ക്ഷീര സഹകരണ സംഘങ്ങളുടെ ഭാവി ആര് നിശ്ചയിക്കും?

മനുഷ്യന് ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി പാലും പാലുത്പന്നങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ആഗോളതലത്തിലെ പാലുത്പാദനത്തില്‍ 50 ശതമാനം വര്‍ദ്ധനായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ആഗോള പാലുത്പാദനം 769 മില്ല്യണ്‍ ടണ്ണാണ് (2013). ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്, ലോകത്താകെ ഉത്പാദിപ്പിക്കുന്നതിന്റെ 18 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന ശ്രദ്ധേയമായ വിശേഷവുമുണ്ട്. അമേരിക്ക, ചൈന, പാക്കിസ്ഥാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപുറകിലുള്ളത്. ആശ്ചര്യമായ ഈ കണക്കുകളില്‍ അഭിരമിക്കാന്‍ വരട്ടെ… ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയിലെ പാലുത്പാദനം 17 മില്ല്യണ്‍ ടണ്‍ മാത്രമായിരുന്നു.

അല്‍പം ചരിത്രം

കാർഷിക സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കന്നുകാലികളെ സംരക്ഷിച്ചിരുന്നതായി ചരിത്രരേഖകള്‍ സമര്‍ത്ഥിക്കുന്നുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയില്‍ പാലുത്പാദനം അപര്യാപ്തമായിരുന്നു. പോഷകാഹാരക്കുറവും ക്ഷാമവും ദാരിദ്ര്യവും വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ജീവനുകളെ കൂടി കവര്‍ന്നെടുത്തിരുന്ന നൂറ്റാണ്ടുകളായിരുന്നു തൊട്ട് മുന്‍പ് കടന്നപോയതും.

എന്നാല്‍,

ഇന്ത്യയില്‍ തനതായ ഉയർന്ന പ്രത്യുല്പാദനശേഷിയും പാലുത്പാദനശേഷിയും ഉളള വ്യത്യസ്തയിനം കന്നുകാലികളും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉണ്ടായിരുന്നു. സഹിവൽ, റെഡ് സിന്ധി, ഗിർ, കാൻക്രേജ്, ഓഗോൾ എന്നിവയും എരുമ വിഭാഗത്തിൽ മുരാഹ്, മെഹ്സാനി, ബാനി എന്നിവയുമാണവ. ഇവയ്ക്കെല്ലാം പ്രജനനത്തിനും വളരുന്നതിനും അനുയോജ്യമായ കാലാവസ്ഥയാണ് ഇന്ത്യന്‍ ഭൂപ്രകൃതിയിലുണ്ടായിരുന്നത്. ഇത്രയധികം അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടുകൂടി കാലിസമ്പത്തിൽ ഇടിവുണ്ടായി. അതെങ്ങനെ സംഭവിച്ചു?

പാശ്ചാത്യരുടെ അധിനിവേശത്തിനു മുമ്പു വരെ ഇന്ത്യ മികച്ച ജനിതകശേഷിയുളള കാലിസമ്പത്തുണ്ടായിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ ഫലമായി നഗരവൽക്കരണത്തിന് വിധേയമായ ഒരു രാജ്യമായി ഇന്ത്യ പരിണമിച്ചു. ഫലത്തിൽ ഇന്ത്യയിലെ ഇന്നത്തെ മുഖ്യ നഗരങ്ങളായ ചെന്നൈ, കൊൽക്കത്ത, മുംബൈ, തലസ്ഥാനനഗരിയായ ഡൽഹി എന്നീ ഇടങ്ങളും അന്നേ വികസനത്തിന്റെ ഞാണിൽ കുരുങ്ങി. രാജ്യത്താകമാനമുണ്ടായ ജനസംഖ്യാവിസ്ഫോടനം കൂടിയായപ്പോള്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ തൃപ്തിപ്പെടാതെ പോയി. പൊതുവേ നേരിട്ട ക്ഷാമത്തിൽ പാലും പാലുത്പന്നങ്ങളും പ്രധാന കഥാപാത്രങ്ങളായി, സാധാരണ ജനത പോഷകാഹാരക്കുറവും അഭിമുഖീകരിച്ച് തുടങ്ങി.

