പോത്ത്, എരുമ വളര്‍ത്തല്‍: സംരംഭകരേ, നിങ്ങൾക്കിതാ ഒരു ആദായ”മുറ”

പോത്തിറച്ചിയുടെ രുചി വൈവിധ്യങ്ങളില്ലാത്ത ആഘോഷവേളകള്‍ മലയാളികള്‍ക്കില്ല. ഓണമായാലും പെരുന്നാളായും മലയാളിക്ക് ബീഫ് നിർബന്ധമാണ്. തൂശനിലയിൽ നാനാതരം കറിക്കൂട്ടുകളുമായി തൂവെള്ള ചോറുവിളമ്പിയാലും നമ്മുടെ കണ്ണുകൾ ബീഫ് തിരയും. ചുരുക്കത്തിൽ മലയാളികളുടെ നിത്യാഹാരത്തിന്റെ ഭാഗമാണ് ബീഫ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. എന്നാൽ നമ്മുടെ സംസ്ഥാനത്ത് പോത്ത് മാംസത്തിന് വലിയ വിപണിയുള്ളപ്പോഴും ആഭ്യന്തര മാംസോത്പാദനവും മാംസാവശ്യകതയും തമ്മിൽ വലിയ വിടവാണുള്ളത്. മാംസാവശ്യത്തിനുള്ള ഉരുക്കളിൽ ഏറിയ പങ്കുമെത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ജനസംഖ്യയുടെ വലിയൊരു ശതമാനം മാംസാഹാരപ്രിയരായ നമ്മുടെ സംസ്ഥാനത്ത് മാംസോല്‍പ്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള പോത്ത് വളര്‍ത്തല്‍ സംരംഭങ്ങള്‍ക്ക് വരും നാളുകളിൽ മികച്ച സാധ്യതകളാണുള്ളത്.

മാംസവിപണിയിലെ താരം മുറ

നല്ല വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും ഏത് പരിസ്ഥിതിക്കും ഇണങ്ങുകയും ചെയ്യുന്നതിനാൽ മാംസോല്‍പ്പാദനത്തിന് വേണ്ടി വളർത്താവുന്ന ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പോത്തിനമാണ് മുറകള്‍ (Murrah). പോത്തുകള്‍ വളര്‍ന്ന് തൂക്കം വര്‍ദ്ധിക്കുംതോറും പോത്തില്‍ നിന്ന് കിട്ടുന്ന ആദായവും പോത്ത് പോലെ വളരും എന്നതാണ് മുറ പോത്ത് വളര്‍ത്തലിന്‍റെ ആകര്‍ഷണീയത. പോത്തുകളെ വളര്‍ത്തി തുടങ്ങിയ ഉടന്‍ തന്നെ വരുമാനം പോക്കറ്റിലെത്തിയില്ലെങ്കിലും അവയെ ക്ഷമയോടെ പരിപാലിച്ച് വളര്‍ത്തിയാല്‍ ഒന്ന് – ഒന്നര വര്‍ഷത്തിനകം നല്ലൊരു തുക തന്നെ ആദായമായി ലഭിയ്ക്കും. ലഭ്യമായ പരിമിതമായ സൗകര്യങ്ങളില്‍ വളര്‍ത്താം എന്നതും, തീറ്റച്ചിലവ് ഉള്‍പ്പെടെയുള്ള പരിപാലനചിലവ് കുറവാണെന്നുള്ളതും, കാര്യമായ രോഗങ്ങളൊന്നും ഉരുക്കൾക്ക് പിടിപെടില്ലന്നെതും, വളർത്താൻ വലിയ അദ്ധ്വാനഭാരമില്ലെന്നതുമൊക്കെ മാംസത്തിനായുള്ള മുറാ പോത്ത് വളര്‍ത്തലിന്‍റെ മറ്റ് അനുകൂലതകളാണ്. മുറ പോത്തുകളെ വളർത്തി മെച്ചപ്പെട്ട ആദായം നേടുന്ന നിരവധി സംരംഭകർ ഇന്ന് കേരളത്തിലുണ്ട്.

