കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനം

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏല്‍പ്പിച്ച ആഘാതങ്ങളെ കുറിച്ച് വസ്തുതാപരമായ വിവരങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കാർഷികമേഖലയിലായിരുന്നു നോട്ട് നിരോധനം ഏറ്റവും ശക്തമായി ബാധിക്കപ്പെട്ടത്. ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ആഭ്യന്തര വളർച്ച നിരക്ക് 5.7 ശതമാനം ആയും കാർഷിക മേഖലയിലെ വളർച്ച നിരക്ക് 2.3 ശതമാനം ആയും കുറഞ്ഞു. നോട്ട് നിരോധനത്തിലൂടെ ലഭിക്കുന്ന പണം കാർഷിക രംഗത്ത് വലിയ തോതിൽ നിക്ഷേപം നടത്തുവാൻ അവസരമൊരുക്കും എന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടത്തിയ അവകാശവാദം.  കൂടുതൽ ജലസേചന പദ്ധതികൾ നടപ്പിലാക്കുക, കുറഞ്ഞ പലിശ നിരക്കിൽ കർഷകർക്ക് വായ്പ ലഭ്യമാക്കുക എന്നിവയൊക്കെ ഉദ്ദേശ ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ 99  ശതമാനം കാശും സമ്പദ് വ്യവസ്ഥയിലേക്കു തിരികെ വന്നു എന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ഉദ്ദേശലക്ഷ്യ പൂർത്തീകരണം ചോദ്യചിഹ്നമായി തന്നെ തുടരും എന്ന് അനുമാനിക്കാം.

ഇന്ത്യൻ ജനസംഖ്യയുടെ 55 ശതമാനത്തിലധികം കൃഷിയെ ആശ്രയിക്കുന്ന ചെറുകിട, ഇടത്തരം കർഷകരും, ഭൂരഹിത കർഷക തൊഴിലാളികളും ആണ്. കാർഷിക മേഖലയിലെ കൊടുക്കൽ വാങ്ങലുകൾ പ്രധാനമായും പണം രൂപേണയാണ് ഇപ്പോഴും നടക്കുന്നത്. നോട്ട് നിരോധനം കഴിഞ്ഞു പത്തു മാസത്തിലധികം പിന്നിടുമ്പോഴും ഇപ്പോഴും പല പ്രാദേശിക ബാങ്ക് ശാഖകളിലും പണം ആവശ്യാനുസരണം ലഭ്യമല്ല. അതിനാൽ തന്നെ സമയബന്ധിതമായി ചെക്ക് മാറാൻ അവർക്കാകുന്നില്ല. നോട്ട് നിരോധനത്തോട് അനുബന്ധിച്ചു നിശബ്ദമായ പല എ ടി എമ്മുകളിലും ഇപ്പോഴും തൽസ്ഥിതി തുടരുന്നു.

ആളൊഴിഞ്ഞുകിടക്കുന്ന കൃഷ്ണഗിരിയിലെ പച്ചക്കറിച്ചന്ത (നോട്ടുനിരോധനക്കാലം)

രണ്ടു വർഷം നീണ്ടു നിന്ന വരൾച്ചയാൽ കടുത്ത പ്രതിസന്ധിയിൽ ആയിരുന്ന കർഷകസമൂഹം 2016 ൽ ലഭിച്ച മഴയുടെ പിൻബലത്തിൽ പതിയെ കരകയറുന്ന സമയത്തായിരുന്നു അവരുടെ നട്ടെല്ലൊടിച്ചു നോട്ട് നിരോധനം നടപ്പിലാക്കിയത്. 86 ശതമാനം നോട്ടുകൾ അസാധുവായത്തോടു കൂടെ കാർഷിക മേഖലയിൽ സാമ്പത്തിക ഇടപാടുകൾ ഒട്ടും നടക്കാതെയായി. ദിവസക്കൂലി നല്‍കാനില്ലാത്തതിനാൽ കർഷകകര്‍ക്ക് തൊഴിലാളികളെ ലഭ്യമല്ലാത്ത സ്ഥിതിവിശേഷം സംജാതമായി. മാത്രമല്ല, വളം, കീടനാശിനി, കൃഷിക്കാവശ്യമായ മറ്റുപകരണങ്ങൾ എന്നിവ സമയബന്ധിതമായി വാങ്ങാനാവാതെയും വന്നു. ഇത് വർഷകാല വിളവെടുപ്പിനെയും ശൈത്യകാല (റാബി) വിത്ത് വിതക്കലിനെയും പ്രതികൂലമായി ബാധിച്ചു. വിളകളുടെ വില കുത്തനെ ഇടിയുകയും വില്പനാനിരക്ക് അതിയായി കുറയുകയും ചെയ്തു. പണം ലഭ്യമല്ലാത്തതിനാൽ തന്നെ ശൈത്യകാല കൃഷിക്ക് അത്യന്താപേക്ഷിതമായ അത്യുല്പാദനവിത്തുകൾ വാങ്ങാനാവാത്ത സാഹചര്യം രൂപപ്പെടുകയും അതിനാൽ തന്നെ കൃഷിക്ക് മുൻവർഷത്തെ വിത്തുകൾ ഉപയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഇത് കായ്‌ഫലം കുറയുവാനും കാരണമാക്കി.

