സബ്സിഡികളല്ല വേണ്ടത്, കർഷകർക്ക് അർഹിക്കുന്ന വിപണിവിലയാണെന്ന് കാർഷിക സാമ്പത്തിക വിദഗ്ദ്ധൻ അശോക് ഗുലാട്ടി
കർഷകർക്ക് ലഭിക്കുന്ന വിലയെക്കാൾ ഭക്ഷ്യ സബ്സിഡികളെ മുൻഗണന നൽകുന്നതാണ് ഇന്ത്യയിലെ കാർഷിക പ്രതിസന്ധി ഉയരാൻ കാരണമെന്ന് പ്രമുഖ കാർഷിക സാമ്പത്തിക വിദഗ്ദ്ധൻ അശോക് ഗുലാട്ടി. “എല്ലാ വിഭവങ്ങളും ഭക്ഷ്യ സബ്സിഡിക്കായി ഉപയോഗിക്കുകയാണ്. നിങ്ങൾക്ക് 30 രൂപ ചെലവു വരുത്തുന്ന ഒന്ന് നിങ്ങൾ 3 രൂപയ്ക്ക് വിൽക്കുകയാണ്,” ഗുലാട്ടി ചൂണ്ടിക്കാട്ടി.
“1.70 ലക്ഷം കോടി രൂപയുടെ ഭക്ഷ്യ സബ്സിഡികൾ ഇതിനകം നൽകിക്കഴിഞ്ഞു. എന്നാൽ കാർഷിക രംഗത്തെ നിക്ഷേപമാകട്ടെ 3000 മുതൽ 4000 കോടി വരെ മാത്രമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന നയത്തേയും അദ്ദേഹം വിമർശിച്ചു. തൊഴിലില്ലായ്മ വേതനം, കയറ്റുമതി നിരോധനങ്ങൾ, വിലനിയന്ത്രണത്തിൽ സർക്കാർ ഇടപെടൽ സാധ്യമാക്കുന്ന എസൻഷ്യൽ കൊമോഡിറ്റീസ് ആക്റ്റ്, അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി ആക്ട് എന്നിവയും സ്വന്തം ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള കർഷകരുടെ സ്വാതന്ത്ര്യത്തെ തടയുന്നതായി ഗുലാട്ടി ചൂണ്ടിക്കാട്ടി.
Also Read: ഇറക്കുമതി തിരിച്ചടിക്കുന്നു; കേരകർഷകരെ ആശങ്കയിലാഴ്ത്തി വെളിച്ചെണ്ണ വില താഴേക്ക്
കൃഷി ഗവേഷണം, ജലസേചനം, മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾ എന്നിവക്ക് മുൻഗണന നൽകുന്നതും സബ്സിഡികൾ പോലുള്ള സൗജന്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതും സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വായ്പ എഴുതിത്തള്ളുന്നത് കൃഷിക്കാരുടെ കഷ്ടതകൾ പരിഹരിക്കുന്നതിനുള്ള പരിഹാരമല്ലെന്ന് പറഞ്ഞ ഗുലാട്ടി അതൊരു അത് ഒരു ഹ്രസ്വകാല പരിഹാരമാണെന്നും കൂട്ടിച്ചേർത്തു.
"കാർഷിക മേഖലയിൽ അടുത്ത അഞ്ച് വർഷം 13 ശതമാനം വളർച്ചാനിരക്ക് വേണം. എന്നാൽ സമ്പദ്ഘടനയിൽ 13 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല കാർഷിക മേഖലയിൽ 2.5 ശതമാനം വളർച്ച നേടാൻപോലും കഴിയുന്നില്ല. അതിനാൽ 2022 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ എങ്ങനെ കഴിയും? 2030 വരെ അത് നേടാൻ കഴിയില്ല," ഗുലാട്ടി വ്യക്തമാക്കി.