വേനൽക്കാലത്ത് ചേന നട്ടാൽ… ചേനക്കൃഷിയുടെ സൂത്രങ്ങൾ
ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന കിഴങ്ങു വര്‍ഗത്തില്‍ പെട്ട പച്ചക്കറിയാണ് ചേന.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളിലും മറ്റും കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമാണ് ചേന. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് ചേന നടാൻ ഏറ്റവും പറ്റിയ സമയം. വിത്ത് നട്ട് 6 മുതൽ 7 മാസം കൊണ്ട് ചേന വിളവെടുക്കാം.
ചേന നടാനായി 60 സെ.മീ. നീളവും, വീതിയും, 45 സെ.മീ. ആഴവുമുള്ള കുഴികള്‍ 90 സെ.മീ. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും (കുഴിയൊന്നിന് 2 മുതല്‍ 2.5 കിഗ്രാം വരെ) നല്ല പോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ച ശേഷം ഇതില്‍ ഏകദേശം 1 കിഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്ത് നടാം. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങള്‍ക്കും ഒരു ചാണ്‍ നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷ്ണമാണ് നടേണ്ടത്.
നടാനുള്ള ചേനക്കഷണങ്ങള്‍ ചാണകവെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കണം. നിമാവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തുചേന Bacillus macerans എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം( 3 ഗ്രാം/കി.ഗ്രാം വിത്ത് ). നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം 12 ടണ്‍ ചേന വിത്ത് വേണ്ടിവരും (12,000 കഷണങ്ങള്‍). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.
നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഹെക്ടറൊന്നിന് 50:50:75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം. പിന്നീട് ഒരു മാസത്തിനുശേഷം രണ്ടാം ഗഡു വളപ്രയോഗം നടത്താം. ഇതിന് ഹെക്ടറൊന്നിന് 50 കി.ഗ്രാം പാക്യജനകവും, 75 കി.ഗ്രാം ക്ഷാരവും വേണ്ടിവരും. വളമിട്ടശേഷം ഇടയിളക്കുകയും, മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം.
മീലി മൂട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് വിത്ത് 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് ലായനിയില്‍ 10 മിനിറ്റുനേരം മുക്കിവച്ചാല്‍ മതി. വിളവെടുത്ത ചേനയ്ക്ക് പച്ചക്കറി വിപണിയിൽ എന്നും ആവശ്യക്കാരുള്ളതിനാൽ പൊതുവെ നല്ല വില ലഭിക്കാറുണ്ട്.
Image: youtube