പച്ചക്കറി പഴവർഗ ഉത്പാദകരെ നോട്ട് നിരോധനം തീക്ഷ്ണമായി ബാധിച്ചു. വില കുത്തനെ ഇടിയുകയും, വിള കേടു കൂടാതെ സംഭരിക്കുവാനുള്ള ശീതീകരണ സജ്ജീകരണങ്ങളുടെ അഭാവത്താലും, ഗതാഗത ലഭ്യതക്കുറവിനാലും ലഭ്യമായ വിലക്ക് അവ വിൽക്കേണ്ടതായ സാഹചര്യം ഉളവായി. പലപ്പോഴും വളരെ തുച്ഛമായ വിലക്കായിരുന്നു പച്ചക്കറി പഴവർഗ്ഗങ്ങൾ കർഷകരുടെ കയ്യിൽ നിന്നും വിറ്റു പോയിരുന്നത്. ഛത്തീസ്ഗഡിലെ റായ്പ്പൂർ ജില്ലയിൽ വില ലഭിക്കാത്തതു കൊണ്ട് മാത്രം ചാക്ക് കണക്കിന് തക്കാളി ലോറി കയറ്റി ചതച്ചതും, ഛത്തീസ്ഗഡിലെ തന്നെ പ്രഗതീശിൽ കർഷകസംഘം പച്ചക്കറി പഴവർഗങ്ങൾ സൗജന്യമായി വിതരണം ചെയ്തതും നോട്ട് നിരോധനത്തിന്റെ പരിണിത ഫലങ്ങൾ ആയിരുന്നു. എന്നാൽ നഗരങ്ങളിലെ ചന്തകളിൽ ആനുപാതികമായ വിലക്കുറവ് അനുഭവപ്പെട്ടിരുന്നില്ല. കാരണം, ഇക്കാലയളവിൽ ഇടനിലക്കാർ ഭീമമായ നേട്ടം കൊയ്തെടുത്തിരുന്നു. അതിനാൽ തന്നെ നഗരവാസികള്‍ വലിയൊരളവു വരെ കാർഷിക പ്രതിസന്ധിയെക്കുറിച്ചു അറിഞ്ഞതുമില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.

