കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഈ ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍, സാമ്പത്തിക മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. മൃഗസംരക്ഷണമേഖലയുടെ കാര്യവും ഇതില്‍ നിന്നും വിഭിന്നമല്ല. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ തീറ്റയുടെ ലഭ്യതക്കുറവ്, മുട്ട, ഇറച്ചി, പാല്‍ തുടങ്ങിയ ഉല്പന്നങ്ങളും വളര്‍ത്തുമൃഗങ്ങളെയും വിറ്റഴിക്കുന്നതിനായുള്ള പ്രയാസം എന്നിവയാണ് മൃഗസംരക്ഷണമേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍. തീറ്റക്ഷാമം നേരിടുകയും വിപണനം നടക്കാതെയാവുകയും വന്നതോടെ എഗ്ഗര്‍ നഴ്‌സറികളും ബ്രോയ്‌ലര്‍ യൂണിറ്റുകളും അടങ്ങുന്ന കോഴി വളര്‍ത്തല്‍ മേഖല പൂര്‍ണമായും സ്തംഭനത്തിലാണ്. ആട്, പോത്ത്, പന്നി വളര്‍ത്തല്‍ മേഖലയിലും മാംസവിപണിയിലും സ്തംഭനം തന്നെയാണ്. വിപണനം കുറഞ്ഞതോടെ മില്‍മ ക്ഷീരസഹകരണ സംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ക്ഷീരകര്‍ഷകരെ വലിയ തോതില്‍ ബാധിച്ചിരുന്നു. കര്‍ഷകര്‍ പാല്‍ റോഡിലൊഴുക്കി പ്രതിഷേധിച്ച വാര്‍ത്തയും കണ്ടു. പാല്‍ സംഭരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മില്‍മ നീക്കിയത് ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസകരമാണ്.
ഒപ്പം ക്ഷീര കര്‍ഷക ക്ഷേമനിധി മുഖാന്തിരം കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 01 മുതല്‍ 20 വരെ ക്ഷീരസംഘത്തില്‍ പാല്‍ നല്‍കിയിട്ടുള്ള ക്ഷീര കര്‍ഷകക്ഷേമനിധി അംഗങ്ങള്‍ക്ക് ലിറ്ററിന് ഒരു രൂപ ഇന്‍സെന്റീവ് ലഭിയ്ക്കും. പരമാവധി ധനസഹായം 1000 രൂപ വരെ ലഭ്യമാവും . കോവിഡ് രോഗ ബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് 10,000 രൂപയും കോവിഡ് നിരീക്ഷണത്തില്‍ ഉള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപയും ധനസഹായമായി നല്‍കും. തീറ്റയുടെ വിതരണം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ മൃഗസംരക്ഷണവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം വെറ്ററിനറി സേവനം അവശ്യസര്‍വ്വീസില്‍ ഉള്‍പ്പെടുത്തി ഉരുക്കള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പു വരുത്താനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി താത്ക്കാലികം മാത്രമാണെന്ന തിരിച്ചറിവും ഈ സമയവും കടന്നുപോവുമെന്നും നാം അതിജീവിക്കുമെന്നുള്ള ശുഭാപ്തി ചിന്തയുമാണ് നാടിന്റെ അന്നദാതാക്കളായ കര്‍ഷകരില്‍ ഉണ്ടാവേണ്ടത്.
