കൃഷിയും കാലിവളര്‍ത്തലും: വളപ്രയോഗത്തെക്കുറിച്ചുള്ള ചില വീക്ഷണങ്ങള്‍

കൃഷി എന്നത് കേവലം വിളകളുടെ ഉത്പാദനം മാത്രമല്ല. മണ്ണും ജലവും സസ്യങ്ങളും മറ്റു ജീവജാലങ്ങളും അടങ്ങുന്ന ഒരു പരസ്പര സഹവര്‍ത്തിത്വ വ്യവസ്ഥകൂടിയാണ്. ഈ മനസ്സിലാക്കലിലും അതിനനുസരിച്ചുള്ള സമീപനത്തിലും പ്രയോഗത്തിലും കര്‍ഷകന്‍ വിജയിക്കുമ്പോള്‍ മാത്രമാണ് പരിസ്ഥിതി സൗഹൃദം സാദ്ധ്യമാക്കാന്‍ കഴിയുക.

കാലിവളര്‍ത്തല്‍ കാര്‍ഷികവൃത്തിയെ എത്രത്തോളം സ്വാധീനിക്കുന്നു?

ഓര്‍ഗാനിക് കൃഷി മാത്രമല്ല ഇനോര്‍ഗാനിക് കൃഷി നടത്തുന്നവര്‍ക്കും കാലിവളര്‍ത്തല്‍ ഒഴിവാക്കാന്‍ സാധിക്കില്ല. കാരണം പോഷകസമൃദ്ധമായ വളം അത് സൂക്ഷിക്കുന്ന രീതിയെ, കൈകാര്യം ചെയ്യുന്ന രീതിയെ, കാലിത്തീറ്റയുടെ പോഷക ഗുണങ്ങള്‍, കാലികള്‍ കഴിക്കുന്ന പച്ചപ്പുല്ലിന്റെ അളവിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു. കാലിവളത്തില്‍ ചേര്‍ക്കുന്ന മറ്റു വസ്തുക്കളുടെ ഗുണവും അനുസരിച്ചിരിക്കും അതിന്റെ നൈട്രജന്‍ അളവിന്റെ സമൃദ്ധി. അതോടൊപ്പം കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന മണ്ണിലെ നൈട്രജന്‍ അളവും പരിശോധിച്ചറിയണം. ഏതു കൃഷിയാണോ നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നതും ഈ പരിശോധനാ സമയത്ത് തീര്‍ച്ചപ്പെടുത്തി വേണം മണ്ണും വളവും  കൃഷിയും ബന്ധപ്പെടുത്തി പോഷകം ചേര്‍ക്കല്‍.

MANURE DM AMMONIUM N P K
പന്നി NB 18 6 10 9 8
പന്നി WB  18 5 6 7 7
കന്നുകാലി NB 52 7 21 14 23
കന്നുകാലി WB  50 8 21 18 26
ഡയറി NB  18 4 9 4 10
ഡയറി WB  21 5 9 4 10
ഷീപ്പ് NB  28 5 18 11 26
ഷീപ്പ് WB  28 5 14 9 25
കോഴി NB  45 26 33 48 34
കോഴി WB  75 36 56 45 34
ടര്‍ക്കി NB  22 17 27 20 17
ടര്‍ക്കി WB  29 13 20 16 13
കുതിര WB  46 4 14 4 14
കോഴി കമ്പോസ്റ്റ്  45 1 17 39 23
ഡയറി കമ്പോസ്റ്റ്  45 1 11 11 10