“നോട്ടുനിരോധനം ജീവിതസാഹചര്യത്തെ അവതാളത്തിലാക്കി” – തമിഴ് കര്‍ഷക ദമ്പതികള്‍

തെക്കുപടിഞ്ഞാറന്‍ കാലവർഷവും വടക്കുകിഴക്കൻ കാലവർഷവും ഒരു പോലെ അവഗണിച്ച തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളിൽ നോട്ട് നിരോധനം കർഷക ജീവിതങ്ങളെ അക്ഷരാർത്ഥത്തിൽ ദുരിതമയമാക്കിത്തീർത്തു. കാവേരി നദീതടങ്ങളിലൂടെ അന്ന് നടത്തിയിരുന്ന യാത്രയിൽ ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞത് തികച്ചും വേദനാജനകമായ ഒരു ചിത്രമായിരുന്നു. കൃഷ്ണഗിരി ജില്ലയിൽ അന്ന് കണ്ടു മുട്ടിയ നാരായണപ്പ എന്ന ചെറുകിട കർഷകൻ തനിക്കു പാരമ്പര്യമായി ലഭിച്ച കൃഷിയിടത്തിൽ വിളഞ്ഞു നിന്ന കാബ്ബജ്  ഫലങ്ങളെ കുറിച്ചോർത്തു ആകെ അസ്വസ്ഥനായിരുന്നു. നോട്ട് നിരോധനത്തിന് മുന്നേ ചാക്കൊന്നിനു അഞ്ഞൂറ് രൂപയോളം ലഭിച്ചിരുന്ന കാബ്ബജ് നോട്ട് നിരോധനത്തിന് ശേഷം പെട്ടെന്നായിരുന്നു നൂറു രൂപയിലേക്കെത്തിയത്. സംഭരണ സജ്ജീകരണങ്ങൾ ഇല്ലാത്തതിനാൽ തന്നെ വിളവെടുപ്പിനു ശേഷം ലഭ്യമായ വിലക്ക് അവയെ വിൽക്കാതെ തരമില്ലായിരുന്നു. തൊഴിലാളികൾക്കു കൂലി നൽകുവാനും കഴിയാതെ ആകെ ഉഴറി നിൽക്കുന്ന ഒരു കർഷകനെ ആയിരുന്നു അന്ന് കണ്ടു മുട്ടിയത്. ഞങ്ങൾക്ക് സംസാരിക്കുവാനായ മറ്റു കർഷകരുടെ സ്ഥിതിയും ഒട്ടും പ്രതീക്ഷാനിർഭരമായിരുന്നില്ല. 

നോട്ട് നിരോധനം അതിഭീകരമായി ബാധിച്ചത് ഭൂരഹിത കർഷക തൊഴിലാളി സമൂഹത്തെയായിരുന്നു. ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അവർക്കു പണലഭ്യതക്കുറവിനാൽ തന്നെ തൊഴിൽ ഇല്ലാതെയാവുകയും  അതാതു ഗ്രാമങ്ങളിലെ പലിശക്കച്ചവടക്കാരെ ആശ്രയിക്കേണ്ടതായ സാഹചര്യമുണ്ടാക്കുകയും ചെയ്തു. അതവരെ കടക്കെണിയിലേക്കു തള്ളിയിടുകയാണുണ്ടായത്. 

നോട്ട് നിരോധനം നടപ്പിലാക്കുന്ന വേളയില്‍ സര്‍ക്കാരും ബാങ്കുകളും ജനങ്ങളോട് ഡിജിറ്റൽ ഇടപാടുകൾ നടത്തുവാൻ തുടര്‍ച്ചയായി നിര്‍ദ്ദേശിച്ചുകൊണ്ടിരുന്നു. ഏതാനും നഗരങ്ങളെ മാറ്റിനിറുത്തിയാല്‍, ആധുനിക ബാങ്കിംഗ് സംവിധാനങ്ങള്‍ തെല്ലും പരിചയിച്ചിട്ടില്ലാത്തതും അടിസ്ഥാനസൗകര്യം ലഭ്യമാക്കാത്തതുമായ ചെറുപട്ടണങ്ങളും, ഗ്രാമീണ ഇന്ത്യയും രായ്ക്കുരാമാനകൊണ്ട് ഡിജിറ്റല്‍ ഇടപാട് നടത്തിതുടങ്ങും എന്നത് ഏതെങ്കിലും യുക്തിക്ക് നിരക്കുന്ന കാര്യമല്ല. നോട്ട് നിരോധനം കഴിഞ്ഞു പത്തു മാസം പിന്നിടുമ്പോഴും ഇന്ത്യൻ ഗ്രാമങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിൽ എങ്ങുമെത്തിയിട്ടില്ല. അടിസ്ഥാനപരമായ സജ്ജീകരണങ്ങൾ പോലും നടപ്പിലാക്കാതെ, വേണ്ടത്ര മുന്നൊരുക്കമില്ലാതെ തിടുക്കത്തിൽ നോട്ട് നിരോധനം പോലൊരു ബൃഹദ് പദ്ധതി നടപ്പിലാക്കിയത് എന്തിനായിരുന്നു?

