കൂർക്ക കൃഷി ചെയ്യാൻ ചില പൊടിക്കൈകൾ; ജൈവ കൃഷിയ്ക്ക് അനുയോജ്യം, ഒപ്പം പോഷക സമൃദ്ധവും
കൂർക്ക കൃഷി ചെയ്യാൻ ചില പൊടിക്കൈകൾ; ജൈവ കൃഷിയ്ക്ക് അനുയോജ്യം,ഒപ്പം പോഷക സമൃദ്ധവും. ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിത ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും നന്നായി വളരുന്ന കൂർക്ക കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് അനിയോജ്യമാണ്. പോഷകങ്ങളുടെ കലവറയായ ഈ കിഴങ്ങു വര്‍ഗക്കാരൻ മലയാളിയുടെ തീന്മേശയിലെ ജനപ്രിയനുമാണ്.
20 ശതമാനം അന്നജം അടങ്ങിയിരിക്കുന്ന കൂർക്കയിൽ കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്ലോവിന്‍, നിയാസിന്‍, ജീവകം സി എന്നിവയുമുണ്ട്. ജൂലൈ മുതല്‍ ഒക്ടോബര്‍വരെയാണ് കൂർക്ക കൃഷിയ്ക്ക് യോജിച്ചത്. നഴ്‌സറികളിൽ വിത്തു കിഴങ്ങ് നട്ട് ഉണ്ടാക്കുന്ന തലപ്പാണ് നടാൻ ഉത്തമം. രാസവളങ്ങളോ കീടനാശിനികളോ ഒന്നും ഉപയോഗിക്കാതെ തന്നെ കൂര്‍ക്ക നല്ല വിളവു നല്‍കുന്നു.
ഇടവിളയായും അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം എന്നതാണ് കൂർക്കയുടെ മേന്മ. പുതുമഴ പെയ്യുന്ന സമയമാണ് കൂര്‍ക്ക നടാന്‍ അനുയോജ്യമായ സമയം. ചട്ടിയിലോ ഗ്രോബാഗിലോ നിലത്തോ നടാം. വളക്കൂറു കുറഞ്ഞ മണ്ണാണെങ്കില്‍ പച്ചിലവളവും ചാണകവും ചേർക്കാൻ ശ്രദ്ധിക്കണം. വിത്തു പാകി ഏകദേശം ഒരു മാസം വളർച്ചയാകുമ്പോൾ തലപ്പിന്റെ അഗ്രഭാഗം മുറിച്ചെടുത്ത് മാറ്റി നടാവുന്നതാണ്.
ഉണങ്ങിയ ആട്ടിന്‍ കാഷ്ടമോ ഉണങ്ങിയ ചാണകപ്പൊടിയോ വളമായി ചേര്‍ത്തു കൊടുക്കാം. ജൂലൈയില്‍ ആണ് നടുന്നതെങ്കില്‍ ഡിസംബറോടു കൂടി വിളവെടുപ്പിന് പാകമാകും. നിമാവിര ഉണ്ടാക്കുന്ന മന്തുരോഗമാണ് കൂർക്കയുടെ പ്രധാന ശത്രു. ഉമിയും കശുമാവിലയും മണ്ണില്‍ ചേര്‍ക്കുക വഴി നിമാവിരയുടെ ശല്യം ഒഴിവാക്കാം.
Also Read: വൈക്കത്തുണ്ട് നല്ല ജൈവ പശുവിൻ പാൽ; പുത്തൻ പരീക്ഷണവുമായി വൈക്കത്തെ ജൈവ കർഷകർ
Image: vegrecipesofindia.com