ഇതിനെല്ലാം പരിഹാരമെന്ന നിലക്കും എന്നാൽ പരോക്ഷമായൊരു അപകടവുമായി ‘ഡബേല’ അഥവാ ‘ഘാട്ടൽസ്’എന്ന പേരിൽ ഇന്നറിയപ്പെടുന്ന പാലിനായി മാത്രം കാലി വളർത്തുന്ന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇതിന്റെ പ്രഭാവം ഉത്തരേന്ത്യ മുതൽ ദക്ഷിണേന്ത്യ വരെ കാണാൻ സാധിക്കും. പാലിനായി മാത്രം ഉയർന്ന ജനിതകശേഷിയുളള കാലികളെ വളർത്തുന്ന ഇടങ്ങളിൽ ഒരു സ്വകാര്യ വ്യക്തിയുടെ മേൽനോട്ടത്തിൽ കുറേ കർഷകർ ഒന്നിച്ച് സംരംഭമായി നടത്തികൊണ്ടുപോകുന്നു. അങ്ങനെ വളർത്തുന്ന കാലികളെ അവയുടെ പാലുത്പാദനശേഷി കുറയുന്നതനുസരിച്ച് അറവുശാലകളിലേക്ക് കയറ്റിയയക്കപ്പെടുന്നു. ഇവിടെയാണ് യഥാർത്ഥ ദുരന്തം ഒളിഞ്ഞിരിക്കുന്നത്. ഇങ്ങനെ അറവുശാലകളിലേക്ക് തളളപ്പെടുന്ന വിശിഷ്ട ജനിതകശേഷിയുളള ഇനങ്ങളിൽ നിന്ന് പുതിയ തലമുറയെ വാർത്തെടുക്കാതെ അറവ് നടത്തുമ്പോൾ ആ വ്യത്യസ്തയിനങ്ങൾ എന്നന്നേക്കുമായി ലോകത്തിൽ നിന്ന് അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്. തന്മൂലം ഉല്പാദനതോത് ഗണ്യമായി കുറയുകയും ഗുണമേന്മയുള്ള ഇനങ്ങൾക്ക് വംശനാശം ഉണ്ടാകുകയും ചെയ്യുന്നു. അങ്ങനെ ഓരോ തവണയും മികച്ച ഇനങ്ങൾ വംശനാശഭീഷണിയുടെ വാൾമുനയിൽ കുരുങ്ങുന്നു.

അപര്യാപ്തതയില്‍ നിന്ന് ക്ഷീരവികസനത്തിലേക്ക്

1946 ന് ശേഷം സ്ഥിതിഗതികളിൽ മാറ്റം വരാൻ തുടങ്ങി. സ്വാതന്ത്യ്രാനന്തരം ഇന്ത്യയിൽ കർഷകസ്വയംഭരണ സംരഭങ്ങൾ ഉടലെടുക്കാൻ തുടങ്ങി. ഇവ നിലയിലാക്കയത്തിൽ അകപ്പെട്ടിരിക്കുന്ന ക്ഷീരമേഖലയെ പിടിച്ചുകയറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇന്ത്യൻ “ധവള വിപ്ലവം” അഥവാ “ഓപ്പറേഷൻ ഫ്ളഡി” ന്റെ പിതാവ് കോഴിക്കോട്ട് ജനിച്ച ഡോ. വർഗീസ് കുര്യൻ, മോത്തി ഭായ്, ത്രിഭോവൻദാസ് എന്നിവർ തുടക്കം കുറിച്ച ‘അമുൽ’ എന്ന ക്ഷീരസംരംഭം രാജ്യത്തൊട്ടാകെയുളള ജനങ്ങളുടെ സുപ്രഭാതങ്ങളെ ഊർജ്ജസ്വലമാക്കി. ഇന്ത്യയിൽ പാലുത്പാദനം വർദ്ധിപ്പിക്കുന്നതിനും ക്ഷീര കർഷകരെ സഹകരണ സംഘത്തിലൂടെ സംഘടിപ്പിക്കുന്നതിനും ആധുനിക വിപണന തന്ത്രങ്ങളിലൂടെ വിപണി കണ്ടുപിടിക്കുന്നതിനും ക്ഷീര കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഗുജറാത്തിലെ ആനന്ദ് കേന്ദ്രമാക്കി ദേശീയ ക്ഷീര വികസന ബോർഡ് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് ധവളവിപ്ലവം.