നോട്ട് നിരോധനത്തോടനുബന്ധിച്ചു ബാംഗ്ലൂർ റൂറൽ, ഹൊസൂർ, കൃഷ്ണഗിരി എന്നീ ജില്ലകളിലൂടെ നടത്തിയ യാത്രയിൽ മനസ്സിലാക്കുവാൻ കഴിഞ്ഞത് ഗ്രാമങ്ങൾക്കും തൊട്ടടുത്ത ബാങ്ക്/എടിഎം സൗകര്യങ്ങൾക്കും തമ്മിൽ 25 കിലോമീറ്ററിലേറെ ദൂരമുണ്ടെന്നായിരുന്നു. പല ഗ്രാമങ്ങളിലും എ ടി എം പ്രവർത്തനം നിലക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനത്തോടനുബന്ധിച്ചു പണം പിൻവലിക്കുന്നതിൽ പരിധി നിശ്ചയിച്ചിരുന്നതിനാൽ തന്നെ ആവശ്യാനുസരണം പണം ലഭ്യമാകാതെ കർഷകർ വലഞ്ഞു.

നാരായണപ്പ, കര്‍ഷകന്‍ (തളി)

രാജ്യത്തിന്റെ പലഭാഗങ്ങളിലും പണവിതരണം വലിയൊരു പരിധിവരെ  നടന്നിരുന്നത് സഹകരണ സംഘങ്ങളിലൂടെയായിരുന്നു. സഹകരണ സംഘങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണം കർഷകരുടെ ദുരിതം ഇരട്ടിപ്പിച്ചു. ഹൊസൂർ ജില്ലയിലെ തളി എന്ന സ്ഥലത്തു ഞങ്ങൾ കണ്ടു മുട്ടിയ മറ്റൊരു ചെറുകിട കർഷകൻ രോഷത്തോടെ ഞങ്ങളോട് ചോദിച്ചു, “പണം മാറുവാനും നിക്ഷേപിക്കുവാനും ഞങ്ങൾ ദിവസവും ബാങ്കിൽ പോയി ക്യൂ നിന്നാൽ കൃഷിപ്പണി ആര് ചെയ്യും?” അദ്ദേഹം തന്റെ ഭാര്യയോടും മകളോടും ഒപ്പം തിരക്കിട്ട പണിയിലായിരുന്നു.

“നൂറ്റി അമ്പത് രൂപയാണ് നിലവില്‍ 60 എണ്ണം വീതം നിറയ്ക്കുന്ന ഒരു ചാക്ക് ക്യാബേജിന് വില, കൃഷി ചെയ്യുന്നതുകൊണ്ട് പ്രയോജനമുണ്ടാകണമെങ്കില്‍ ഒരു ചാക്കിന് മൂന്നൂറ് രൂപയെങ്കിലും ലഭിച്ചേ മതിയാകൂ. നോട്ടു നിരോധനം പ്രശ്നത്തെ രൂക്ഷമാക്കി. കൃഷി ചെയ്ത് ഉത്പാദിപ്പിച്ച ക്യാബേജ് വാങ്ങാന്‍ ആളില്ലാതായി, ഒപ്പം തന്നെ വില്‍ക്കുന്ന ഉത്പന്നത്തിന് കൃത്യമായി പണം ലഭിക്കാതെയുമായി, കാര്‍ഷികോത്പന്നത്തിന് ആര് വില നിശ്ചയിക്കുന്നു എന്ന് പോലും അറിയാത്ത അവസ്ഥയാണ് കര്‍ഷകര്‍ നേരിടുന്നത്.” ശിവറാം, ക്യാബേജ് കര്‍ഷകന്‍, ഹൊസൂര്‍ (തമിഴ്നാട്)

 

“കോഴിമുട്ട ഉത്പാദനം പ്രതിസന്ധിയിലായി, ഫാമില്‍ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന മുട്ടയൊന്നിന് നോട്ടുനിരോധനത്തിന് ശേഷം 45 പൈസയോളം വിലയിടിവുണ്ടായി. വ്യാവസായികാടിസ്ഥാനത്തില്‍ പ്രതിദിനം 35,000 മുട്ടകള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്, അതുകൊണ്ടുതന്നെ കനത്ത ആഘാതമാണുണ്ടായത്.” രാമയ്യ, ഗംഗ ഫാം, അനേക്കല്‍ (കര്‍ണ്ണാടക)

