ആകുലതകള്‍ വ്യാപിപ്പിച്ച് മഹാമാരി, വ്യക്തമായ നയമില്ലാതെ കേന്ദ്രസര്‍ക്കാര്‍
- മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ ഔദ്യോഗികമായി അഭിസംബോധന ചെയ്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
- കോവിഡ് നിയന്ത്രണ വിധേയമാകാത്തതിനാല്‍ ഏപ്രില്‍ 14 ന് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ മെയ് 03 വരെ നീട്ടാന്‍ തീരുമാനിച്ചു
നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് മുംബൈയിലെ ബാന്ദ്രയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏപ്രില്‍ 14ന് ഉച്ചതിരിഞ്ഞ് തടിച്ചുകൂടിയത്. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍, സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ബാന്ദ്രയിലെ ബസ് സ്റ്റേഷന് സമീപം കൂട്ടങ്ങളായി എത്തിയ ഉത്തര്‍പ്രദേശ്, ബീഹാര്‍, ബംഗാള്‍ സ്വദേശികളെ പിരിച്ചുവിടാനായി പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തി. കൊറോണ മഹാമാരിയുടെ ഭീതിയിലാഴ്ന്ന മഹാരാഷ്ട്രയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം ഈ ഗണത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇതേ ആവശ്യം ഉന്നയിച്ച് കുടിയേറ്റ തൊഴിലാളികള്‍ മുമ്പ് ഗുജറാത്തിലും ദില്ലിയിലും കേരളത്തിലും സമാനസാഹചര്യത്തില്‍ പ്രതിഷേധിച്ചിരുന്നു.
സ്ഥിരം തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യവും പ്രതീക്ഷിച്ച് പ്രതിവര്‍ഷം ശരാശരി ഒമ്പത് മില്ല്യണ്‍ (90 ലക്ഷം) പേരാണ് ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് കുടിയേറുന്നത്. സാമൂഹിക പിന്നോക്കാവസ്ഥ പ്രബലമായ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഇവര്‍ മിക്കവരും തൊഴില്‍ സാധ്യത കണക്കിലെടുത്ത് നിരന്തരമായി രാജ്യത്തിന്റെ പലഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നവരാണ്. സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് ഇവരുടെ സാന്നിദ്ധ്യം മുഖ്യഘടകമായിരിക്കുമ്പോഴും വളരെ പരിമിതമായ ജീവിതസാഹചര്യങ്ങളിലാണ് ഒട്ടുമിക്ക തൊഴിലാളികളും കഴിഞ്ഞുകൂടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ കുടിയേറ്റ തൊഴിലാളികളുടെ ജീവിതം താറുമാറാക്കി
കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നിരിക്കെ, മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ഈ അടച്ചിടല്‍ രാജ്യത്തെ 40 കോടിയിലേറെ പേര്‍ ആശ്രയിക്കുന്ന തൊഴിമേഖലയെ പൂര്‍ണ്ണമായി ബാധിച്ചു. ഏറെ ദുരിതപൂര്‍ണ്ണമായത് കുടിയേറ്റ തൊഴിലാളികളുടെ ജീവിതമാണ്. വാഹന-ഗതാഗത സൗകര്യത്തിന്റെ അഭാവത്തില്‍, കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന പല സംഘങ്ങളായി നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുകയാണ് പലരും ചെയ്തത്. എന്നാല്‍ വിവിധ സംസ്ഥാന അതിര്‍ത്തികളില്‍ ഇവരെ തടയുകയും പലയിടത്തും ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള പൊലീസ് നടപടിക്കും ഇവര്‍ക്ക് കീഴ്പ്പെടേണ്ടതായും വന്നു.
കോവിഡിന്റെ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനായി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, നാട്ടിലേക്ക് മടങ്ങുക എന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. അതേസമയം, കുറേക്കൂടി ആസൂത്രണത്തോടെ ലോക്ക്ഡൗണിലേക്ക് നീങ്ങിയിരുന്നെങ്കില്‍ ഈ പ്രതിസന്ധികള്‍ ഒഴിവാക്കാമായിരുന്നു. മിക്ക സംസ്ഥാന സര്‍ക്കാരുകളും ഈ പ്രതിസന്ധി മുന്നില്‍ക്കണ്ട് കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിനായുള്ള പദ്ധതികള്‍ മുന്നോട്ടുവച്ചെങ്കിലും നിഷേധാത്മക സമീപനമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്. ശിവസേനാ യുവനേതാവും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറേ ഇതിനെ സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ആറ് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്.