സുപ്രധാന നേട്ടങ്ങള്‍

  • 1970 ൽ ദേശീയ ക്ഷീര വികസന ബോർഡ് സ്ഥാപിച്ചു
  • 1970 മുതൽ 1980 വരെയുള്ള ഒന്നാം ഘട്ടപ്രവർത്തനത്തിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ മദർ ഡയറികൾ സ്ഥാപിക്കുകയും വിപണി ഉണ്ടാക്കിയെടുക്കുകയും ചെയ്തു
  • 1981 മുതൽ 1985 വരെയുള്ള രണ്ടാം ഘട്ടത്തിൽ 43,000 ക്ഷീരസഹകരണ സംഘങ്ങളിലൂടെ 4.2 ദശലക്ഷം ക്ഷീരകർഷകരെ സംഘടിപ്പിച്ചു
  • പാൽ ഉൽപാദനം 22, 000 ടണ്ണിൽ നിന്ന് 140, 000 ടൺ ആയി വർധിച്ചു. 1985 മുതൽ 1996 വരെയുള്ള മൂന്നാം ഘട്ടത്തിൽ ക്ഷീരസഹകരണസംഘങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു
  • ഈ വികസനങ്ങളുടെ പശ്ചാത്തലത്തിൽ 2012-13 സാമ്പത്തിക സർവേയുടെ കണക്കുകൾ പ്രകാരം 1950-51ൽ 17 മില്ല്യണ്‍ ടൺ ആയിരുന്ന പാലുത്പാദനം 1990-91ൽ 53.9 മില്ല്യണ്‍ ടൺ ആയും 2011-12ൽ 127.9 മില്ല്യണ്‍ ടൺ ആയും വർദ്ധിച്ചു
  • 2007 വര്‍ഷത്തെ കന്നുകാലി സെൻസസ് പ്രകാരം ഇന്ത്യയിൽ 529.7 മില്യൺ കന്നുകാലികാലികളാണുളളത്. കൂടാതെ പ്രതിശീർഷ പാൽലഭ്യത 2011-12ൽ 290 ഗ്രാമായി മാറുകയും ചെയ്തു
  • ക്രിസിൽ (CRISIL) റിപ്പോർട്ടനുസരിച്ച് ആഗോള ക്ഷീരോത്പാദനത്തിൽ ഇന്ത്യക്കാണ് ലോകത്തിലെ തന്നെ ഉയർന്ന തോതുളളത്. ഏകദേശം 4.3 ലക്ഷം കോടി ക്ഷീരോത്പാദനകേന്ദ്രങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

മേല്‍പ്പറഞ്ഞ ഈ നേട്ടങ്ങള്‍ ഇന്ത്യയിലെ ക്ഷീര മേഖലയിലുണ്ടായ വികസനോന്മുഖതയെ ചൂണ്ടിക്കാണിക്കുന്നു.