Also Read: [കവര്‍സ്റ്റോറി] ഫാം ലൈസന്‍സ് ചട്ടങ്ങളില്‍ അനിവാര്യമായ മാറ്റം വരാതെ, മൃഗസംരക്ഷണമേഖല കര്‍ഷകര്‍ക്ക് ആശ്രയമാകില്ല

അറിയാം മുറയുടെ പെരുമ

മികച്ച തീറ്റ പരിവര്‍ത്തനശേഷി, ഉയര്‍ന്ന വളര്‍ച്ചാനിരക്ക്, രോഗപ്രതിരോധശേഷി എന്നിവയെല്ലാമാണ് മുറ പോത്തുകളെ മറ്റ് മഹിഷ ജനുസ്സുകളിൽ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ദക്ഷിണ ഹരിയാനയിലെ റോഹ്തക്, ജിന്ധ്, ഹിസാര്‍, ഫത്തേബാദ് എന്നീ ജില്ലകളും പഞ്ചാബിലെ പാട്യാല, നബ എന്നീ ജില്ലകളും ഡല്‍ഹിയുടെ ചില പ്രദേശങ്ങളുമാണ് മുറ പോത്തുകളുടെയും എരുമകളുടെയും ജന്മഭൂമിക. ഡല്‍ഹി, കാളി, കുന്ധി എന്നല്ലാമുള്ള അപരനാമങ്ങളും മുറ പോത്തുകള്‍ക്കുണ്ട്. ഹരിയാനക്കാര്‍ക്കിടയില്‍ കറുത്ത സ്വര്‍ണ്ണമെന്ന വിശേഷണത്തിലറിയപ്പെടുന്നതും കറുപ്പിനഴകും ആകാരവും തലയെടുപ്പുമുള്ള മുറ (Murrah) ജനുസ്സിൽ പെട്ട പോത്തുകളും എരുമകളും തന്നെ.

ഉത്തരേന്ത്യയിലാണ് ഉരുത്തിരിഞ്ഞതെങ്കിലും ഇന്ന് രാജ്യത്തെ ഭൂരിഭാഗം മേഖലകളിലും മുറ എരുമകളെയും പോത്തുകളെയും വളര്‍ത്തുന്നുണ്ട്. അത്യുഷ്ണത്തെയും തണുപ്പിനെയും ഉയര്‍ന്ന ആര്‍ദ്രതയുമെല്ലാം അതിജീവിക്കാനുള്ള കാലാവസ്ഥാ പ്രതിരോധശേഷിയാണ് മുറകളെ ഏത് നാടിനും അനുയോജ്യമാക്കി തീര്‍ക്കുന്നത്. ഇന്ത്യയിൽ കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും കാണപ്പെടുന്ന വര്‍ഗ്ഗഗുണം കുറഞ്ഞ നാടന്‍ എരുമകളുടെയും പോത്തുകളുടെയും വർഗ്ഗമേന്മ ഉയര്‍ത്താന്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം നാടന്‍ എരുമകളില്‍ ഗുണനിലവാരമുള്ള മുറ പോത്തുകളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജാധാനമാണ്. ഇത് വഴി ഓരോ തലമുറ പിന്നിടും തോറും നാടന്‍ എരുമകളില്‍ നിന്നും മുറയുടെ ജനിതക മികവുള്ള പോത്തിൻ കിടാക്കളെയും എരുമ കിടാക്കളെയും ലഭിക്കും. ഇന്ത്യയിൽ മാത്രമൊതുങ്ങുന്നല്ല മുറയുടെ കീർത്തി. അതിർത്തികൾ കടന്ന് ലോകത്തോളം വളർന്ന ഇന്ത്യയുടെ അഭിമാന മഹിഷജനുസ്സാണ് മുറ. ഇറ്റലി, ബ്രസീൽ, ഈജിപ്ത്, ബള്‍ഗേറിയ, ഫിലീപ്പൈന്‍സ്, മലേഷ്യ, ചൈന, ഇന്തോനേഷ്യ, റഷ്യ, ശ്രീലങ്ക തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിൽ തദ്ദേശിയ എരുമകളുടെ വര്‍ഗ്ഗമേന്മ വര്‍ദ്ധിപ്പിക്കാന്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗ്ഗം മുറ പോത്തുകളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജാധാനമാണ്.