പശുക്കളുടെ തീറ്റയില്‍ ശ്രദ്ധിക്കാന്‍
സാന്ദ്രീകൃത കാലിത്തീറ്റ ലഭിയ്ക്കുന്നതിന് തടസ്സം നേരിടുന്ന സാഹചര്യം നിലവില്‍ സംസ്ഥാനത്തില്ല. എന്നാല്‍ പ്രധാനമായും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ബിയര്‍ വേസ്റ്റ്, സ്റ്റാര്‍ച്ച് നീക്കിയ കപ്പ വേസ്റ്റ്, ചോളത്തണ്ട് തുടങ്ങിയ തീറ്റ ഘടകങ്ങളുടെ ലഭ്യതക്കുറവുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ തീറ്റയ്ക്ക് ദൗര്‍ലഭ്യം നേരിടുകയാണെങ്കില്‍ പാലുല്‍പ്പാദനത്തിനായി നല്‍കുന്ന ഉത്പാദനറേഷനില്‍ താത്കാലികമായി കുറവ് വരുത്തേണ്ടിവരും. എന്നിരുന്നാലും പശുക്കളുടെ ശരീരസംരക്ഷണത്തിനായി നല്‍കുന്ന തീറ്റയില്‍ കുറവ് വരാതെ ശ്രദ്ധിക്കണം. ആകെ ശരീര തൂക്കത്തിന്റെ പത്ത് ശതമാനം എന്ന കണക്കില്‍ തീറ്റപ്പുല്ലും (ഉദാഹരണത്തിന് 300 കിലോഗ്രാം ശരീര തൂക്കം കണക്കാക്കുന്ന പശുവിന് 25-30 കിലോഗ്രാം തീറ്റപ്പുല്ല് ), 500 ഗ്രാം ഗുണനിലവാരമുള്ള കാലിത്തീറ്റയും ശരീരസംരക്ഷണത്തിനായി ദിവസേന നല്‍കണം. പച്ചപ്പുല്ലിന് ക്ഷാമം ഉണ്ടാവുന്ന സാഹചര്യത്തില്‍ കുറവ് വരുന്ന ഓരോ അഞ്ച് കിലോ പച്ചപ്പുല്ലിനും പകരമായി ഒന്നരക്കിലോ വൈക്കോലും 250 ഗ്രാം കാലിത്തീറ്റയും പശുക്കള്‍ക്ക് നല്‍കണം. ഒപ്പം ഒന്നിടവിട്ട ദിവസങ്ങളില്‍ 30 മില്ലീ ലിറ്റര്‍ വീതം മീനെണ്ണയും പശുക്കള്‍ക്ക് നല്‍കണം. അതുപോലെ ഗര്‍ഭിണിപ്പശുക്കളുടെ തീറ്റയിലും ശ്രദ്ധവേണം. പത്ത് ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന പശുക്കള്‍ക്ക് ശരീരസംരക്ഷണത്തിനായി നല്‍കുന്ന തീറ്റയ്ക്ക് പുറമെ ഗര്‍ഭകാലത്തിന്റെ ഏഴാം മാസം മുതല്‍ ഒരു കിലോയും അതിന് മുകളില്‍ ഉത്പാദനമുള്ളവയ്ക്ക് ഒന്നരക്കിലോയും സാന്ദ്രീകൃതതീറ്റ പ്രതിദിനം അധികമായി നല്‍കണം.
കൈയകലത്തിലുണ്ട് കാലിത്തീറ്റ
തീറ്റയുടെ ലഭ്യതക്കുറവുള്ള സാഹചര്യത്തിലും, തീറ്റയുടെ അധികച്ചിലവ് കുറയ്ക്കുന്നതിനും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നിന്ന് തന്നെ ലഭ്യമാവുന്ന പാരമ്പര്യേതരതീറ്റകള്‍ (Unconventional cattle feed) പശുക്കളുടെ ദൈനംദിന തീറ്റയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. മാംസ്യത്തിന്റെ മികച്ച സ്രോതസ്സുകളായ റബ്ബര്‍ക്കുരുപിണ്ണാക്ക്, വാട്ടിയ മരച്ചീനിയില, ആഫ്രിക്കന്‍ പായല്‍, കുളവാഴ, അസോള, ഉയര്‍ന്ന അളവില്‍ ഊര്‍ജം അടങ്ങിയ തീറ്റകളായ പുളിങ്കുരുപ്പൊടി, മഴമരത്തിന്റെ കായ, കൊക്കോക്കായതൊണ്ട്, മരച്ചീനി, പൈനാപ്പിള്‍, ചക്ക എന്നിവയുടെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം കാലികള്‍ക്ക് തീറ്റയായി പ്രയോജനപ്പെടുത്താം. വാട്ടിയ ശീമക്കൊന്നയില, വാഴത്തട, വാഴയില, മരച്ചീനിത്തണ്ട്, കാപ്പിക്കുരുതൊണ്ട്, കുടപ്പനയുടെ തടി, കരിമ്പിന്‍ ചണ്ടി, ഈര്‍ക്കില്‍ മാറ്റിയ തെങ്ങോല, കവുങ്ങിന്‍ പാള തുടങ്ങിയവയും പശുക്കള്‍ക്ക് നല്‍കാവുന്ന പാരമ്പര്യേതരതീറ്റകളാണ്.