രാജ്യത്താകമാനം, പ്രദേശ വ്യത്യാസങ്ങളില്ലാതെ നോട്ട് നിരോധനം കാർഷികമേഖലയെ സ്തംഭിപ്പിച്ചു. രണ്ടു വർഷം നീണ്ടു നിന്ന വരൾച്ചയ്ക്ക് ശേഷം ലഭിച്ച നല്ലൊരു കാലവർഷത്തിന്റെ ഗുണഫലങ്ങൾ ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതെയായി. നോട്ട് നിരോധനം ഏല്പിച്ച ആഘാതത്തിൽ നിന്നും കർഷകർ ഇന്നും കരകയറിയിട്ടില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്താകമാനം അലയടിക്കുന്ന കർഷകപ്രതിഷേധങ്ങളും സമരങ്ങളും വലിയൊരളവു വരെ നോട്ട് നിരോധനത്തിന്റെ പരിണിതഫലങ്ങളാണ്. തമിഴ് നാട്ടിൽ നിന്നുള്ള കർഷകർ നടത്തിയ വിചിത്രമായ സമരമുറകൾ പൊതുജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നുവെങ്കിലും  ഗവണ്മെന്റിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ പരാജയപ്പെട്ടിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുയർന്ന കർഷകസമരങ്ങൾ ചില ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ വിജയിച്ചു എങ്കിലും പൂർണമായും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഗവണ്മെന്റ് ഇനിയും ആരംഭിച്ചിട്ടില്ല. മധ്യപ്രദേശിലെ മന്ദസുരില്‍ നടന്ന കർഷക സമരത്തിനിടെ അഞ്ച് കർഷകർ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം നടന്നു രണ്ടാഴ്ചക്കിടെ പതിനഞ്ചിലധികം കർഷകർ അവിടെ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരത്തിലേറെ കർഷകർ മധ്യപ്രദേശിൽ മാത്രം ആത്മഹത്യ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ ഇക്കൊല്ലം ജനുവരി മുതല്‍ മെയ് മാസവരെയുള്ള കാലയളവില്‍ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 1129 ആണ്. നവംബർ 8ന് ശേഷം രണ്ടു മാസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയത് അൻപതിലേറെ ആത്മഹത്യകളാണ്. വിജയിച്ചതായി അവകാശപ്പെടാവുന്ന കർഷകസമരം രാജസ്ഥാനിലെ സികാറിൽ നടന്ന സമരം മാത്രമാണ്. നീണ്ട പതിമൂന്നു ദിവസത്തെ സമരത്തിനൊടുവിൽ കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി രാജസ്ഥാൻ ഗവണ്മെന്റ് അറിയിച്ചിരുന്നു. 

മറാത്തവാഡയിലെ കര്‍ഷകര്‍ പ്രതിഷേധയോഗത്തിനിടെ (Courtesy: PARI)

യുക്തിരഹിതമായ പദ്ധതി യാതൊരു മുൻകരുതലോ വ്യക്തമായ ആസൂത്രണമോ കൂടാതെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും, കർഷകസമൂഹത്തെ അങ്ങേയറ്റം ഹതാശരാക്കുകയും, ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയും ചെയ്ത ഒരു ഭരണകൂടത്തെയാണ് നമുക്ക് കാണുവാൻ കഴിയുന്നത്. നോട്ട് നിരോധനം ഒരു പരാജയമായിരുന്നു എന്ന് കർഷക സമൂഹം തെരുവിൽ വിളിച്ചു പറയുമ്പോഴും തികഞ്ഞ അസംബന്ധവാദങ്ങളിലൂടെ  അതിനെ ന്യായീകരിക്കുവാൻ മാത്രമാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. കൃഷി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നിലനിൽക്കുന്ന ഈ രാജ്യത്തു ഉത്തരവാദിത്തപ്പെട്ട അധികാരികൾ കർഷകസമൂഹം നേരിടുന്ന പ്രതിസന്ധികള്‍ കണ്ടില്ല എന്ന് നടിക്കുന്നത് തികച്ചും അപലപനീയമാണ്. കടക്കെണിയിലും ദാരിദ്ര്യത്തിലും പെട്ടുഴലുന്ന കർഷകരുടെ  പ്രശ്നപരിഹാരത്തിനുതകുന്ന സത്വരനടപടികൾ, വൈകിയ വേളയിലെങ്കിലും, ദീർഘകാല അടിസ്ഥാനത്തിൽ കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു.

Save

Save

Save

Save

Save

Save

Save

Rojin Vijayarajan
മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

Rojin Vijayarajan

Writer, traveler, bird watcher and activist on environmental and wildlife issues. Nurtured as IT professional.