Right from the day the trains have been shut down, the State had requested trains to run for 24 hours more so that migrant labour could go back home.
CM Uddhav Thackeray ji raised this issue in the PM- CM Video Conf as well requesting a roadmap for migrant labour to reach home— Aaditya Thackeray (@AUThackeray) April 14, 2020
അന്യരാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ വിമാനമാര്‍ഗം നാട്ടിലെത്തിച്ച ഭരണകൂടം ഈ പിന്നോക്ക വിഭാഗങ്ങളെ സൗകര്യപൂര്‍വ്വം മറന്നു എന്നുവേണം കരുതാന്‍!
സമ്പദ്ഘടനയേയും സാധാരണക്കാരുടെ പ്രതീക്ഷകളേയും അട്ടിമറിച്ച് കോവിഡ് വ്യാപനം
- തൊഴിലില്ലായ്മയില്‍ 45 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇന്ത്യയില്‍ നിലവിലുള്ളത്
- രാജ്യത്തെ വളര്‍ച്ചാനിരക്ക് 1.9 ശതമാനത്തിലേക്ക് താഴാന്‍ സാധ്യത എന്ന് IMF
കോവിഡ് മഹാമാരിയുടെ സാമൂഹികവ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. വളര്‍ച്ചാ നിരക്കിനോടൊപ്പം താഴെപ്പോകുന്നത് പട്ടിണി കൂടാതെ ജീവിക്കാമെന്ന് സാധാരണക്കാരുടെ പ്രതീക്ഷകളും കൂടിയാണ്. കോവിഡിന്റെ വ്യാപനം നിയന്ത്രണവിധേയമാകാത്തതിനാല്‍ നിലവിലെ ഈ അടച്ചിടല്‍ മെയ്മാസം മൂന്നൂം തീയതി വരെ നീട്ടുമ്പോള്‍ നിലവിലെ പ്രതിസന്ധികളുടെ വ്യാപ്തിയും ഇതനുസരിച്ച് വര്‍ദ്ധിക്കുമെന്നുറപ്പ്. കോവിഡ് കാലം കഴിയുമ്പോഴേക്കും രാജ്യത്തെ തൊഴിലില്ലായ്മ വലിയൊരളവില്‍ വര്‍ദ്ധിച്ചരിക്കും. ഹോട്ടലുകള്‍, ഫാക്ടറികള്‍, ചെറുകിട സംരംഭങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ മറ്റ് അസംഘടിത തൊഴിലിടങ്ങള്‍ എന്നിവിടങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യം തുടരുമ്പോള്‍ ഇവയില്‍ പലതും അനിശ്ചിത കാലത്തേക്ക് പൂട്ടുന്ന സാഹചര്യം നിലവില്‍ വരും.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനവും GSTയും പിന്നീടുണ്ടായ പ്രകൃതിക്ഷോഭങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടനക്കേനേല്‍പ്പിച്ച പ്രഹരം ചെറുതല്ല. ആ പരുക്കിനെ മറികടക്കും മുമ്പാണ് കോവിഡ് മഹാമാരിയുടെ വരവ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിരൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും സംസ്ഥാനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളും ചേര്‍ത്തുവച്ചാലും തൊഴില്‍ നഷ്ടപ്പെടുന്നവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താനാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വേണ്ടത് തൊഴിലില്ലായ്മാ വേതനവും ഇന്‍ഷൂറന്‍സും മറ്റ് ആനുകൂല്യങ്ങളും
അമേരിക്കന്‍ കോണ്‍ഗ്രസ് അടുത്തിടെ പാസാക്കിയ Unemployment Compensation The Coronavirus Aid, Relief, and Economic Security Act (CARES Act) ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലൊരു മാതൃകയാണ്. മഹാമാരിയും സാമ്പത്തികമാന്ദ്യവും മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായവും, തൊഴില്‍ സംരക്ഷണവും മറ്റ് ആനുകൂല്യങ്ങളും നല്‍കുക എന്നതാണ് പ്രസ്തുത നിയമത്തിലൂടെ അമേരിക്കയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 