ഈ തീറ്റകളില്‍ പലതും സാധാരണ ഉപയോഗിക്കുന്ന കാലിതീറ്റകളോട് കിടപിടിയ്ക്കുന്നവയാണ്. ഉദാഹരണത്തിന് ഒരു കെട്ട് വൈക്കോലില്‍ ഉള്ളതിനേക്കാള്‍ അധികം പോഷകഘടകങ്ങളും അതിനേക്കാള്‍ ഉയര്‍ന്ന ദഹനശേഷിയും അതേ അളവ് കവുങ്ങിന്‍ പാളയിലുണ്ട്. ഉണങ്ങിയ രണ്ടരക്കിലോ മരച്ചീനിയില മാംസ്യലഭ്യതയുടെ കാര്യത്തില്‍ മുക്കാല്‍ കിലോ കടലപിണ്ണാക്കിന് തുല്യമാണ്. അസോള 1:1 എന്ന അനുപാതത്തില്‍ സാന്ദ്രികൃത തീറ്റക്കൊപ്പം കുഴച്ച് നല്‍കി ആകെ നല്‍കുന്ന സാന്ദ്രീകൃത തീറ്റയുടെ അളവ് കുറയ്ക്കാം.
പൈനാപ്പിളിന്റെ വിളവെടുപ്പ് കാലമായതിനാല്‍ പല പ്രദേശങ്ങളിലും പൈനാപ്പിള്‍ അവശിഷ്ടങ്ങള്‍ ധാരാളമുണ്ട്. ഇത് കന്നുകാലികള്‍ക്ക് തീറ്റയായി നേരിട്ട് നല്‍കാം എന്ന് മാത്രമല്ല മിച്ചമുള്ള പൈനാപ്പിള്‍ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് സൈലേജ് തയ്യാറാക്കുകയും ചെയ്യാം. ഇലക്കൂമ്പ്, ചെത്തിയെടുത്ത പെനാപ്പിളിന്റെ പുറംതൊലി തുടങ്ങിയ ശിഷ്ടഘടകങ്ങള്‍ എല്ലാം ഒരു പ്ലാസ്റ്റിക് വീപ്പയില്‍ നിറച്ച് വായു കടക്കാത്ത രീതിയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചാല്‍ പത്ത് ദിവസം കൊണ്ട് പശുവിന് നല്‍കാവുന്ന നല്ല സൈലേജ് തയ്യാറാക്കാം.ഇങ്ങനെ പാരമ്പര്യേതര തീറ്റകള്‍ക്ക് മികവും മേന്മയും ഏറെയുണ്ട്.
പാരമ്പര്യേതര തീറ്റകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിയ്ക്കാന്‍
പാരമ്പര്യേതരതീറ്റകള്‍ കാലികള്‍ വിഴുങ്ങി അന്നനാളതടസ്സമുണ്ടാകുന്നത് ഒഴിവാക്കാന്‍ ചെറുകഷ്ണങ്ങളാക്കി അരിഞ്ഞ് വേണം നല്‍കാന്‍. പാരമ്പര്യേതര തീറ്റകള്‍ ഒറ്റയടിക്ക് തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനക്കേട് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഘട്ടംഘട്ടമായി മാത്രം തീറ്റയില്‍ ഉള്‍പ്പെടുത്തി ശീലിപ്പിച്ചെടുക്കണം.
പാരമ്പര്യേതര തീറ്റവസ്തുക്കളുടെ ദഹനശേഷി മെച്ചപ്പെടുത്തുന്നതിനായി മിത്രാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്ക് മിശ്രിതങ്ങള്‍ അവയ്‌ക്കൊപ്പം തന്നെ നല്‍കാം. അന്നജത്തിന്റെ അളവുയര്‍ന്ന ചക്കയും, പച്ചക്കറി അവശിഷ്ടങ്ങളും മറ്റും നല്‍കുമ്പോള്‍ പശുക്കളില്‍ ഉണ്ടാവാന്‍ ഇടയുള്ള അമിത ആമാശയ അമ്ലത്വം (അസിഡിറ്റി) ഒഴിവാക്കുന്നതിനായി ഈ തീറ്റകള്‍ക്കൊപ്പം 50 ഗ്രാം വീതം സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം) നല്‍കുന്നത് അഭികാമ്യമാണ്.
