കോവിഡ് പ്രതിസന്ധി: ചമയം മാറ്റി കിഴങ്ങ് കൃഷിയിലേക്കിറങ്ങി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ
എൺപതുകളിൽ ആരും കടന്നുവരാൻ മടിക്കുന പ്രൊഫഷണൽ പന്തൽ നിർമ്മാണ രംഗത്തേക്ക് ധൈര്യപൂർവ്വം കടന്നെത്തി മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ചമയം അഷ്റഫ്. ഫുട്ബോൾ കായിക മത്സരങ്ങൾക്ക് വൻ ഗ്യാലറികളും, വളരെയേറെ പരിപാടികൾക്ക് മികച്ച പന്തലുകളുമൊക്കെ ഒരുക്കി കരവിരുതിന്റെ അനുഭവതഴക്കത്തോടെ പ്രവര്‍ത്തിക്കുന്ന ചമയം എന്ന സ്ഥാപനവും അഷ്റഫും ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ പ്രസിദ്ധമാണ്. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമമായ വളയംകുളത്താണ് അൻപതിയാറുക്കാരനായ അവുങ്ങാട്ടിൽ വീട്ടിൽ അഷ്റഫിന്റെ ചമയം ലൈറ്റ് ആന്റ് സൗണ്ട് പ്രവർത്തിക്കുന്നത്.
കോവിഡ് പ്രതിസന്ധിമൂലം നിനച്ചിരിക്കാതെ വരുമാനം നിലയ്ക്കുകയും കുടുംബഗതി താറുമാറാകുകയും ചെയ്തു. ഇന് എന്ത് എന്ന അവസ്ഥയിലെത്തിയെപ്പോഴാണ് തൃശ്ശൂരും പാലക്കാടുമൊക്കെയുള്ള പന്തൽ പണികൾക്കായുള്ള യാത്രകളിൽ, പലയിടങ്ങളിലായ് കണ്ട കൂർക്ക കൃഷി നേർത്ത പ്രതീക്ഷയോടെ മനസ്സിലേക്കെത്തിയത്. കേരളത്തിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിലായ് കൂർക്ക കൃഷിയെ കാത്തു പോരുന്ന നിരവധി സജീവ കർഷകരുണ്ട്. അഷ്റഫിന്റെ മലപ്പുറം ജില്ലയിൽ ഉൾപ്പെട്ട വളയംകുളത്താണങ്കിൽ, കൂര്‍ക്ക പതിവ് കൃഷിയുമല്ല.
Also Read: കോവിഡ് പ്രതിസന്ധി: പുതുതായി കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയാനുള്ളത്
കൂർക്ക കൃഷിയെ കുറിച്ച് കൂടുതലായ് അറിയാൻ ശ്രമിച്ചപ്പോൾ ഒരു കര്യം ബോധ്യപ്പെട്ടു. ഫലഭുയിഷ്ഠമായ നെൽവയലുകളിൽ വരമ്പിട്ട് നടുന്ന കൂർക്ക കൃഷി മികച്ച വിളവ് തരുമെങ്കിലും, മികച്ച ഗുണവും മണവുമുള്ള കൂർക്ക ലഭിക്കണമെങ്കിൽ, ഇളക്കമുള്ള ചുവന്ന കരമണ്ണിൽ തന്നെ കൃഷി ചെയ്യണം. അതോടെ രണ്ടര ഏക്കർ കരസ്ഥലം പാട്ടത്തിനെടുത്താണ് കൂർക്ക കൃഷിയിറക്കി. തൃശൂർ പീച്ചിയിലെ പരമ്പരാഗത കൂർക്ക കർഷകരാണ് കൃഷിക്കായുള്ള വള്ളിതലപ്പുകൾ നല്‍കിയത്. കൃഷിയുടെ കുറെയേറെ പ്രാഥമിക കാര്യങ്ങൾ അവരിൽ നിന്നും പഠിച്ചെടുക്കുകയും ചെയ്തു.
കർഷകരെക്കാളധികം പ്രവാസികൾ നിറഞ്ഞ വളയംകുളം നാട്ടിൽ, വളരെയൊന്നും കാണാത്ത കൂർക്കകൃഷി അതും, രണ്ടര ഏക്കറിൽ, ഗ്രാമത്തിനാകെ വിസ്മയ കാഴ്ചയായ് പച്ച വിരിച്ചങ്ങിനെ കിടക്കുന്നത് അഷ്റഫിന്റെ ഈ ചടുലമായ തീരുമാനത്തിന്റെ ഭാഗമായാണ്. ഭക്ഷ്യ സുരക്ഷയോടൊപ്പം നാട്ടിൽ പതിവില്ലാത്ത കൃഷിയിലുടെ, മികച്ച വിപണിയും മറ്റുള്ളവർക്കൊരു മാതൃകയും ആകട്ടെ എന്ന് ചിന്തിച്ചാണ് കൂർക്ക കൃഷിക്കിറങ്ങിയതെന്ന് അഷ്റഫ് പറയുന്നു.
Also Read: പൊതുപ്രവർത്തനത്തോടൊപ്പം ലാഭകരമായ ആട് ഫാം; മാതൃകാ കർഷകനായ ഹമീദ് ഇങ്ങിനെയാണ്
പട്ടിണി കാലങ്ങളിൽ നമ്മുടെ പൂർവ്വികരുടെ വിശപ്പാറ്റിയിരുന്ന കിഴങ്ങുകളോടുള്ള ആദരവ് അഷ്റഫിന്റെ വാക്കുകളില്‍ വ്യക്തമാണ്. കൂർക്ക കൃഷിടയോടൊപ്പം തന്നെ, ചാലിശ്ശേരിയിൽ, ഒന്നര ഏക്കറിൽ കൊള്ളിയും, അര ഏക്കറിൽ മധുര കിഴങ്ങും ഇറക്കിയിട്ടുണ്ട്. അര ഏക്കറിലായി നേന്ത്രവാഴ കൃഷിക്കും, പച്ചക്കറി കൃഷികൾക്കുമൊക്കെ അഷ്റഫ് തുടക്കം കുറിച്ചതും ഈ കോവിഡ് പശ്ചാത്തലത്തിലാണ്
കൃഷിയും, പച്ചപ്പും. സമൃദ്ധി നേടുന്നതിനോടൊപ്പം. ഇപ്പോഴുള്ള പ്രതിസന്ധിയുടെ മാനസിക സമർദ്ദങ്ങൾ കുറേയൊക്കെ ലഘൂകരിക്കുവാനും കഴിഞ്ഞെന്നാണ് അഷ്റഫ് അനുഭവത്തിലൂടെ പറയുന്നത്. കോവിഡ് പ്രതിസന്ധി അവസാനിച്ചാലും, ലൈറ്റ് ആന്റ് സൗണ്ടിനൊപ്പം കൃഷിയേയും കൂടെ കൂട്ടാനാണ് അഷ്റഫ് തീരുമാനം. കാർഷിക ഇടപെടലുകൾക്ക് ആലംങ്കോട് കൃഷിഭവന്റെയും, ചാലിശ്ശേരി കൃഷിഭവന്റെയും ഉറച്ച പദ്ധതി പിന്തുണകളും, കാർഷിക ഉദ്യോഗസ്ഥരുടെ നിരന്തര കൃഷിയിട സന്ദർശനങ്ങളും, ഉപദേശ നിർദ്ദേശങ്ങളും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഭാര്യ റംല, മക്കൾ അക്ബർ, ആസിഫ, അനിഷ, മരുമകൾ സബ്ന എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും അഷ്റഫിനുണ്ട്.