Also Read: കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നാടന്‍ പോത്തും മുറയും തമ്മില്‍

വളർത്തുന്നതിനായി ചുരുങ്ങിയത് അഞ്ച്-ആറ് മാസമെങ്കിലും പ്രായമെത്തിയ മുറ പോത്തിന്‍ കിടാക്കളെ വാങ്ങുന്നതാണ് അഭികാമ്യം. ഈ പ്രായത്തില്‍ 60-70 കിലോഗ്രാമോളം ശരീരതൂക്കം കിടാക്കള്‍ക്കുണ്ടാകും. ഒരുവര്‍ഷം പ്രായമെത്തിയ മുറ പോത്തിന്‍ കിടാക്കള്‍ക്ക് 150 കിലോഗ്രാമോളം ശരീരതൂക്കമുണ്ടാവും. തമിഴ് നാട്ടിൽ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമൊക്കെയുള്ള നാടന്‍ പോത്തുകളും, നാടൻ എരുമകളെ മുറ പോത്തുകളുമായി വർഗസങ്കരണം ചെയ്തുണ്ടായ സങ്കരയിനം പോത്തുകളും ധാരാളമായി ഇന്ന് നമ്മുടെ കാലിചന്തകളില്‍ എത്തുന്നുണ്ട്. മുറ പോത്തിന്‍ കിടാക്കളുടെ ശരീരതൂക്കം നാടന്‍ പോത്തുകള്‍ക്കുണ്ടാവില്ല. ഇവയെ ചുരുങ്ങിയ വിലയ്ക്ക് ലഭിക്കുമെങ്കിലും തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും രോഗപ്രതിരോധശേഷിയുമെല്ലാം നാടന്‍ പോത്തുകള്‍ക്ക് കുറവായതിനാല്‍ സംരംഭകന് പ്രതീക്ഷിച്ച ആദായം കിട്ടില്ല. മാത്രമല്ല ഇവയില്‍ മരണനിരക്ക് കൂടുതലായതിനാല്‍ സാമ്പത്തികനഷ്ടസാധ്യതയും കൂടും.

ചെറിയ തല, വിസ്താരമുള്ള ഉയര്‍ന്ന നെറ്റിത്തടം, നീണ്ട് തടിച്ച കഴുത്ത്, പാർശ്വങ്ങളിലേക്ക് നീണ്ട കട്ടി കുറഞ്ഞ ചെവികൾ, പിന്നോട്ടും മുകളിലോട്ടും വളര്‍ന്ന് അറ്റം മോതിരവളയം പോലെ അകത്തോട്ട് ചുരുണ്ട അര്‍ദ്ധവൃത്താകൃതിയിലുള്ള പരന്ന് കുറുകിയ കൊമ്പുകള്‍, നല്ല ഉടല്‍ നീളമുള്ള തടിച്ച് കോണാകൃതിയിലുള്ള (wedge shape ) ശരീരം, നിലത്തറ്റം മുട്ടുമെന്ന് തോന്നിക്കുന്നത്ര നീളമുള്ള വാൽ, ഇടതൂർന്ന് വളർന്ന വാലറ്റത്തെ രോമാവരണം എന്നിവയെല്ലാമാണ് ലക്ഷണമൊത്ത ഒരു മുറ പോത്തിന്റെ ശരീര സവിശേഷതകൾ. എണ്ണക്കറുപ്പ് നിറമുള്ള മേനി മറ്റ് പോത്ത് ജനുസ്സുകളെ അപേക്ഷിച്ച് രോമവളര്‍ച്ച കുറവുള്ളതും കൂടുതൽ മിനുസ്സമുള്ളതുമായിരിക്കും. ചില മുറ പോത്തുകളില്‍ നെറ്റിയിലും വാലിന്‍റെ അറ്റത്തും വെള്ളനിറം കാണും. എന്നാൽ കാലിനറ്റത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമെല്ലാം കാണുന്ന വെള്ളനിറമുള്ള പാടുകൾ തനത് ഇനത്തിൽ പെട്ട മുറയുടെ സവിശേഷതയല്ല.

