ആരോഗ്യത്തിന്റെ കയ്പ്പും പോഷകമൂല്യത്തിന്റെ പച്ചയും; പാവൽ കൃഷിയുടെ രഹസ്യങ്ങൾ

ആരോഗ്യത്തിന്റെ കയ്പ്പും പോഷകമൂല്യത്തിന്റെ പച്ചയും; പാവൽ കൃഷിയുടെ രഹസ്യങ്ങൾ. പോഷകമൂല്യത്തിന്റെയും ഔഷധഗുണത്തിന്റെയും കാര്യത്തില്‍ ഒന്നാമനാണ് പാവൽ അല്ലെങ്കിൽ കയ്പ. കാത്സ്യം, ഇരുമ്പ്, വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ കലവറയായ കയ്പ പ്രമേഹം. ആസ്ത്മ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.

ഏതു കാലാവസ്ഥയിലും വിളയിച്ചെടുക്കാവുന്ന ഏകദേശം അഞ്ചു മീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വള്ളിച്ചെടിയാണ് പാവല്‍ അല്ലെങ്കില്‍ കയ്പ. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണാണ് പാവല്‍ കൃഷിക്ക് അനുയോജ്യം. ഒരു സെന്റ് കൃഷി സ്ഥലത്ത് പാവല്‍ കൃഷി ചെയ്യുന്നതിന് 20 മുതൽ 25 ഗ്രാംവരെ വിത്ത് വേണ്ടിവരും. രണ്ടു മീറ്റര്‍ അകലം വരത്തക്കവണ്ണം വേണം ചെടികള്‍ക്കിടയിലുള്ള വരി നിര്‍മ്മിക്കാന്‍.

ചെടി നടാനായി 50 സെ.മീ വ്യാസവും 50 സെ.മീ ആഴവും ഉള്ള കുഴികളാണ് നിര്‍മ്മിക്കേണ്ടത്. അടിവളമായി കാലിവളമോ കമ്പോസ്‌റ്റോ മേല്‍മണ്ണുമായി നന്നായി യോജിപ്പിച്ചു വേണം കുഴിയുടെ മുക്കാല്‍ഭാഗവും നിറക്കാന്‍. മഴക്കാലമാണെങ്കില്‍ കുഴികള്‍ക്ക് പകരം കൂനകള്‍ ഉണ്ടാക്കി അവയില്‍ വിത്തുകള്‍ നടാം. നടുന്നതിന് മുമ്പ് വിത്തുകള്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഈര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞ് മുളപ്പിച്ച് നടുന്നതാണ് ഉത്തമം.

മുളച്ചു കഴിഞ്ഞാല്‍ ഓരോ കുഴിയിലും ഒന്ന് രണ്ടു ചെടികള്‍ മാത്രം നിര്‍ത്തി ശേഷിച്ചവ പറിച്ചു മാറ്റണം. ചെടി വള്ളിയിട്ട് പടരാന്‍ തുടങ്ങുമ്പോള്‍ പന്തല്‍ ഇട്ടുകൊടുക്കാം. ഏപ്രില്‍, മെയ്, ആഗസ്റ്റ്, സെപ്തംബര്‍ മാസത്തില്‍ നടുന്ന ചെടികളാണ് കൂടുതല്‍ വിളവ് തരുന്നത്. ഈ സമയത്ത് നടത്തുന്ന പാവല്‍കൃഷിയില്‍ കീടരോഗശല്യം വളരെ കുറവായിരിക്കു എന്നതിനാലാണിത്. നല്ല വെയിലും നിത്യവുമുള്ള പരിചരണവും പാവലിന്റെ കീടനിയന്ത്രണത്തിന് ആവശ്യമാണ്.

Also Read: ഇത്തിരി എരിഞ്ഞാലെന്താ, വിളവെടുക്കുമ്പോൾ ചിരിക്കാം; കാന്താരി മുളക് കൃഷി ഇനി വീട്ടിൽ

Image: pixabay.com