പുസ്തകത്തിനും പെൻസിലിനുമൊപ്പം വിത്തും കൈക്കോട്ടും; പുത്തൻ ജൈവകൃഷി മാതൃകയുമായി ചെന്നൈയിലെ സ്കൂളുകൾ
പുസ്തകത്തിനും പെൻസിലിനുമൊപ്പം വിത്തും കൈക്കോട്ടും; പുത്തൻ ജൈവകൃഷി മാതൃകയുമായി ചെന്നൈയിലെ സ്കൂളുകൾ. ചെന്നൈ കോർപ്പറേഷന് കീഴിലുള്ള തെരഞ്ഞെടുത്ത നൂറ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് പഠനത്തോടൊപ്പം കൃഷിയും പഠിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. മട്ടുപ്പാവ് കൃഷിയിൽ വിദഗ്ദരായ ചെന്നൈയിലെ ചില സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിശീലനം നൽകുന്നത്.
ദേശീയ ഹരിത സേനയിലും പരിസ്ഥിതി ക്ലബ്ബുകളിലും അംഗങ്ങളായ നാൽപ്പത് വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. 25 ഇനം വിത്തുകളും ഇവ നടാൻ ആവശ്യമായ ചട്ടികളും പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകുക. സ്കൂളിന്റെ ടെറസിലോ സ്കൂൾ വളപ്പിലെ തുറസായ സ്ഥലത്തോ കുട്ടികൾക്ക് കൃഷി ചെയ്യാമെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥയായ മഹേശ്വരി രവികുമാർ പറയുന്നു.
ഓരോ സ്കൂളിലും പദ്ധതി ഏകോപിപ്പിക്കുന്നതിനായി ഒരു അധ്യാപകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ കൃഷി ചെയ്ത് വിളയിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കൂടുതൽ വിളവ് ലഭിക്കുന്ന പക്ഷം വിൽപ്പനയും നടത്താനായി ഒരു സ്റ്റുഡന്റ് ബസാർ തുടങ്ങാനും പദ്ധതിയുണ്ട്.
കച്ചവടത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെയുമൊക്കെ ബാലപാഠങ്ങൾ കുട്ടികൾക്ക് മനസിലാക്കാൻ ഇത് ഉപകാരപ്പെടുമെന്നും മഹേശ്വരി പറഞ്ഞു. കോർപ്പറേഷൻ നഗരത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിൽ നിന്നുണ്ടാക്കുന്ന കംപോസ്റ്റാണ് സ്കൂളുകളിലെ പച്ചക്കറി തോട്ടത്തിൽ വളമായി ഉപയോഗിക്കുക. കൃഷിയിൽ നിന്നും വരുമാനം ലഭിച്ചു തുടങ്ങിയാൽ സ്കൂളുകളിൽ ഒരു കംപോസ്റ്റ് പദ്ധതിയും അധികൃതരുടെ പരിഗണനയിലുണ്ട്.
വരും വർഷങ്ങളിൽ പച്ചക്കറി തോട്ടം വ്യാപിപ്പിക്കാനും ശാസ്ത്രീയമായ കൃഷി രീതിയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്താനും പദ്ധതി സഹായിക്കുമെന്നും മഹേശ്വരി പറയുന്നു. സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന ചെന്നൈ നഗരത്തിൽ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കാനും മാലിന്യ നിർമാർമാർജ്ജനം ഫലപ്രദമാക്കാനും വേണ്ടിയാണ് പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചത്.
Also Read: വനം വകുപ്പുമായി സഹകരിച്ച് 5000 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപിപ്പിക്കാൻ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