Also Read: മലബാറി: മലയാളനാടിന്റെ പ്രിയമേറും ആടുകൾ

ഒരു വയസ്സിൽ താഴെ മാത്രം പ്രായമെത്തിയ പോത്തിൻ കുട്ടികളിൽ ഈ ശരീരലക്ഷണങ്ങള്‍ പൂര്‍ണ്ണമായും പ്രകടമാവില്ല. അതിനാൽ ചെറിയ പ്രായത്തിൽ ബാഹ്യലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നല്ലയിനം മുറ പോത്തുകളെ തിരഞ്ഞെടുക്കൽ പ്രയാസകരമായിരിക്കും. മുറ ഇനത്തില്‍പ്പെട്ട പോത്തിന്‍കുട്ടികളെ ലഭ്യമാകുന്ന നിരവധി ഏജന്‍സികള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. ആദ്യമായി ഈ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് പോത്തിന്‍ കുട്ടികള്‍ക്കായി വിശ്വാസയോഗ്യമായ ഇത്തരം ഏജന്‍സികളെ ആശ്രയിക്കാം. അല്ലെങ്കില്‍ മുറ എരുമകളെ വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നും മൂന്ന് മാസം പ്രായമെത്തിയ കിടാക്കളെ വാങ്ങി വളര്‍ത്താം. പരിചയസമ്പന്നരായ കര്‍ഷകര്‍ക്ക് കാലിച്ചന്തകളില്‍ നിന്നുതന്നെ മികച്ചയിനം ഉരുക്കളെ കണ്ടെത്തി വിലപേശി വാങ്ങാവുന്നതാണ്. 

പരിപാലനമുറ

ആദ്യമായി ഈ മേഖലയിലേക്ക് കടന്ന് വരുന്ന സംരംഭകര്‍ തുടക്കത്തില്‍ നാലോ അഞ്ചോ പോത്തിന്‍ കിടാക്കളെ വാങ്ങി ഫാം ആരംഭിക്കുന്നതാവും അഭികാമ്യം. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കൂടുതൽ അറിവും അനുഭവങ്ങളും സ്വായത്തമാക്കുകയും മികച്ച വിപണി കണ്ടെത്താന്‍ സാധിക്കുകയും ചെയ്താല്‍ ഘട്ടം ഘട്ടമായി കൂടുതല്‍ പോത്തിന്‍ കിടാങ്ങളെ വാങ്ങി ഫാം വിപുലപ്പെടുത്താം. അത്യല്‍പ്പാദനശേഷിയുള്ള പശുക്കള്‍ക്ക് ഒരുക്കുന്ന രീതിയിലുള്ള വിപുലമായ രീതിയിലുള്ള പാർപ്പിടസൗകര്യങ്ങളൊന്നും മുറ പോത്തിന് വേണ്ടതില്ല. പകല്‍ മുഴുവന്‍ പാടത്തോ പറമ്പിലോ അഴിച്ച് വിട്ടാണ് വളര്‍ത്തുന്നതെങ്കില്‍ രാപ്പാര്‍ക്കുന്നതിനായി മഴയും, മഞ്ഞുമേല്‍ക്കാത്ത പരിമിതമായ പാര്‍പ്പിട സൗകര്യങ്ങള്‍ മതി. മുഴുവന്‍ സമയവും തൊഴുത്തില്‍തന്നെ കെട്ടിയിട്ടാണ് വളര്‍ത്തുന്നതെങ്കില്‍ അല്പം കൂടി മെച്ചപ്പെട്ട തൊഴുത്ത് ഒരുക്കേണ്ടിവരും.