DM: Dry Matter, NB: No Bed, WB: With Bed

കൃഷിക്ക് കോഴിവളം

ഏകദേശം 20-25 എണ്ണം പ്രായപൂര്‍ത്തിയായ കോഴികള്‍ ഒരു വര്‍ഷം ഒരു ടണ്‍ കോഴിവളം തരുമെന്നാണ് ഒരു ഏകദേശ കണക്കുകൂട്ടല്‍. ഒരു ടണ്‍ കോഴിവളത്തില്‍ നിന്നും ഏകദേശം 18 kg നൈട്രജനും, 27 kg ഫോസ്ഫറസ്സും, 18 kg പൊട്ടാസ്യവും 4 kg സള്‍ഫറും ലഭിക്കുന്നു എന്നാണു പരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരേക്കറില്‍ ഒരു സീസണല്‍ കൃഷിക്ക് കോഴിവളം മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഏകദേശം 3 ടണ്‍ എന്ന കണക്കിന് ഈ വളം ചേര്‍ക്കേണ്ടി വരുമെന്നാണ് കാര്‍ഷിക വിദഗ്ദരുടെ അഭിപ്രായം. അങ്ങിനെ വന്നാല്‍ കോഴി വളര്‍ത്തല്‍ മേല്‍പറഞ്ഞ സംഖ്യയുടെ മൂന്നിരട്ടിയാക്കിയാല്‍ ആ പ്രശ്നം ഏകദേശം പരിഹരിക്കാം. പക്ഷെ സമ്മിശ്ര കൃഷി രീതിയില്‍ മറ്റു വളങ്ങളും കൂടെ ചേരുന്നത് കൊണ്ട് അത്രയും ആവശ്യമില്ലെന്നിരിക്കെ ഒരേക്കറിന് ഏകദേശം 40 കോഴികള്‍ വളര്‍ത്തുന്നത് വലിയ തോതില്‍ മണ്ണിലേക്ക് പരമാവധി ആവശ്യമായ NPK എത്തുന്നതിനെ സഹായിക്കും. എങ്കില്‍ കോഴി വളര്‍ത്തല്‍ മാത്രം പോരെയെന്ന് ചോദിച്ചാല്‍ പോരാ എന്നുതന്നെയാണ് ഉത്തരം. കാരണം വിവിധങ്ങളായ സൂഷ്മ ജീവികളുടെയും വിവിധ തരത്തിലുള്ള പോഷകങ്ങളും ലഭിക്കണമെങ്കില്‍ വിവിധ രീതിയിലുള്ള വളപ്രയോഗം മണ്ണിലേക്ക് ചെന്നെത്തുക തന്നെ വേണം.

കാലിവളത്തിന്റെ ഗുണമേന്മകള്‍

വിദേശ രാജ്യങ്ങളില്‍ അത്യുത്പാദനം നടത്തുന്ന കൃഷിയിടങ്ങളില്‍ 25 ടണ്‍ വരെയാണ് കാലിവളം ഒരേക്കര്‍ മണ്ണിലേക്ക് നിക്ഷേപിക്കുന്നത്. അതായത് കാലിവളം കൊണ്ട് ഒരു ബെഡ് തന്നെ അവര്‍ തയ്യാറാക്കുന്നു. അതോടെ ഏകദേശം ഒരടി ആഴത്തില്‍ വരെ മേല്‍ മണ്ണ് പോഷകം കൊണ്ട് സംബന്നമാക്കുകയാണ് അവര്‍ ചെയ്യുന്നത്. 25 ടണ്‍ ഡയറി വളം ചേര്‍ക്കുന്നതോടെ 40 കിലോ നൈട്രജന്‍ മണ്ണില്‍ ചെന്നുചേരും എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ നിര്‍ദ്ദേശ പ്രകാരം 27 കിലോ നൈട്രജന്‍ മതിയാകും. അതും കൂടാതെ വായുവിലൂടെയും ജലത്തിലൂടെയും ഉണ്ടായേക്കാവുന്ന മണ്ണൊലിപ്പ് തടയുന്നതിനായി കമ്പോസ്റ്റ് മള്‍ച്ചിംഗ് നടത്തി മണ്ണിനെ സദാ സമയവും ഈര്‍പ്പമുള്ളതാക്കി മാറ്റി സംരക്ഷിക്കുകയും അവ വര്‍ഷാവസാനത്തോടെ വീണ്ടും വളമായി മാറുകയും ചെയ്യുന്നു.

ഒരു ഏകദേശ കണക്കു മനസ്സിലാക്കുന്നതിനു ഒരു ടണ്‍ ചാണകത്തില്‍ നിന്ന് 3% നൈട്രജനും 2% ഫോസ്ഫറസും, 1% പൊട്ടാസ്യവും ലഭിക്കുമെന്ന പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതാകട്ടെ ആ ഫാമിലെ പശുക്കള്‍ക്ക് കൊടുത്ത തീറ്റയുടെ പോഷകങ്ങള്‍ അനുസരിച്ചും ഇരിക്കുന്നു. അതും കൂടാതെ മറ്റു എന്‍സൈമുകളും മൈക്രോ ഒര്‍ഗനിസവും അതില്‍ അടങ്ങിയിട്ടുണ്ട്, അത് മണ്ണിന്റെ ഘടന മാറുന്നതിനു സഹായിക്കുന്നു. അപ്പോള്‍ പോലും കൃഷി ഭൂമിയില്‍ മുന്നെതന്നെ ബാക്ടീരിയകളുടെ അളവും മണ്ണിരകളുടെ അളവും വളരെ ശോഷിച്ച നിലയില്‍ ആണെങ്കില്‍ മണ്ണില്‍ വളമെത്ര ചേര്‍ത്താലും ഫലം ലഭിക്കാതെയും വരാം. അങ്ങിനെ വന്നാല്‍ വിളകളെയും വിളവുകളേയും ബാധിക്കാം.