പാരമ്പര്യേതര തീറ്റകള്‍ നല്‍കുമ്പോള്‍ അത് ആകെ തീറ്റയുടെ 30 ശതമാനത്തിലധികം ആകാതിരിക്കാനും ശ്രദ്ധവേണം.
ഗുണമേന്മയുള്ള തീറ്റയില്‍ കുറവ് വരുമ്പോഴുള്ള ശരീരസമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി കറവപ്പശുക്കള്‍ തീറ്റയില്‍ 100 ഗ്രാം വീതവും, കിടാരികളുടെ തീറ്റയില്‍ 30-50 ഗ്രാം വീതവും ധാതുജീവകമിശ്രിതം നിത്യവും നല്‍കണം.
പശുക്കള്‍ക്ക് നല്‍കാം വൈക്കോല്‍ പ്ലസ്
നെല്ലിന്റെ കൊയ്ത്തുകാലമായതിനാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് വൈക്കോല്‍ സമ്യദ്ധമായി ലഭ്യമാണ്. നെല്‍കര്‍ഷകരുമായി ബന്ധപ്പെട്ട് ആവശ്യമുള്ള വൈക്കോല്‍ സംഭരിക്കാന്‍ ക്ഷീരസംരംഭകര്‍ ശ്രദ്ധിക്കണം. ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും ഇതിനായി മുന്‍കയ്യെടുക്കാം. തീറ്റപുല്ലിന്റെ ക്ഷാമം നേരിടുന്ന ഈ വേനലില്‍ കുറവ് വരുന്ന ഓരോ അഞ്ച് കിലോഗ്രാം തീറ്റപുല്ലിനും ഒന്നര കിലോഗ്രാം എന്ന കണക്കില്‍ വൈക്കോല്‍ 5-6 കിലോഗ്രാം വരെ നല്‍കാവുന്നതാണ്. നാര് ധാരാളം അടങ്ങിയ ഒരു ഊര്‍ജദായക തീറ്റയാണ് വൈക്കോലെങ്കിലും മാംസ്യം, ജീവകങ്ങള്‍ തുടങ്ങിയ പോഷകഘടകങ്ങള്‍ വൈക്കോലില്‍ തീര്‍ത്തും കുറവാണ്. വൈക്കോലിലെ സെല്ലുലോസ് നാരുകളില്‍ ലിഗ്‌നിന്‍ എന്ന ഘടകം അടങ്ങിയതിനാല്‍ വൈക്കോലിന്റെ ദഹനശേഷിയും കുറവാണ്. പോഷകങ്ങള്‍ തീരെ കുറഞ്ഞ ഒരു പരുഷാഹരമാണെങ്കിലും പശുക്കളുടെ വയറ് നിറയ്ക്കാനും വിശപ്പ് മാറ്റാനും താത്കാലികമായി വൈക്കോല്‍ പ്രയോജനപ്പെടുത്താം.
സാന്ദീകൃത തീറ്റക്കും തീറ്റപുല്ലിനും ക്ഷാമമുള്ള സാഹചര്യത്തില്‍ യൂറിയ ഉപയോഗിച്ച് ശാസ്ത്രീയരീതിയില്‍ വൈക്കോല്‍ സംപുഷ്ടീകരിച്ചും പശുക്കള്‍ക്ക് നല്‍കാവുന്നതാണ്. വൈക്കോല്‍ സംപുഷ്ടീകരിക്കുന്നതിനായി നൂറ് കിലോ വൈക്കോലിന് നാല് കിലോ എന്ന അനുപാതത്തില്‍ പുതിയ യൂറിയ (ഫെര്‍ട്ടിലൈസര്‍ ഗ്രേഡ്) 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കി വൈക്കോലില്‍ തളിക്കണം. യൂറിയ ലായനി തയ്യാറാക്കുമ്പോള്‍ യൂറിയ വെള്ളത്തില്‍ നന്നായി കലങ്ങിയിട്ടുണ്ട് എന്നത് ഉറപ്പാക്കണം.