Also Read: കാലവർഷം കനത്തു; ഡയറിഫാമുകളിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തൊഴുത്ത് ഒരുക്കുന്ന രീതി

വെള്ളക്കെട്ടില്ലാത്ത ഭൂമിയില്‍ ഒരടിയുയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് തറയൊരുക്കാം. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു മുറാ പോത്തിന് നില്‍ക്കാനുള്ള സ്ഥലവും തീറ്റത്തൊട്ടിയും ചാണകച്ചാലും ഉള്‍പ്പെടെ 5 ചതുരശ്ര മീറ്റര്‍ (3.6*1.3 മീറ്റര്‍) സ്ഥലം തൊഴുത്തില്‍ നല്‍കണം. മൂന്ന് മാസം വരെയുള്ള പോത്തിന്‍ കിടാക്കള്‍ക്ക് പാര്‍ക്കാന്‍ തൊഴുത്തില്‍ 2.5 ചതുരശ്ര മീറ്റര്‍ സ്ഥലവും മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള പോത്തിന്‍ കുട്ടികള്‍ക്ക് പാര്‍ക്കാന്‍ 3.5 ചതുരശ്ര മീറ്റര്‍ സ്ഥലവും തൊഴുത്തില്‍ നല്‍കണം. പോത്തുകളുടെ എണ്ണം അനുസരിച്ച് ഒറ്റ നിരയായോ രണ്ട് നിരയായോ തൊഴുത്ത് പണിയാം. തറ നിരപ്പില്‍ നിന്ന് ചുരുങ്ങിയത് നാല് മീറ്റര്‍ ഉയരത്തില്‍ വേണം മേല്‍ക്കൂര നിര്‍മ്മിക്കേണ്ടത്. ഫാമിനോട് ചേര്‍ന്ന് തരിശ് കിടക്കുന്ന നെല്‍പ്പാടങ്ങൾ, തെങ്ങ്, കവുങ്ങ് റബ്ബര്‍, എണ്ണപ്പന തോട്ടങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പകല്‍ മുഴുവന്‍ പോത്തുകളെ ഇവിടെ മേയാന്‍ വിട്ട് വളര്‍ത്താം. എന്നാല്‍ തൊഴുത്തില്‍തന്നെ കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയിലും, മേച്ചില്‍ പുറങ്ങളില്‍ പച്ചപ്പുല്ലിന് ക്ഷാമമുള്ള സാഹചര്യത്തിലും പോത്തിനെ വളര്‍ത്താന്‍ തീറ്റപ്പുല്‍ കൃഷിയേയും, വൈക്കോലിനേയും ആശ്രയിക്കേണ്ടിവരും. 