ഓര്‍ഗാനിക് കൃഷി രീതി അങ്ങിനെയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന ഘട്ടത്തിലാണ് അതിനൊരു മഹത്തായ പരിഹാരമെന്ന നിലയില്‍ ഇന്ത്യന്‍ ഓര്‍ഗാനിക് ഗവേഷകര്‍ ലോകത്താദ്യമായി മണ്ണിലെ ബാക്ടീരിയകളെ വളരെ പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്ന രീതി അതായത് അള്‍ട്രാ ഫാമിംഗ് പോഷക നിര്‍മ്മാണ രീതി കണ്ടുപിടിച്ചിരിക്കുന്നത്. ഈ രീതി കൃഷിക്കുവേണ്ട പോഷകങ്ങള്‍ വളരെയെളുപ്പത്തില്‍ സസ്യങ്ങളിലേക്ക് എത്താന്‍ സഹായിക്കുന്നു എന്നതാണ് നാളിതുവരെ ഓര്‍ഗാനിക്ക് കൃഷി രീതിയില്‍ ഉണ്ടാകാതിരുന്ന ഒരു മുന്നേറ്റത്തിനു ഇപ്പോള്‍ വഴിതുറന്നിരിക്കുന്നത്.

Also Read: തിരിച്ചടയ്ക്കാത്ത കർഷക വായ്പകളും എഴുതിത്തള്ളിയ കർഷക സ്വപ്നങ്ങളും;  ഒരു ചരിത്ര രേഖ

മറ്റൊരു ഗുണകരമായ കാര്യമെന്തെന്നാല്‍ അള്‍ട്രാ സൊലൂഷന്‍ കൃഷിക്ക് മുന്‍പായി മണ്ണില്‍ സ്പ്രേ ചെയ്യുന്നതോടെ മണ്ണിലെ അപകടകാരികളായ ബാക്ടീരിയകളെയും വൈറസ്സുകളെയും തുരത്താനുള്ള കഴിവ് ഈ അള്‍ട്രാ സൊലൂഷന് ഉള്ളതുകൊണ്ട് തുടര്‍ന്ന് നടത്തുന്ന കൃഷിചെടികള്‍ക്ക് അത്തരം സൂഷ്മ ജീവികളുടെ അക്രമത്തില്‍ നിന്നും രക്ഷ നേടാന്‍ കഴിയും. ഇത് ചാണകം കൃഷിയിടത്തില്‍ നിക്ഷേപിക്കുന്നതിന് മുന്‍പായി ചാണകത്തില്‍ മിക്സ് ചെയ്യ്തു ഒരാഴ്ച മൂടിയിടുന്നതോടെ അതിലുള്ള അപകടകാരികളായ സൂഷ്മ ജീവികളെയും തുരത്താന്‍ സഹായിക്കുന്നു. അതുമാത്രമല്ല ഈ അള്‍ട്രാ സൊലൂഷനിലുള്ള ഉപകാരികളായ സൂഷ്മ ജീവികള്‍ ഈ ചാണകത്തെ വളരെ പെട്ടെന്ന് ഡീ കമ്പോസ് ചെയ്തു സസ്യങ്ങള്‍ക്ക് വളരെയെളുപ്പം വലിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലാക്കി മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനവും നടത്തുന്നുണ്ട്.

പശുക്കള്‍ എത്രമാത്രം വളം ഒരു ദിവസം തരുന്നു എന്നത് അവയ്ക്കു നല്‍കുന്ന തീറ്റ ക്രമം അനുസരിച്ചിരിക്കും. എങ്കിലും നമ്മുടെ നാട്ടില്‍ ഏകദേശം നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന പശുക്കള്‍ക്ക് ഒരു ദിവസം 25 കിലോ തീറ്റ നല്‍കുന്നുണ്ടെങ്കില്‍ 15-20  കിലോ വളം ഒരു ദിവസം ലഭിച്ചേക്കാമെന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കും. അതോടൊപ്പം 3 ലിറ്റര്‍ മൂത്രവും ലഭിക്കുന്നു. നമ്മുടെ നാട്ടില്‍ പരമ്പരാഗതമായി കാലിവളര്‍ത്തല്‍ നടത്തുന്നവര്‍ക്ക്‌ ഏകദേശം അഞ്ചോ ആറോ കിലോ മാത്രമേ ചാണകം ലഭിക്കാന്‍ വഴിയുള്ളൂ, തീറ്റ അത്രമാത്രം കുറവാണ് പശുക്കള്‍ക്ക് ലഭിക്കുന്നത്. സാധാരണഗതിയില്‍ ചാണകത്തിന്റെ സൂക്ഷിപ്പ് വേണ്ട രീതിയില്‍ അല്ലാത്തതു കാരണം അതിന്റെ പോഷകങ്ങളില്‍ വലിയൊരു ഭാഗം തൊഴുത്തിന് പിന്‍ഭാഗത്തുള്ള വളക്കുഴി മണ്ണിലേക്ക് ലീച്ച് ചെയ്തു പോകാനും സാദ്ധ്യതയുണ്ട്.