45 ശതമാനത്തോളം തുക (സ്റ്റേറ്റുകള്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍) ഫെഡറല്‍-സ്റ്റേറ്റ് ഭരണകൂടങ്ങള്‍ മുഖേന 26 ആഴ്ചകളിലേക്ക് നല്‍കുന്നതാണ് വ്യവസ്ഥ. ഈ ആനുകൂല്യം ചില സാഹചര്യങ്ങളില്‍ 13 മുതല്‍ 20 ആഴ്ചകള്‍ വരെ നീട്ടി നല്‍കാനും കെയര്‍സ് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇന്ത്യ നോക്കിക്കാണേണ്ട മറ്റൊരു മാതൃക സ്‌പെയിനാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ മിനിമം വരുമാനം എല്ലാ പൗരനും നല്‍കുന്ന യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം (UBI) പദ്ധതിയാണ് സ്‌പെയിന്‍ അടുത്തിടെ മുന്നോട്ടുവച്ചത്. 2019 ദേശീയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോ മുന്നോട്ടുവച്ച ന്യായ് എന്ന പദ്ധതി ഇതിന് സമാനമാണ്.
കോവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയെ ചെറുക്കാനായി 1.7 ലക്ഷം കോടി രൂപയുടെ പ്രത്യേക റിലീഫ് പാക്കേജ് പ്രഖ്യാപിച്ചതല്ലാതെ മറ്റൊരു നയപരിപാടികള്‍ക്കും ഇതുവരെ കേന്ദ്രം തുടക്കം കുറിച്ചിട്ടില്ല. ഈ മഹാമാരിയെ ഇന്ത്യ മറികടന്നാലും വരും കാലത്ത് സമാനമായ സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ ജനതയുടെ ജീവിതം ഇതുപോലെ തന്നെ ദുസ്സഹമായിരിക്കും.
കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് സംഭവിക്കാവുന്ന ദീര്‍ഘകാല മാന്ദ്യത്തെ നേരിടുന്നതിനും കാര്‍ഷിക-അസംഘടിത തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പലവിധ പദ്ധതികള്‍ തയ്യാറാക്കാവുന്നതാണ്. രാജ്യത്തെ തൊഴില്‍മേഖലയെക്കുറിച്ച് പഠിക്കുകയും പദ്ധതികള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മണ്ണിര മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
- ചെറുകിട-ഇടത്തര വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടം സംഭവിക്കാതിരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുക
- നൂറില്‍ താഴെ ആളുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഉദ്ദേശിച്ചായിരിക്കണം പദ്ധതി തയ്യാറാക്കേണ്ടത്
- ഈ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്ന വേതനത്തിന്റെ 50 മുതല്‍ 75 ശതമാനം ഉറപ്പ് വരുത്തുന്നതിനും ഉടമസ്ഥര്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കാനുമുള്ള സാമ്പത്തിക സഹായം (ഹോട്ടലുകള്‍, സിനിമാ ശാലകള്‍, ചെറുകിട ഫാക്ടറികള്‍, മില്ലുകള്‍ എന്നിങ്ങനെ വിവിധതരം സംരംഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടേണ്ടതാണ്)
- നൂറില്‍ താഴെ ആളുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഉദ്ദേശിച്ചായിരിക്കണം പദ്ധതി തയ്യാറാക്കേണ്ടത്
- തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് വരുന്ന ഏതാനും മാസങ്ങളിലേക്കുള്ള സാമ്പത്തിക സഹായം നല്‍കുകയും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുക
- കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കാനും അടുത്തഘട്ടം കൃഷി ആരംഭിക്കാനുമുള്ള നടപടികളും ഊര്‍ജ്ജിതമാക്കണം