തോട്ടങ്ങളില്‍ ഇടവിളയായോ തനിവിളയായോ തീറ്റ പുൽകൃഷി ചെയ്യാം. വളരുന്ന ഒരു പോത്തിന് അതിന്‍റെ ശരീരതൂക്കത്തിന്‍റെ പത്തിലൊന്ന് എന്ന അളവില്‍ തീറ്റപ്പുല്ല് പ്രതിദിനം (250 കിലോഗ്രാം ശരീരതൂക്കമുള്ള ഒരു പോത്തിന് 25 കിലോഗ്രാം തീറ്റപ്പുല്ല് ) വേണ്ടിവരും. തീറ്റപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങള്‍ക്ക് പുറമെ പിണ്ണാക്കും തവിടും ധാന്യങ്ങളും സമാസമം ചേര്‍ത്ത് തീറ്റമിശ്രിതം തയ്യാറാക്കി ഒരു പോത്തിന് 2-3 കിലോഗ്രാം വരെ സാന്ദ്രീകൃതാഹാരമായി ദിവസവും നല്‍കണം. ഒപ്പം മതിയായ പോഷകങ്ങള്‍ അടങ്ങിയ ധാതുജീവക മിശ്രിതം പതിവായി തീറ്റയില്‍ നൽകുന്നത് വളർച്ച വേഗത്തിലാക്കും. ഒപ്പം വേണ്ടുവോളം ശുദ്ധമായ കുടിവെള്ളം പോത്തിൻ കിടാക്കൾക്ക് ഉറപ്പാക്കണം. തീറ്റയുടെ ലഭ്യതക്കുറവുള്ള സാഹചര്യത്തിലും, തീറ്റയുടെ അധികച്ചിലവ് കുറയ്ക്കുന്നതിനും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നിന്ന് തന്നെ ലഭ്യമാവുന്ന പാരമ്പര്യേതരതീറ്റകള്‍ (unconventional cattle feed) പോത്തുകളുടെ ദൈനംദിന തീറ്റയില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കണം. താരതമ്യേന പരുക്കനായ പാരമ്പര്യേതര തീറ്റകള്‍ ദഹിപ്പിക്കാനുള്ള ശേഷി പോത്തുകൾക്ക് പശുക്കളേക്കാൾ ഏറെയുണ്ട്. വാങ്ങി ഫാമിലെത്തിച്ചതിന് മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞ് ആന്തര പരാദങ്ങളെയും ബാഹ്യ പരാദങ്ങളെയും നശിപ്പിക്കാനുള്ള വിരമരുന്നുകൾ നൽകണം. തുടർന്ന് ഒന്നിടവിട്ട എല്ലാ മാസങ്ങളിലും കൃത്യമായി വിരമരുന്ന് നല്‍കണം. പാടങ്ങളിലും വെള്ള കെട്ടുള്ള പ്രദേശങ്ങളിലും അഴിച്ച് വിട്ട് വളർത്തുന്ന പോത്തുകളിൽ പണ്ടപ്പുഴു (Amphistome) , രക്തക്കുഴൽ വിര (Schistosome) , കരൾ പത്രവിര (Fasciola) തുടങ്ങിയ ആന്തരിക പരാദബാധകൾക്ക് സാധ്യത ഉയർന്നതായതിനാൽ പ്രത്യേകം ജാഗ്രത വേണം.

Also Read: മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന പേവിഷബാധ

പകൽ സമയങ്ങളിൽ വെള്ളത്തിൽ മുങ്ങിക്കിടന്ന് മേനി തണുപ്പിക്കുകയെന്നത് മുറ ഉൾപ്പെടെ പോത്തുകളുടെയെല്ലാം തനത് സ്വഭാവമാണ്. ശരീര താപനില നിയന്ത്രിക്കാനും ശരീര സമ്മർദ്ദം കുറയ്ക്കാനും ഈ ജലക്രീഡ പോത്തുകളെ സഹായിക്കും. പോത്തുകൾക്ക് മതിവരുവോളം മേനി തണുപ്പിക്കാൻ ഫാമുകളോട് ചേർന്ന് ജലാശയങ്ങളോ വെള്ളക്കെട്ടുകളോ ഉണ്ടെങ്കിൽ ഏറെ നന്ന്. അതല്ലെങ്കിൽ ഫാമിനോട് ചേർന്ന് പോത്തിന് മുങ്ങിക്കിടക്കാൻ പാകത്തിന് കൃതിമ ജലാശയങ്ങളോ കോൺക്രീറ്റ് ടാങ്കുകളോ പണി കഴിപ്പിക്കണം.

