കാട്ടുപന്നികൾ ജാഗ്രതൈ; ആനക്കരയിൽ “ഫാം വാച്ച് മാൻ” ഇറങ്ങി!
ആനക്കര, പാലക്കാട്: കൃഷിയിടങ്ങൾ കയ്യേറി വൻ വിളനാശം വരുത്തുന്ന കാട്ടുപന്നികളുടെയും മുള്ളൻ പന്നികളുടേയുമൊക്കെ രൂക്ഷ ശല്യത്തില്‍ ദുരിതത്തിലായ കർഷകർക്ക് പ്രതീക്ഷ നല്കി കൊണ്ട് ആനക്കര കൃഷിഭവന്റെ ഫാംവാച്ച് മാൻ. “ഗുഡ് അഗ്രിക്കൾച്ചർ പ്രാക്ടീസിന്റെ” ഭാഗമായി ആദ്യഘട്ടം പരീക്ഷണാർത്ഥം, പെരുമ്പലത്തേയും മലമ്മക്കാവിലേയും നെൽകൃഷിയിടങ്ങളിലാണ് ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിൽ ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു രവിന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ പ്രദീപ് നിർവ്വഹിച്ചു.
പൂർണമായും സോളാറിൽ പ്രവർത്തിക്കുന്ന, സെമി വാട്ടർ പ്രൂഫ്, ഓട്ടോമാറ്റിക്ക് സ്റ്റാർട്ട് സംവിധാനത്തോട് കൂടിയതാണ് ഉപകരണം. ഈ ഉപകരണം രാത്രി കാലങ്ങളിൽ സെർച്ച് ലൈറ്റും വിവിധ ശബ്ദങ്ങൾ മുഴക്കിയും, കൃഷിയിടങ്ങളിലെത്തുന്ന പന്നികളെ വിരട്ടിയോടിക്കും. പത്ത് ഏക്കര്‍ വരെയുള്ള വയലുകൾക്ക് സംരക്ഷണ കവചമാണ് ഒരു ഉപകരണം. ചേനയും, ചേമ്പും, കിഴങ്ങുകളും, വാഴയും, പച്ചക്കറികളുമൊക്കെ നിരന്തരമായി നശിപ്പിക്കുന്ന പന്നികളെ പ്രകൃതി സൗഹൃദമായ രീതിയിൽ കൃഷിയിടങ്ങളിൽ നിന്ന് മാറ്റി നിർത്തുവാൻ “ഫാം വാച്ച് മാൻ” പ്രയോജനപ്പെടുമെന്ന് കൃഷിഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആനക്കര മേഖലയിൽ പന്നിശല്യം വ്യാപകമാണന്ന കർഷകരുടെ നിരന്തര പരാതികൾക്ക് പരിഹാരമെന്നോണമാണ് ഈ ഉപകരണം സ്ഥാപിച്ചത്. ഇത് ഫലം കണ്ടാൽ, കൂടുതൽ കാർഷിക മേഖലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് കൃഷി ഓഫിസർ എം പി സുരേന്ദ്രൻ വ്യക്തമാക്കി. ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ, തവനൂർ കൃഷിവിജ്ഞാന കേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍മാരായ നാജിത ഉമ്മർ, സജീന, ഗ്രാമ പഞ്ചായത്തംഗങ്ങളായ ചന്ദ്രൻ, രാജു, പ്രഭാവതി, അസിസ്റ്റന്റ് കൃഷി ഓഫിസർ ഷിനോദ്, സെന്തിൽ, രവീന്ദ്രനാഥ്, ബഷീർ, ഹരിഗോവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.
Also Read: കോവിഡ് പ്രതിസന്ധി: ചമയം മാറ്റി കിഴങ്ങ് കൃഷിയിലേക്കിറങ്ങി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