നെല്‍കൃഷിക്ക് ഏത് കൃഷിയെക്കാളും കുറവ് പരിചരണവും അദ്ധ്വാനവും മതി; ലാഭത്തിനുള്ള സാധ്യത ഒട്ടും കുറവുമല്ല
ഈ വർഷത്തെ നെൽകൃഷിയുടെ വിളവെടുപ്പും വൈക്കോൽ കെട്ടലും കഴിഞ്ഞു.
അതിവർഷംമൂലം മുളപ്പിച്ച വിത്ത് വിതയ്ക്കാനാവാതെ നശിച്ചുപോയിരുന്നു. രണ്ടാമത് വിതച്ച ഞാറ്റടി പത്ത് ദിവസം വെള്ളത്തിൽ മുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. അതുമൂലം ഞാറ് തികയാതെ വരുമെന്ന സംശയത്തിൽ കുറച്ചു ഭാഗം തെളി (പറിച്ചുനടാതെ വിത്തു വിതച്ചുള്ള കൃക്ഷി രീതി) വിതച്ചു. അങ്ങിനെ വിത്തിന്റെ കാര്യത്തിലുണ്ടായ 3,000 രൂപയില്‍ താഴെയുള്ള അധിക ചിലവും കൂട്ടിയാൽ 30,000 രൂപയോളം ഒരേക്കർ നെൽകൃഷിക്ക് ചിലവ് വന്നു. കൃത്യമായി പറഞ്ഞാൽ 29,545 രൂപ.
പട്ടാമ്പിയിലെ നെൽകർഷകൻ ശശിയേട്ടൻ വികസിപ്പിച്ചെടുത്ത ഗോപിക എന്ന നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ഏക്കറിന് മൂന്ന് ടൺ വരെ വിളവു തരാൻ കെല്പുള്ള ഇനമാണെന്ന് കേട്ടതുകൊണ്ട്, കുറച്ചു പ്രയാസപെട്ടായാലും വിത്ത് സംഘടിപ്പിച്ചു. പ്രളയം മൂലം കൃത്യസമയത്ത് പറിച്ചുനടാൻ സാധിക്കാതിരുന്നത് വിളവിനെ ബാധിച്ചു എന്നു കരുതുന്നു. ഏക്കറിന് 15 ക്വിൻറലാണ് കിട്ടിയത്.
Also Read: നെല്‍കൃഷിയുടെ വളര്‍ച്ച, വികാസം, മേഖലയിലെ പ്രതിസന്ധികള്‍, കൃഷിരീതികള്‍ എന്നിവയെക്കുറിച്ചൊരന്വേഷണം
പ്രതീക്ഷിച്ച വിളവിൽ പകുതിയാണ് കിട്ടിയതെങ്കിലും സംഗതി ലാഭകരമാണ്. സർക്കാർ നെല്ലുസംഭരിക്കുന്നത് കഴിഞ്ഞ വർഷം ക്വിന്റലിന് 2,350 രൂപ എന്ന നിരക്കിലായിരുന്നു. ഈ വർഷം അത് 2.530 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ആ കണക്കിന് 37,500 രൂപ (15 * 2,500) നെല്ലിനത്തിൽ തന്നെ കിട്ടും. പിന്നെ വൈക്കോലിന് മെഷീൻ കെട്ടിന് ഏറ്റവും കുറഞ്ഞത് 200 രൂപ വില കിട്ടുന്നുണ്ട് (തുടക്കത്തക്കത്തില്‍ 250 രൂപ ഉണ്ടായിരുന്നു). 37 കെട്ടാണ് എനിക്ക് കിട്ടിയത്, ആകെക്കൂടി 7400 (37 * 200; കെട്ടുകൂലി 40 രുപ കുറക്കണം അപ്പോൾ 160 രൂപ).
ഇതിനു പുറമെ സർക്കാരിന്റെയും, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹായധനമുണ്ട്. അത് ഏക്കറിന് 3,933 രുപ വരും. കുമ്മായ വസ്തുക്കൾ, സബ്സിഡി റേറ്റിലുള്ള നെൽവിത്ത് (കിലോയ്ക്ക് 50 രൂപ എന്ന നിരക്കിലാണ് കൊടുത്താണ് ഗോപിക, പാൽതൊണ്ടി എന്നീ നെൽവിത്തുകള്‍ പുറമെ നിന്ന് വാങ്ങിയത്) എന്നിവയൊക്കെ ചേരുമ്പോൾ ഏക്കറിനു 4,500 രൂപയ്ക്ക് മുകളിൽ സഹായധനമായി.
30,000 രുപ ഒരേക്കറിന്റെ കൃഷിചിലവും കഴിച്ചാൽ എനിക്ക് 17,420 രൂപ നെൽകൃഷിയിൽ നിന്ന് ആദായം ലഭിച്ചിട്ടുണ്ട്.
കൃഷിയിലേക്കിറങ്ങിയ ആദ്യ നാളുകളിൽ നെൽകൃഷി നഷ്ടമാണെന്നുള്ള പല്ലവി കേട്ട് പേടിച്ച് നാലഞ്ച് വർഷം ഞാൻ നെൽകൃഷിയിൽ നിന്ന് മാറി നിന്നിരുന്നു. എന്ത് വന്നാലും നല്ല കഞ്ഞി കുടിക്കാമല്ലൊ എന്ന ചിന്തയിൽ, ചെറിയ നഷ്ടങ്ങളൊക്കെ താങ്ങാവുന്ന സ്ഥിതിയായപ്പോളാണ് നെൽകൃഷി തുടങ്ങിയത്. വിവിധതരം പച്ചക്കറികളും നാണ്യവിളകളും പഴവർഗ്ഗങ്ങളൊക്കെയായി ഏതാണ്ട് 50-ലേറെ ഇനങ്ങൾ ഇപ്പോൾകൃഷി ചെയ്യുന്നുണ്ട്. അതു കൊണ്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ..,
Also Read: വിത്തുത്പാദനകേന്ദ്രങ്ങളുടേയും ഗവേഷകരുടേയും മാത്രം ഉത്തരവാദിത്തമാണോ നെല്‍കൃഷി സംരക്ഷണം?
ഇന്ന് ചെയ്യുന്ന എല്ലാ കൃഷികളെക്കാളും റിസ്ക് കുറവുള്ളതും അദ്ധ്വാനം, പരിചരണം എന്നിവ കുറവ് വേണ്ടിയതും നെൽകൃഷിക്കാണ്.
നാല് മാസം കൊണ്ട് ആദായം തിരിച്ചു കിട്ടുന്ന വേറെന്ത് കൃഷിയാണുള്ളത്?
മേൽ പറഞ്ഞ കണക്കുകൾ കൃഷിയിലെ യന്ത്രവൽക്കരണ സാധ്യത അനുസരിച്ച് തീർച്ചയായും മാറും. പൂട്ടാൻ ട്രാക്റ്ററും വിളവെടുപ്പിന് (കൊയ്ത്തും മെതിയും) മെഷീനും കിട്ടിയിരുന്നു. ഞാറ് നടാൻ കൂടി യന്ത്രം കിട്ടിയാൽ ആദായം കുറച്ചു കൂടി മെച്ചപ്പെടുത്താം.