വിപണനമുറ

പൂര്‍ണ്ണ ആരോഗ്യമുള്ള മുറ പോത്തുകള്‍ 14 മാസം പ്രായമെത്തുന്നത് വരെ ദിനംപ്രതി 700 ഗ്രാം മുതല്‍ 1200 ഗ്രാം വരെ വളരും എന്നാണ് കണക്ക്. മികച്ച പരിപാലനം നല്‍കിയാല്‍ ഒന്നരവയസ്സ് പ്രായമെത്തുമ്പോള്‍ 250 കിലോഗ്രാമും, രണ്ട് വയസ്സ് പ്രായമെത്തുമ്പോള്‍ 450-500 കിലോഗ്രാമും ശരീരത്തൂക്കം മുറ പോത്തുകള്‍ കൈവരിക്കും. ആന്ധ്രയില്‍ നിന്നും, തമിഴ്നാട്ടില്‍ നിന്നും എത്തുന്ന വർഗ്ഗഗുണമില്ലാത്ത നാടന്‍പോത്തുകളെ മൂന്ന് കൊല്ലം വളര്‍ത്തിയാലും പരമാവധി 300-350 കിലോഗ്രാം ശരീരതൂക്കം മാത്രമേ കൈവരിക്കുകയുള്ളൂ. നാടന്‍ പോത്തുകളുടെ ശരീര വളര്‍ച്ച മൂന്ന് വയസ്സ് പ്രായമെത്തുന്നതോടെ നിലക്കുമ്പോള്‍ അഞ്ച് വയസ്സ് വരെ വളരാനും ശരീരതൂക്കം വര്‍ദ്ധിപ്പിക്കാനുമുള്ള ശേഷി മുറകള്‍ക്കുണ്ട്. പൂര്‍ണ്ണ വളര്‍ച്ചകൈവരിച്ച ഒരു മുറാ പോത്തിന് ശരാശരി 750-800 കിലോഗ്രാം ശരീരത്തൂക്കമുണ്ടാകും. കശാപ്പ് ചെയ്യുന്ന ഭക്ഷ്യയോഗ്യമായ ഉരുക്കളുടെ എല്ല് അടക്കമുള്ള മാംസത്തിന്റെ അളവാണ് ഡ്രസ്സിങ് ശതമാനം. പോത്തുകളിൽ ഇത് ശരാശരി 50-55 ശതമാനം വരെയാണ്. അതായത് 250 കിലോ ശരീരതൂക്കമുള്ള ഒരു പോത്തിനെ കശാപ്പ് ചെയ്താൽ അതിൽ നിന്നും 140 കിലോയോളം ഉപയോഗപ്രദമായ എല്ലോട് കൂടിയ മാംസം ലഭിക്കും. തീറ്റപരിവർത്തന ശേഷി, വളർച്ച നിരക്ക്, തീറ്റച്ചിലവ്‌, ഇറച്ചിയുടെ ഗുണമേന്മ, ഉപഭോക്താക്കളുടെ താല്പര്യം എന്നിവ ചേർത്ത് പരിഗണിക്കുമ്പോൾ ഒന്നര-രണ്ട് വയസ് പ്രായമെത്തുമ്പോള്‍ തന്നെ പോത്തുകളെ മാംസവിപണിയില്‍ എത്തിക്കുന്നതാണ് സംരംഭകനെ സംബന്ധിച്ചിടത്തോളം ലാഭകരം. പെരുന്നാള്‍, ക്രിസ്തുമസ്, മറ്റ് വിശേഷ ഉത്സവങ്ങള്‍ തുടങ്ങി പോത്തിന് മോഹവില ലഭിക്കുന്ന അവസരങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇടനിലക്കാരെ ഒഴിവാക്കി പോത്തിനെ വിപണിയിലെത്തിക്കുന്നതിലാണ് സംരംഭകന്‍റെ മിടുക്കും നേട്ടവും എന്ന ലാഭമുറ “മുറ”യുടെ കാര്യത്തിൽ മറന്നുപോവരുത്.

Also Read: അരുമപശുക്കളെ വേനലിൽ വാടാതെ കാക്കാം

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]