വൈക്കോല്‍ നിരയായി സിമന്റ് തറയില്‍ വിരിച്ച് തിരിച്ചും മറിച്ചും ഇട്ട് വേണം യൂറിയ ലായനി തളിയ്‌ക്കേണ്ടത്. പത്ത് കിലോഗ്രാം വൈക്കോലിന് രണ്ട് ലിറ്റര്‍ യൂറിയ ലായനി എന്ന കണക്കില്‍ 20 ലിറ്റര്‍ ലായനി 100 കിലോഗ്രാം വൈക്കോലില്‍ തളിയ്ക്കാം. ലായനി തളിയ്ക്കുന്നതിനായി ഒരു സ്പ്രയര്‍ ഉപയോഗിക്കാം. യൂറിയ ലായനിയുമായി നന്നായി ഇളക്കി ചേര്‍ത്ത വൈക്കോല്‍ തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗിലോ ഷീറ്റിലോ വായു കടക്കാത്ത രീതിയില്‍ പൊതിഞ്ഞ് കെട്ടി സൂക്ഷിക്കാം. മൂന്നാഴ്ചകള്‍ക്ക് ശേഷം പുറത്തെടുത്ത് ഉപയോഗിച്ച് തുടങ്ങാം. പശുക്കള്‍ക്ക് നല്‍കുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും ഈ വൈക്കോല്‍ പുറത്തെടുത്ത് നന്നായി ഇളക്കി തുറന്നുവയ്ക്കാന്‍ ശ്രദ്ധിക്കണം. അധികമുള്ള അമോണിയ വാതകം ഒഴിവാക്കാന്‍ വേണ്ടിയാണിത്.
യൂറിയ സമൃദ്ധമാക്കിയ വൈക്കോലിന് തവിട്ടു കലര്‍ന്ന സ്വര്‍ണ്ണ വര്‍ണമായിരിക്കും. സാധാരണ വൈക്കോലിനെ അപേക്ഷിച്ച് യൂറിയ സമൃദ്ധമാക്കിയ വൈക്കോലിന്റെ ദഹനശേഷിയും പോഷക ഗുണവും ഉയര്‍ന്നതാണ്. ഏകദേശം 15 ശതമാനം ദഹ്യപോഷകങ്ങളും 5 ശതമാനം മാംസ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. പാരമ്പര്യേതര തീറ്റകള്‍ നല്‍കുന്നത് പോലെ തന്നെ സംപുഷ്ടീകരിച്ച വൈക്കോലും ആദ്യ ഘട്ടത്തില്‍ കുറഞ്ഞ അളവില്‍ മാത്രം നല്‍കി ക്രമേണ പശുക്കളെ ശീലിപ്പിച്ചെടുക്കണം. സംപുഷ്ട വൈക്കോല്‍ നല്‍കുന്നതിനൊപ്പം വിപണിയില്‍ ലഭ്യമായ ധാതുജീവക മിശ്രിതങ്ങളും നല്‍കണം. പശുക്കള്‍ക്ക് മാത്രമല്ല കിടാരികള്‍ക്കും ആടുകള്‍ക്കും പോത്തുകള്‍ക്കും എരുമകള്‍ക്കുമെല്ലാം ഈ സമ്പുഷ്ടവൈക്കോല്‍ നല്‍കാം. എന്നാല്‍ യൂറിയ സമൃദ്ധമാക്കിയ വൈക്കോല്‍ ആറ് മാസത്തില്‍ താഴെ പ്രായമുള്ള കിടാങ്ങള്‍ക്ക് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. വൈക്കോല്‍ പ്ലസ് എന്നറിയപ്പെടുന്ന ഈ വൈക്കോല്‍ സംപുഷ്ടീകരണ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് കര്‍ണാലിലെ ദേശീയ ക്ഷീര ഗവേഷണ സ്ഥാപനമാണ്.