ക്ഷീരവികസനം കേരളത്തില്‍; മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം

ഇതിന്റെ പ്രചോദനം ഏറ്റുവാങ്ങിക്കൊണ്ട് കേരളത്തിലും ക്ഷീരമേഖലയിൽ പുതിയ പ്രവണതകൾ ഉണ്ടാകുവാൻ തുടങ്ങി. അതിലൊന്നാണ് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ ബ്രാൻഡായ ‘മിൽമ’. കേരളത്തിലെ പാൽ സംഭരണവും വിതരണവും നടത്തുന്ന പ്രധാന ഏജൻസിയാണ് മിൽമ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മിൽമക്ക് ആനന്ദ് മാതൃകയിലുള്ള 3000 ലധികം സഹകരണ സൊസൈറ്റികളും 8.60 ലക്ഷത്തിലധികം കർഷകരുമാണ് കീഴിലുള്ളത്. 13 പാൽസംസ്ക്കരണ പ്ലാന്റുകളും 7 ചില്ലിങ്ങ് പ്ളാന്റുകളും 2 കാലിത്തീറ്റ നിർമ്മാണകേന്ദ്രവും ഒരു പാൽപൊടി നിർമ്മാണകേന്ദ്രവും 5000 വിതരണകേന്ദ്രങ്ങളും മിൽമയ്ക്കുണ്ട്. പ്രതിദിനം ശരാശരി 11.40 ലക്ഷം ലിറ്റർ പാലാണ് മിൽമ കൈകാര്യം ചെയ്യുന്നത്. കന്നുകാലിവളർത്തലും പാൽ സംഭരണവിതരണത്തിന്റെയും കണക്കുകൾ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും പങ്ക് വ്യക്തമാക്കുന്നു. കേരളത്തിൽ 1996ൽ 33.96 ലക്ഷം കന്നുകാലികളെ വളർത്തിയിരുന്നത്. 2007 ആയപ്പോഴേക്കും 17.40 ലക്ഷം ആയി കുറഞ്ഞു. 2011-12ൽ ഇന്ത്യയിലെ ആകെ പാലുല്പാദനത്തിന്റെ 2.1 ശതമാനം മാത്രമാണ് കേരളത്തിന്റെ പങ്ക്. 27.16 ലക്ഷം ടൺ പാലാണ് ഇക്കാലയളവിൽ കേരളത്തിൽ ഉത്പാദിപ്പിച്ചത്. ഇന്ത്യയിൽ ഇക്കാലയളവിൽ 127.90 മില്യൺ ടണ്ണാണ് ഉത്പാദനം രേഖപ്പെടുത്തിയത്. ലോകത്ത് പാലുല്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേരളം പതിമൂന്നാം സ്ഥാനത്തിലാണ്. കേരളത്തിൽ ശരാശരി പ്രതിദിന പാൽ ലഭ്യത 2.69 കിലോഗ്രാം ആണ്. പക്ഷേ ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് പഞ്ചാബാണ്, ഒരു ദിവസം 8.431 കിലോഗ്രാം. ഏറ്റവും പിന്നിൽ ഒരു ദിവസം 69 ഗ്രാമിൽ അസമാണ്. സംഭരണവിതരണമേഖലയിൽ 2011-12 ൽ കേരളത്തിൽ 4518 ലക്ഷം ലിറ്റർ പാലാണ് സംഭരിച്ചത്.  അതിൽ 1684 ലക്ഷം ലിറ്റർ പാൽ പ്രാദേശികമായി വിതരണം ചെയ്യുകയായിരുന്നു. ഇന്ത്യയുടെ മൊത്തം ഉല്പാദനത്തിന്റെ 15 ശതമാനത്തോളം മാത്രമാണ് കേരളത്തിൽ സംഭരണം നടക്കുന്നത്. 

