കൃഷി സംസ്ഥാന വിഷയം; രാജ്യാന്തര കാർഷിക കരാറുകൾ ഒപ്പിടും മുമ്പ് കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൃഷി സംസ്ഥാന വിഷയം; രാജ്യാന്തര കാർഷിക കരാറുകൾ ഒപ്പിടും മുമ്പ് കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന കാർഷിക വിലനിർണയ ബോർഡും കൃഷിവകുപ്പും ചേർന്നു സംഘടിപ്പിച്ച രാജ്യാന്തര കാർഷിക വ്യാപാര, സ്വതന്ത്രവ്യാപാര കരാറുകൾ സംബന്ധിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറുകളിൽ ഏർപ്പെടുന്നതിനു മുൻപ് ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചന വേണം. പാർലമെന്റിൽ നിന്ന് അംഗീകാരവും നേടിയിരിക്കണം. മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന്റെ രാജ്യാന്തര കരാർ (റീജനൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്) ചർച്ചകൾ നടക്കുമ്പോഴും സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിട്ടില്ല. ഈ കരാർ മത്സ്യ, ക്ഷീര, കൃഷിമേഖലകളെയെല്ലാം ബാധിക്കും. റബർ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര ക്ലസ്റ്ററിൽ കേരളത്തിലെ ഒരു ജില്ല പോലുമില്ല. വാഴപ്പഴം ക്ലസ്റ്ററിലും കേരളമില്ല.
കശുവണ്ടി, കുരുമുളക്, നാളികേരം, തേയില എന്നിവയ്ക്കു ക്ലസ്റ്റർ രൂപീകരിച്ചിട്ടില്ല. റബറിന്റെ കാര്യത്തിലും കേരള താൽപര്യത്തിനു വിരുദ്ധമായാണു കേന്ദ്രം പ്രവർത്തിക്കുന്നത്. ഇറക്കുമതിക്കു മേലുള്ള ചുങ്കം ഉയർത്താൻ കേരളം ആവശ്യപ്പെട്ടെങ്കിലും നിലവിലുണ്ടായിരുന്ന നാമമാത്രമായ ചുങ്കം കൂടി എടുത്തുകളയുകയും അനിയന്ത്രിത ഇറക്കുമതി അനുവദിക്കുകയുമാണു കേന്ദ്രം ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
റബറിനെ കാർഷിക വിളയായി അംഗീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ഓർമിപ്പിച്ചു. പറഞ്ഞു. റബർ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
Also Read: റബര്‍ നെഞ്ചത്തടിച്ചപ്പോൾ റംബുട്ടാൻ കൈപിടിച്ചുയർത്തിയ കഥ പറയുന്നു ടിഎം മാമ്മൻ
Image: pixabay.com