ആടിന് തീറ്റ വീട്ടില്‍ തയ്യാറാക്കാം
വിവിധ തീറ്റകൂട്ടുകള്‍ ചേര്‍ത്ത് സ്വയമുണ്ടാക്കുന്ന സാന്ദ്രീകൃതാഹാരമോ വിപണിയില്‍ നിന്ന് വാങ്ങുന്ന പെല്ലറ്റോ ആണ് കര്‍ഷകര്‍ ആടുകള്‍ക്ക് കൈതീറ്റയായി നല്‍കുന്നത്. മതിയായ തീറ്റ ഘടകങ്ങള്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ ലളിതമായ രീതിയില്‍ കൈതീറ്റ തയ്യാറാക്കി ആടുകള്‍ക്ക് നല്‍കാം. അരി/ഗോതമ്പ്/ മരച്ചീനിപ്പൊടി, പിണ്ണാക്ക്, തവിട് എന്നിവ സമാസമം ചേര്‍ത്ത് തീറ്റ തയ്യാറാക്കി 200 മുതല്‍ 250 ഗ്രാം വരെ ദിവസേന ആടിന് നല്‍കാം. ഒപ്പം ആടിന് ചുരുങ്ങിയത് മൂന്ന് കിലോയെങ്കിലും തീറ്റപുല്ലോ വ്യക്ഷയിലകളോ പ്രതിദിനം പരുഷാഹാരമായി നല്‍കണം. തീറ്റപ്പുല്ലിന് ലഭ്യത കുറയുമ്പോള്‍ വൈക്കോലിനെ ആശ്രയിക്കാം . ലഭ്യമായതും സുരക്ഷിതമായതുമായ പാരമ്പര്യേതര തീറ്റകളും ആടുകള്‍ക്ക് നല്‍കാം. ധാതുലവണ ജീവക മിശ്രിതങ്ങള്‍ മുതിര്‍ന്ന ഒരാടിന് ചുരുങ്ങിയത് പത്ത് ഗ്രാം എന്ന അളവില്‍ ദിവസവും തീറ്റയില്‍ നല്‍കണം.
കോഴിത്തീറ്റയില്‍ കുറവുണ്ടെങ്കില്‍
വിപണിയില്‍ നിന്നുള്ള തീറ്റയെ ആശ്രയിച്ച് വീട്ടിലും, ഫാമിലും വളര്‍ത്തുന്ന ഇറച്ചിക്കോഴികള്‍ക്കും, മുട്ടക്കോഴികള്‍ക്കും തീറ്റയില്‍ ദൗര്‍ലഭ്യം നേരിടാന്‍ ഊ ഘട്ടത്തില്‍ സാധ്യതയുണ്ട്. തീറ്റ ലഭ്യമാവാന്‍ മറ്റൊരു വഴിയും ഇല്ലാത്ത സാഹചര്യത്തില്‍ അരി അല്ലങ്കില്‍ ഗോതമ്പ് 30 ശതമാനം, പിണ്ണാക്ക് 30 ശതമാനം, തവിട് 30 ശതമാനം, മത്സ്യ അവശിഷ്ടങ്ങള്‍ 10 ശതമാനം എന്ന അനുപാതത്തില്‍ ചേര്‍ത്ത് താല്‍ക്കാലിക തീറ്റമിശ്രിതം തയ്യാറാക്കി കോഴികള്‍ക്ക് നല്‍കാം. ധാതുലവണങ്ങള്‍ അടങ്ങിയ മിശ്രിതം ലഭ്യമാണെങ്കില്‍ 2 ശതമാനം അളവില്‍ തീറ്റ മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഗുണകരമാകും. തീറ്റമിശ്രിതം തയ്യാറാക്കാനാവശ്യമായ ഘടകങ്ങള്‍ ലഭ്യമാവാത്ത സാഹചര്യമാണെങ്കില്‍ ധാന്യങ്ങള്‍ മാത്രം നല്‍കി കോഴികളുടെ ജീവന്‍ നിലനിര്‍ത്തുക എന്ന പോംവഴി മാത്രമേ കര്‍ഷകന്റെ മുന്നിലുള്ളൂ. തീറ്റപുല്ല്, അസോള, ചീര, അഗത്തി ചീര, മുരിങ്ങ, ശീമകൊന്ന, പീലിവാക തുടങ്ങിയ ചെടികള്‍ എന്നിവയും കോഴികള്‍ക്ക് തീറ്റയായി നല്‍കാം. ഹൈബ്രിഡ് നേപ്പിയര്‍, ഗിനി പുല്ല്, കോംഗോ സിഗ്‌നല്‍ തുടങ്ങിയ മേന്‍മയുള്ള തീറ്റപുല്ലിനങ്ങള്‍50 എണ്ണംകോഴികള്‍ക്ക് 1 കിലോഗ്രാം വരെഅരിഞ്ഞ് തീറ്റയായി നല്‍കാം.