- കര്‍ഷകര്‍ക്ക് (ഭൂരഹിതര്‍ ഉള്‍പ്പെടെ) പ്രത്യേക സാമ്പത്തിക പാക്കേജും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുക
- ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തി ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കുക
- സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷൂറന്‍സും സൗജന്യ ചികിത്സയും ഓരോ പൗരനും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും ഈ കാലയളവില്‍ സര്‍ക്കാരിനുണ്ട്
- ലോണുകള്‍ തിരിച്ചടയ്ക്കാനാകാത്തവര്‍ക്കെതിരെ (കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകര്‍, തൊഴിലാളികള്‍, പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍) നടത്തിവരുന്ന ധനകാര്യസ്ഥാപനങ്ങളുടെ നടപടികള്‍ അടിയന്തരമായി നിറുത്തിവെക്കുക. ഒരു ലക്ഷം രൂപയില്‍ താഴെ വരുന്ന കാര്‍ഷിക കടങ്ങളും വിദ്യാഭ്യാസ വായ്പകളും എഴുതി തള്ളാനുള്ള തീരുമാനവും ഈ സാഹചര്യത്തില്‍ അഭികാമ്യമാണ്
- സ്വന്തം പേരില്‍ കൃഷിഭൂമിയില്ലാത്ത വനിതാകര്‍ഷകരുടെ സംരക്ഷണം ഉറപ്പുവരുത്തണം
- വന്‍കിട സംരഭങ്ങള്‍ക്ക് നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി അവിടുത്തെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണം
തീര്‍ത്തും അപര്യാപ്തമായ കേന്ദ്ര റിലീഫ് പാക്കേജ്
ഭക്ഷ്യ-സാമ്പത്തിക സുരക്ഷ ഉറപ്പുനല്‍കി പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജനയിലുള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഇന്ത്യന്‍ സാഹചര്യങ്ങളെ സംബന്ധിച്ചിടത്തോളം അപര്യാപ്തവും അപ്രായോഗികവുമാണ്. അത് വ്യക്തമാകുന്നത് രാജ്യത്തെ തൊഴില്‍ മേഖലേയും സാഹചര്യങ്ങളേയും ചേര്‍ത്തുവച്ച് വിലയിരുത്തുമ്പോഴാണ്.
താഴെ തയ്യാറാക്കിയ പട്ടിക (സെന്‍സസ് വിവരങ്ങളെ അടിസ്ഥാനമാക്കി) ഇന്ത്യയിലെ അദ്ധ്വാനിക്കുന്നവരുടെ വിഭാഗത്തെ പലതട്ടുകളിലേക്ക് തരംതിരിക്കുന്നു. കേന്ദ്ര റിലീഫ് പാക്കേജിലെ മുഖ്യ ഭാഗങ്ങളും അവയുടെ സാധ്യതകളും അതിനുതാഴെയായി വിശകലനം ചെയ്യുന്നു.
കേന്ദ്രസര്‍ക്കാര്‍ കോവിഡ് പാക്കേജിന്റെ സുപ്രധാന വിശദാംശങ്ങള്‍
- 5 കിലോ വീതം അരി (ഗോതമ്പ്), ഓരോ വ്യക്തിക്കും മൂന്ന് മാസത്തേക്ക്
- ഒരു കിലോ വീതം പയര്‍ മൂന്ന് മാസത്തേക്ക്
- എല്‍ പി ജി മൂന്ന് മാസത്തേക്ക്
- 8.3 കോടിയോളം വരുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് 2,000 രൂപ ധനസഹായം
- ദേശീയ തൊഴിലുറപ്പ് പദ്ധതി വേതനം 20 രൂപ വര്‍ദ്ധിപ്പിച്ചു. തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല
- 20 കോടിയോളും വരുന്ന സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ പ്രതിമാസം 500 രൂപ
- മുതിര്‍ന്നവര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 1000 രൂപ ധനസഹായം
അഞ്ച് പേരടങ്ങുന്ന ഒരു ശരാശരി, സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ട, കര്‍ഷക കുടുംബത്തിന് ഈ പദ്ധതിയിലൂടെ മൂന്ന് മാസത്തേക്ക് പരമാവധി ലഭിക്കുന്നത് 9100 രൂപ തുകയായും 75 കിലോ അരിയും 3 കിലോ പയറും എല്‍ പി ജി സിലിണ്ടറും. മറ്റ് കര്‍ഷക, അസംഘടിത തൊഴിലാളി കുടുംബത്തിന് പരമാവധി 3100 രൂപ തുകയായും 75 കിലോ അരിയും 3 കിലോ പയറും എല്‍ പി ജി സിലിണ്ടറും.