തീറ്റക്രമവും വളര്‍ത്തു പരിചരണ രീതിയും  അനുസരിച്ചാണ് ചാണകത്തിന്റെ തൂക്കവും ചാണകത്തിലെ മൂലകങ്ങളുടെ അളവും വര്‍ദ്ധിക്കുക എന്നത് ഇതോടൊപ്പം മനസ്സിലാക്കണം. അത് വളത്തിന്റെ കാര്യത്തില്‍ മാത്രമല്ല അവയുടെ പാലുത്പന്നങ്ങളും, തൂക്കവും അടുത്ത തലമുറയിലെക്കുള്ള മെച്ചപ്പെട്ട ഗുണപരമായ പകര്‍ന്നുനല്‍കലുമെല്ലാം വളര്‍ത്തുരീതിയെ ആശ്രയിച്ചിരിക്കുന്നു.

ആ നിലയ്ക്ക് ഏകദേശം 4 ടണ്‍ വളം ഒരു വര്‍ഷം ഒരു പശുവില്‍ നിന്ന് ലഭിക്കുന്നു. 25 ടണ്‍ വളം പ്രതീക്ഷിക്കുന്നുവെങ്കില്‍ നാലോ അഞ്ചോ പശുക്കള്‍ വേണ്ടി വരും. പശു ഉത്പാദിപ്പിക്കുന്ന ചാണകത്തിന്റെ അളവ് മനസിലാക്കിയാല്‍ തന്‍റെ കൃഷിഭൂമിക്കും വിളവുകള്‍ക്കും വേണ്ടിവരുന്ന പശുക്കളുടെ എണ്ണം എത്ര വേണമെന്നത് നിശ്ചയിക്കാന്‍ സാധിക്കും. ഒരു സമ്മിശ്ര കൃഷി നടത്തുന്ന കര്‍ഷകന് രണ്ടോ മൂന്നോ പശുക്കള്‍ മതിയാകും. കാരണം പശുവില്‍ നിന്നല്ലാതെയും മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയും സസ്യങ്ങളുടെയും കമ്പോസ്റ്റ് വളങ്ങള്‍ കൃഷിയിടത്തില്‍ തയ്യാറാക്കുന്നു എന്നതുകൊണ്ട്‌.

കൃഷി പരിപാലനം നടത്തുന്നവര്‍ അവരുടെ കൃഷിക്കാവശ്യമായ എല്ലാ വളങ്ങളും അവരുടെ കൃഷിയിടങ്ങളില്‍ തന്നെ ഉത്പാദിപ്പിക്കുകയാണ് നല്ലത്. അതാണ്‌ ഗുണവും. ഓരോ വളങ്ങളും അതുണ്ടാക്കേണ്ട രീതിയും അതിന്റെ ഗുണമേന്മയും അതിലെ പോഷകങ്ങളുടെ അളവും എന്തെല്ലാമെന്ന വിദ്യാഭ്യാസമാണ് കാര്‍ഷിക വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പഠിപ്പിക്കേണ്ടത്. അവരോടൊപ്പം നിന്നുകൊണ്ടുവേണം ഈ വിദ്യാഭ്യാസം ചെയ്യിക്കല്‍ നടത്തേണ്ടത്.

പശുവിന്‍ചാണകത്തില്‍ 3% നൈട്രജനും 2% ഫോസ്ഫറസ്സും 1% പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. (3-2-1 NPK). ആട്ടിന്‍ കാഷ്ട്ടത്തില്‍ 1.5-1.2-0.5 NPK. ഒരു കോഴി ഏകദേശം 400-450 ഗ്രാം വരെ പൊട്ടാസിയം തരുന്നുണ്ട് എന്നാണു മറ്റൊരു പഠനം സൂചിപ്പിക്കുന്നത്. ഓരോ പഠനവും വ്യത്യസ്ഥമാകുന്നതിന്റെ കാരണം ഓരോ ഫാമിലെയും പരിചരണം അനുസരിച്ചിരിക്കണം.

Also Read: കന്നുകാലി വളര്‍ത്തല്‍: ഫാമുകളുടെ ഭൗതിക സൗകര്യ വികസനം

Venugopal Madhav

Farming Consultant, Kerala +91 9447462134 [email protected]