കൂവകൃഷിയ്ക്ക് വീണ്ടും നല്ലകാലം വരുന്നു; ഔഷധ ഗുണവും പോഷകങ്ങളും ഒത്തിണിങ്ങിയ കൂവകൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൂവകൃഷിയ്ക്ക് വീണ്ടും നല്ലകാലം വരുന്നു; ഔഷധ ഗുണവും പോഷകങ്ങളും ഒത്തിണിങ്ങിയ കൂവകൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം. ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റങ്ങൾ മൂലം മലയാളിയുടെ തീൻമേശയിലും തൊടിയിലും നിന്ന് പുറത്താക്കപ്പെട്ട ചരിത്രമാണ് കൂവയ്ക്ക് പറയാനുള്ളത്. എന്നാൽ കൂടുതൽ കർഷകർ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ തിരിച്ചുവരവിന്റെ പാതയിലാണ് കൂവകൃഷി.

നാടൻ കൂവ, വെള്ള കൂവ എന്നിങ്ങനെ രണ്ടിനങ്ങളാണ് കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നത്. അൽപ്പം തടിച്ച് ഉരുണ്ടിരിക്കുന്ന നാടൻ കൂവ മഞ്ഞ, നീല ഇനങ്ങളായി കാണപ്പെടുന്നതും തനിയെ വളരുന്നതുമാണ്. ഔഷധ ഗുണവും പോഷക ഗുണവും കൂടുതൽ നാടൻ കൂവയ്ക്കാണ്.

എന്നാൽ കിഴങ്ങ് വെള്ള നിറത്തോട് കൂടിയതും കാരറ്റിനോട് സാമ്യമുള്ളതുമായ വെള്ള കൂവയ്ക്കാകട്ടെ നാടൻ കൂവയോളം പോഷക ഗുണമില്ല. എങ്കിലും കൂടുതൽ വിളവ് തരുന്നതും സംസ്കരിച്ചെടുത്താൽ കൂടുതൽ കൂവപ്പൊടി ലഭിക്കുന്നതും വെള്ള കൂവയാണ്.

നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ കൂവ നന്നായി വളരും. മണ്ണിന്റെ PH മൂല്യം 5 മുതൽ 8 വരെ ആകാം . അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും കൂവയുടെ വളർച്ചക്ക് സഹായകമാണ്. വർഷത്തിൽ 1500 മുതൽ 2000 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയും 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂടും നിറഞ്ഞ അന്തരീക്ഷം ആണ് കൂവക്ക് അനുയോജ്യമായ സാഹചര്യം.

ചെറു തണലിൽ നന്നായി തഴച്ചുവളരുന്നതിനാൽ തെങ്ങ്, കവുങ്ങ്, തുടങ്ങി മറ്റു വിളകളോടൊപ്പം ഇടവിള കൃഷിയായും കൂവ ചെയ്യാം. ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നതു പോലെ മണ്ണ് നന്നായി കിളച്ച് ഇളക്കി ബെഡ് ഒരുക്കണം കൂവയ്ക്കും. പൊതുവേ കൂവ കൃഷിയിൽ കാര്യമായ വളപ്രയോഗം ആവശ്യമില്ലെങ്കിലും വാണിജ്യാടിസ്ഥാനത്തിലാണ് കൃഷിയെങ്കിൽ അടിവളമായി ചാണകം, കോഴി കാഷ്ഠം, ചാരം, ചപ്പുചവറുകൾ എന്നിവ ഇടാവുന്നതാണ്.

കൂവ കിഴങ്ങിന്റെ കഷണങ്ങളാണ് നടാൻ ഉപയോഗിക്കുന്നത്. ബെഡ് ഒരുക്കി നടാനായി കൂവ കിഴങ്ങിനെ 4 സെന്റിമീറ്റർ മുതൽ 7 സെന്റിമീറ്റർ വരെ വലുപ്പവും 15 ഗ്രാം മുതൽ 20 ഗ്രാം വരെ തൂക്കവുമുള്ള ചെറുകഷണങ്ങൾ ആയി മുറിച്ചാണ് നടീൽ വസ്തു തയ്യാറാക്കുന്നത്. ഓരോ കഷ്ണത്തിലും 2 മുതൽ 4 വരെ മുകുളങ്ങള്‍ ഉണ്ടായിരിക്കും.

ഏപ്രിൽ, മെയ് മാസങ്ങളിലാണ് കൂവകൃഷിയുടെ സമയം. 3 ഇഞ്ച് അകലത്തിലും ഒന്നര ഇഞ്ച് താഴ്ച്ചയിലും ആണ് വിത്ത് നടേണ്ടത്. ബെഡിനു മുകളിലായി ചപ്പു ചവറുകൾ കൊണ്ട് പുതയിടുന്നത് കളകയറാതിരിക്കാൻ സഹായിക്കും. വിത്ത് നട്ട് ഒരു മാസം കൊണ്ട് തൈ മുളയ്ക്കും. തൈയുടെ വളർച്ചക്ക് അനുസരിച്ച് രണ്ടോ മൂന്നോ പ്രാവശ്യം ബെഡിനു മുകളിലേക്ക് ഇരുവശത്തു നിന്നുമായി മണ്ണ് കയറ്റി കൊടുക്കേണ്ടതുണ്ട്.

4 ഇഞ്ചോളം വലുപ്പമാകുമ്പോൾ അൽപ്പം ജൈവവളം ഇട്ട് ആദ്യ ഘട്ടം മണ്ണ് കയറ്റാം. പിന്നീട് സെപ്റ്റംബർ ഒക്കെ ആകുമ്പോൾ അൽപ്പം കൂടി വളം നൽകി രണ്ടാമതും ബെഡിലേക്ക് മണ്ണിടണം. മഴക്കാലം തുടങ്ങിയാൽ അധികമായി വെള്ളം കെട്ടിനിന്ന് കിഴങ്ങ് ചീഞ്ഞ് പോകാതിരിക്കാൻ ശ്രദ്ധിക്കണം. 8 മാസമാണ് കൂവയുടെ വളർച്ചക്കു വേണ്ടത്.

അതായത് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിളവെടുക്കാം. കൂവയുടെ ഇലകൾ പഴുത്ത് മഞ്ഞനിറമാകുന്നതാണ് വിളവെടുക്കാറായതിന്റെ ലക്ഷണം. മണ്ണ് കിളച്ച് ഇളക്കിയാണ് കൂവ കിഴങ്ങ് പറിക്കുന്നത്. പറിച്ചെടുത്ത കൂവ കിഴങ്ങ് ഒരു മാസത്തോളം കേടാകാതെ ഇരിക്കും. നാടൻ കൂവക്ക് കിലോഗ്രാമിന് 15 രൂപ മുതൽ 20 രൂപ വരെയാണ് വിപണി വില. അതേ സമയം വെള്ള കൂവക്കാവട്ടെ കിലോഗ്രാമിന് 30 മുതൽ 35 രൂപ വരെ വില ലഭിക്കാറുണ്ട്.

Also Read: വട്ടവടയിലെ കർഷകർക്ക് താങ്ങായി സ്ട്രോബറി; കിലോയ്ക്ക് വില 600 രൂപവരെ

Image: pixabay.com