി വാങ്ങിയപ്പോൾ നാട്ടിലൊരുപാട് പേർ കളിയാക്കിയെങ്കിലും, ശശിന്ദ്രൻ തളര്‍ന്നില്ല. കഠിന പ്രയത്നത്തിലൂടെ ആ ഊഷരഭൂമിയെ അദ്ദേഹം പച്ചപ്പിന്റെ വിഥിയിലേക്ക് വീണ്ടെടുത്തു. തെങ്ങും വാഴയും ഫലവൃക്ഷങ്ങളും മരങ്ങളുമൊക്കെ ഈ കർഷകൻ അദ്ദേഹം ഈ സ്ഥലത്ത് ഇതിനകം വെച്ചുപിടിപ്പിച്ചു.

ചെങ്കല്‍ ക്വാറി കൃഷി, തെങ്ങ് കൃഷി, കശുമാവ് കൃഷി
ശശീന്ദ്രന്‍ ചെങ്കല്‍ ക്വാറിയില്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍.

തെങ്ങുകള്‍ പലതും കായ്ച് തുടങ്ങിയ സാഹചര്യത്തില്‍, ശശീന്ദ്രന്‍ സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം നൂറോളം മാവ് ഗ്രാഫ്റ്റുകളും, അൻപതോളം കശുമാവ് ഗ്രാഫ്റ്റുകളും, ആനക്കര കൃഷിഭവന്റെ സഹായത്തോടെ വെച്ച് പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്വാറിയുടെ ഒരു ഭാഗത്ത് കുഴിച്ച കുളത്തിൽ മഴക്കാലത്ത് ശേഖരിക്കപ്പെടുന്ന മഴ വെള്ളമാണ് വേനലിന്റെ കാഠിന്യത്തിൽ വിളകൾക്ക് തെളിനീർ പകരുന്നത്. കെ എസ് ഇ ബി യിൽ നിന്നും വിരമിച്ച ജീവനക്കാരനാണ് ശശീന്ദ്രൻ.

Also Read: കോവിഡ് പ്രതിസന്ധി: ചമയം മാറ്റി കിഴങ്ങ് കൃഷിയിലേക്കിറങ്ങി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ

ഗിരീഷ് അയിലക്കാട്

അഗ്രിക്കൾച്ചർ അസിസ്റ്റന്റ് കൃഷിഭവൻ, ആനക്കര ഫോണ്‍: 9745632828