സ്വകാര്യ കമ്പനികള്‍ ചുവടുറപ്പിക്കുന്നു

ക്ഷീരമേഖലയിൽ ഇപ്പോൾ കണ്ടുവരുന്ന പ്രവണത സ്വകാര്യ കമ്പനികളുടെ കടന്നുവരവാണ്. സ്വകാര്യ കമ്പനികൾ പ്രധാനമായും പാലുത്പന്നങ്ങളായ തൈര്, പാൽപൊടി, പനീർ എന്നിവയുടെ നിർമിതിയിൽ നിന്നാണ് ലാഭം കാണുന്നത്. അവയുടെ കാൽപ്പാടുകൾ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണാവുന്നതാണ്. ഒരു പ്രത്യേക ബ്രാൻഡിനു താഴെ വരുന്ന ഇത്തരം പാലുത്പന്നങ്ങളൾക്ക് വിപണിയിൽ ഉയർന്ന സാധ്യതകളാണ് തുറന്നു വരുന്നത്. ഈ കമ്പനികൾ പാൽ ശേഖരിക്കുന്നതും രാജ്യത്തെ 80 ശതമാനം വരുന്ന ചെറുകിട ക്ഷീര കർഷകര്‍ക്കിടയില്‍ നിന്നാണ്. സ്വകാര്യ ഉടമസ്ഥതയിലുളള ഒരു കമ്പനിയാണ് ദക്ഷിണേന്ത്യയിൽ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാട്സൺ. ഇത്തരം കമ്പനികളാണ് വർത്തമാനക്കാലത്ത് ക്ഷീരമേഖലയെ പ്രതിനിധാനം ചെയ്യുന്നത്. ഹാട്ട്സൺ കമ്പനി ഒരു ദിവസം തന്നെ ഏകദേശം 26 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നു. ഇത്തരത്തിൽ, പാലുത്പാദിപ്പിക്കുന്ന മറ്റ് സ്വകാര്യകമ്പനികള്‍ പരാഗ് മിൽക്ക് ഫുഡ്സ്, ഹെരിറ്റേജ് ഫുഡ്സ്,തിരുമലൈ മിൽക്ക് പ്രൊഡക്സ്, ബോൽബാബ മിൽക്ക് ഫുഡ് ഇൻഡസ്ട്രീസ്, നെസ്ലെ ഇന്ത്യ എന്നിവയാണ്.

ക്ഷീരസംഘങ്ങളുടെ ഭാവി

ഇത്രയും സ്വകാര്യകമ്പനികളുടെ കുത്തൊഴുക്കിനിടയിൽ സഹകരണ ക്ഷീരസംഘങ്ങളുടെ നിലനിൽപ്പുത്തന്നെ ഭീഷണിയികാനും സാധ്യതയുണ്ട്, നിലവിലെ സംഭരണ കണക്കുകളെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ 2020 വര്‍ഷമാകുമ്പോഴേക്കും ക്ഷീരസംഘങ്ങളെ അപേക്ഷിച്ച് സ്വകാര്യ സംരംഭങ്ങള്‍ ശരാശരി 5 മില്ല്യണ്‍ ടണ്ണെങ്കിലും സംഭരണ വര്‍ദ്ധന നേടിയെടുക്കും. സ്വകാര്യ കമ്പനികളുടെ ബ്രാൻഡഡ് ആയ പനീർ, തൈര്, പേഡ തുടങ്ങിയ പാലുൽപ്പന്നങ്ങളാണ് വിപണിയെ കീഴടക്കുന്നത്. തന്മൂലം സഹകരണസംഘങ്ങൾ നിലംപൊത്താനും സാധ്യതയുണ്ട്. ബ്രാൻഡഡ് പാലുൽപ്പന്നങ്ങളെക്കാൾ ഗുണമേന്മയിൽ മുന്നിലുള്ളത് സഹകരണസംഘങ്ങളുടേതു തന്നെയാണെന്ന വിലയിരുത്തലുകള്‍ പല കോണുകളില്‍ നിന്നും വരുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ ഗുണമേന്മയേക്കാൾ ഉപരിപ്ലവമായ ബ്രാൻഡുകളെ തേടിപ്പോവുന്ന പ്രവണതയാണ് കാണാൻ ബാധിക്കുന്നത്. ഇത് ക്ഷീരസംഘങ്ങളെ തളർത്തുന്ന പ്രധാന ഘടകമായി വരും കാലത്ത് മാറിയേക്കാം. Save

Save

Save

Save

Save

Save

Save

Save

Save

Save

Jaya Balan

An aspiring writer and activist on gender issues.