നാളികേര കൃഷി 1280 ഹെക്ടറിൽ കൂടി വ്യാപിപ്പിക്കാൻ നാളികേര വികസന ബോർഡ്; 193 കോടിയുടെ പദ്ധതികൾ നടപ്പിലാക്കും

നാളികേര കൃഷി 1280 ഹെക്ടറിൽ കൂടി വ്യാപിപ്പിക്കാൻ നാളികേര വികസന ബോർഡ്; 193 കോടിയുടെ പദ്ധതികൾ നടപ്പിലാക്കും. 2018-19 കാലത്തേക്കാണ് 193 കോടി രൂപ വകയിരുത്തിയത്. നാളികേര വികസന ബോര്‍ഡിന്റെ ബംഗളൂരുവില്‍ ചേര്‍ന്ന 133 മത് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം തുകയുടെ 10 ശതമാനവും വകയിരുത്തിയിട്ടുണ്ട്.

16.6 ശതമാനം (32.038 കോടി രൂപ) പട്ടികജാതി ഉപപദ്ധതിക്കും 8.6 ശതമാനം (15 കോടി രൂപ) ഗിരിവര്‍ഗ്ഗ ഉപപദ്ധതിക്കും, 3 ശതമാനം അംഗപരിമിതര്‍ക്കുമായി നീക്കിവച്ചു. നാളികേര ഉത്പാദനവും വിപണനവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര ടെക്‌നോളജി മിഷന്റെ കീഴില്‍ 17 കോടി രൂപയും, മാര്‍ക്കറ്റിംഗ് വിഭാഗത്തിന് 4 കോടി രൂപയും, പ്രചാരണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടിയും വകയിരുത്തിയിട്ടുണ്ട്.

നാളികേര കൃഷി വിസ്തൃതി വ്യാപന പദ്ധതിയുടെ കീഴില്‍ നിലവിലുള്ള മാനദണ്ഡമനുസരിച്ച് 1280 ഹെക്ടര്‍ വിസ്തൃതി വ്യാപിപ്പിക്കാനും, കോക്കനട്ട് നഴ്‌സറി പദ്ധതിയ്ക്കു കീഴില്‍ 15 ലക്ഷം തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും തീരുമാനമായി. കേര വൃക്ഷ ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴില്‍ 10 സംസ്ഥാനങ്ങളിലായി 105 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും അനുമതി നല്‍കി. വിജ്ഞാന വ്യാപന പ്രര്‍ത്തനങ്ങളുടെ ഭാഗമായി 250ല്‍പ്പരം സെമിനാറുകള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

175 ലക്ഷം രൂപയാണ് നൈപുണ്യവികസന പരിശീലനപരിപാടികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളിലായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, നീര ടെക്‌നീഷ്യന്‍, കരകൗശല പരിശീലനം തുടങ്ങിയ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തൊട്ടാകെ 112 ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കുക. എകദേശം 50ല്‍പ്പരം പ്രദര്‍ശന മേളകളില്‍ ബോര്‍ഡ് പങ്കെടുക്കും. കൂടാതെ ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിനകത്തും പുറത്തും പങ്കെടുക്കാനുദ്ദേശിക്കുന്ന പ്രദര്‍ശന മേളകളില്‍ സംരംഭകര്‍ക്കും, നാളികേര ഉത്പാദക കമ്പനികള്‍ക്കും പങ്കെടുക്കുന്നതിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.

ബയര്‍ സെല്ലര്‍ മീറ്റുകള്‍ മെട്രോ നഗരങ്ങളില്‍ സംഘടിപ്പിക്കുക, 40 കോക്കനട്ട് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, കൃഷി കല്ല്യാണ്‍ അഭിയാന്‍ പദ്ധതിയുടെ കീഴില്‍ വിവിധ ജില്ലകളില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി (ത്വരിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പിന്നോക്ക ജില്ലകള്‍) ആവിഷ്‌കരിച്ച് നടപ്പാക്കുവാനും ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.

Also Read: മഴ വില്ലനാകില്ല; ഓണത്തിന് വിപണിവിലയേക്കാൾ വിലക്കുറവിൽ പച്ചക്കറി