റബർ കർഷകർക്ക് തലവേദനയായി കുമിൾ രോഗമായ കോറിനിസ്പോറ; പ്രധാന ലക്ഷണങ്ങളും മുൻകരുതലുകളും

സംസ്ഥാനത്തെ റബർ കർഷകർക്ക് തലവേദനയാകുകയാണ് കുമിൾ രോഗമായ കോറിനിസ്പോറ. ഫെബ്രുവരി മുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിലാണ് ഈ രോഗം വ്യാപകമായി കാണപ്പെടുന്നത്. കേരളത്തിലെ റബർ കർഷകർക്കിടയിൽ ഏറെ പ്രചാരമുള്ള ആർആർ 11-105 ഇനം റബർ മരത്തിലാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്.

കോറിനിസ്പോറ കാസിക്കോള എന്ന കുമിളാണ് ഈ രോഗത്തിനു പിന്നിലെ വില്ലൻ. സ്വാഭാവിക ഇലകൊഴിച്ചൽ കഴിഞ്ഞശേഷം വരുന്ന പച്ചനിറമുള്ള തളിരിലയെയാണ് ഈ രോഗം ബാധിക്കുക. തുടർന്ന് മറ്റ് ഇലകളെയും ബാധിക്കും. വ്യത്യസ്ത വലുപ്പത്തിൽ വൃത്താകൃതിയിൽ കടലാസുപോലുള്ള മധ്യഭാഗത്തോടുകൂടിയ തവിട്ടുനിറത്തിലുള്ള അരികുകളുള്ള പാടുകൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം.

തവിട്ടുപാടുകൾക്ക് ചുറ്റും മഞ്ഞനിറം വ്യാപിക്കുകയും ചെയ്യും. മധ്യഭാഗം ക്രമേണ കരിഞ്ഞ് ദ്വാരം രൂപപ്പെടുന്നു, രോഗം ഇലഞരമ്പുകളിൽ മുഴുവൻ ബാധിക്കുന്നതോടെ ഇല പൊളിഞ്ഞ് കമ്പുകൾ ഉണങ്ങിനശിക്കും. ഇലയുടെ അരികുകൾ മടങ്ങി തണ്ടുകൾ ബാക്കിയായി ഇല പൊഴിയുന്ന പൊടിക്കുമിൾരോഗവും കോറിനിസ്പോറയും രണ്ടും രണ്ടാണ്.

മൂന്നു വർഷംവരെ പ്രായമുള്ള റബർ മരങ്ങൾക്ക് ഒരു ശതമാനം വീര്യമുള്ള ബോഡോ മിശ്രിതമോ, ഡൈതേൻ എം 45 രണ്ടരഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തിയോ, ബാവസ്റ്റിൻ ഒരുഗ്രാം ഒരു ലിറ്ററിൽ കലർത്തിയോ തളിക്കുകയാണ് കോറിനിസ്പോറയ്ക്കുള്ള പ്രധാന ചികിത്സ. മൂന്നു വർഷത്തിലേറെ പ്രായമായ മരങ്ങളിൽ കോപ്പർ ഓക്സിക്ലോറൈഡ് (56%) സ്പ്രേ ഓയിലുമായി 1:5 എന്ന അനുപാതത്തിൽ (കി.ഗ്രാം അഞ്ചുലിറ്റർ ഓയിൽ) കലർത്തി മൈക്രോൺ സ്പേയർ ഉപയോഗിച്ച് തളിച്ചും രോഗം നിയന്ത്രിക്കാൻ കഴിയും.

Also Read: വ്യത്യസ്തമാണെങ്കിലും സത്യത്തിലാരും തിരിച്ചറിയാത്ത കുന്തിരിക്കം കൃഷിയെക്കുറിച്ച് അറിയാം

Image: pixabay.com