മറ്റ് ഭക്ഷ്യാവശ്യങ്ങള്‍ക്കും, വൈദ്യുതി, വെള്ളം, മരുന്ന്, ചികിത്സാ ചിലവുകള്, വസ്ത്രം, കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍, വാടക, യാത്രാക്കൂലി, കുടിശികകള്‍, വളര്‍ത്തുമൃഗങ്ങളുടെ ചെലവുകള്‍ എന്നിങ്ങനെ തൊഴിലില്ലായ്മ നേരിടുന്ന ഒരു കുടുബത്തിന്റെ ദൈനംദിന ജീവിതത്തിലെ മറ്റ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതെങ്ങനെ? സ്വന്തമായി കൃഷിഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികളെങ്ങനെ ജീവിക്കും?
മറ്റ് സ്ഥിരമല്ലാത്ത തൊഴിലെടുക്കുന്നവര്‍, സ്വന്തമായി വീടോ വിലാസമോ റേഷന്‍ കാര്‍ഡോ ഇല്ലാത്തവര്‍, അനാഥരായവര്‍, വഴിയരികിലുപേക്ഷിക്കപ്പെട്ടവര്‍, മാനസിക വിഭ്രാന്തിയോ ശാരീരിക അസ്വാസ്ഥ്യങ്ങളോ ബാധിക്കപ്പെട്ടവര്‍, ഇവരെല്ലാം എങ്ങനെ ഈ ലോക്ക്ഡൗണ്‍ കാലവും അതിനുശേഷവും കഴിഞ്ഞുകൂടും? ഒരു സാമ്പത്തിക പാക്കേജുകൊണ്ടോ ഐക്യദീപം കൊണ്ടോ മറികടക്കാവുന്നതല്ല ഈ പ്രതിസന്ധികള്‍.
ആരോഗ്യരംഗത്തിന്റെ പുരോഗതിക്കാണ് അടിത്തറ പാകേണ്ടത്
ലോകത്ത് നിലനില്‍ക്കുന്ന അസമത്വങ്ങളെ തുറന്നുകാണിക്കുന്ന ഏതാനും ചില സാഹചര്യങ്ങള്‍കൂടിയാണ് മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും. മലേറിയയും ടി ബി യും മറ്റ് പകര്‍ച്ചവ്യാധികളും ചേര്‍ന്ന് പതിനായിരക്കണക്കിന് ജീവനുകള്‍ വര്‍ഷാവര്‍ഷം അപഹരിക്കുന്ന ഇന്ത്യയില്‍ കോവിഡ് താരതമ്യേന ചെറിയ ഭീഷണിയാണ്. എന്നാല്‍ ഉന്നതരേയും മധ്യ-ഉപരിവര്‍ഗ സമൂഹത്തേയും ആദ്യഘട്ടത്തില്‍ തന്നെ ബാധിച്ചു എന്ന കാരണമാണ് ചടുലമായ നടപടികളിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിച്ചത്. മറ്റേത് സാംക്രമികരോഗവും പോലെ കോവിഡും ഏറെ ബാധിക്കാന്‍ സാധ്യതയുള്ളത് നമ്മുടെ പിന്നോക്ക സമൂഹത്തെ തന്നെയാണ്.
Reference:
- https://www.imf.org/en/Countries/IND
- https://www.indiatoday.in/india/video/watch-hundreds-of-migrant-workers-throng-bandra-railway-station-to-leave-mumbai-1666924-2020-04-14
- https://censusindia.gov.in/Tables_Published/A-Series/A-Series_links/t_00_009.aspx
- https://bipartisanpolicy.org/