കര്‍ഷകര്‍ അറിയേണ്ട പൊതുനിര്‍ദ്ദേശങ്ങള്‍
മൃഗങ്ങളെ പരിശോധിക്കുന്നതിനായി ആശുപത്രിയില്‍ കൊണ്ടുവരുന്നതും, ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നതും അടിയന്തിരസാഹചര്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുക. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് ഉചിതം. മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്തുടനീളം സജ്ജമാക്കിയ കര്‍ഷകഹെല്പ് ലൈന്‍ ടെലിഫോണ്‍ സേവന സംവിധാനവും ഇതിനായി പ്രയോജനപ്പെടുത്താം.
- ആശുപത്രിയിലേക്ക് മൃഗങ്ങളെയും കൊണ്ട് കൂട്ടമായി വരുന്നത് ഒഴിവാക്കുക, വളര്‍ത്തുമൃഗങ്ങളെ നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള ഒരാള്‍ കൂടെ വന്നാല്‍ മതിയാവും.
- പേവിഷബാധയ്‌ക്കെതിരെയടക്കമുള്ള പ്രതിരോധകുത്തിവെയ്പ്പുകള്‍, പൊതുവായുള്ള ആരോഗ്യപരിശോധന, ആടുകളുടെയും, പശുക്കളുടെയും കൃത്രിമ ബീജധാനം, ഗര്‍ഭപരിശോധന, അടിയന്തിര പ്രാധാന്യമില്ലാത്ത മറ്റു സേവനങ്ങള്‍ തുടങ്ങിയവ കൊറോണ ഭീഷണി മാറുന്നത് വരെ നീട്ടിവെയ്ക്കുക.
- ഫാമും/തൊഴുത്തും പരിസരവും വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കുക. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ വ്യക്തി ശുചിത്വം പരമപ്രധാനം. വളര്‍ത്തുമൃഗങ്ങളുമായും അവയുടെ തീറ്റ വസ്തുക്കള്‍, മറ്റുപകരണങ്ങള്‍ എന്നിവയുമായും സമ്പര്‍ക്കം ഉണ്ടാവുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കുക. മൃഗങ്ങളെ സ്പര്‍ശിച്ചതിന് ശേഷം സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് മുന്‍പ് കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക.
- പശുക്കളുടെ കറവയ്ക്ക് മുന്‍പും ശേഷവും സോപ്പും അണുനാശിനികളും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. വിപണനത്തിനായി പുറപ്പെടുമ്പോഴും ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കുന്നതിന് മുന്‍പായും തിരികെ വീട്ടിലെത്തുമ്പോഴും കൈകള്‍ സോപ്പും അണുനാശിനിയും ഉപയോഗിച്ച് വൃത്തിയാക്കണം. ക്ഷീരസംഘങ്ങളില്‍ പാല്‍ സംഭരണ സമയത്ത് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം.
- കോവിഡ്-19 ബാധിച്ചവരും രോഗവുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ കഴിയുന്നവരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. ഓമനമൃഗങ്ങളുടെ പരിചരണം വീട്ടിലെ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുക. വളര്‍ത്തുമൃഗങ്ങളെ ചുംബിക്കുക, അവയെ നമ്മുടെ ശരീരത്തില്‍ നക്കാനും മറ്റും അനുവദിക്കുക, ഓമനമൃഗങ്ങളുമായി ആഹാരം പങ്കുവെക്കുക തുടങ്ങിയ ശീലങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം.