കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ആനുകൂല്യങ്ങൾ പാട്ടകൃഷിക്കാർക്കും
കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ആനുകൂല്യങ്ങൾ പാട്ടകൃഷിക്കാർക്കും ലഭ്യമാകും. കര്‍ഷകരുടെ ക്ഷേമത്തിനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമായാണ് ക്ഷേമനിധി രൂപവത്കരിക്കുന്നത്. അടുത്തമാസം നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
പത്ത് സെന്റ് മുതല്‍ രണ്ടര ഹെക്ടര്‍ വരെയുള്ള സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്കെല്ലാം ആനുകൂല്ല്യം ലഭ്യമാകും വിധമാകും ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരികയെന്നാണ് റിപ്പോർട്ടുകൾ. കാര്‍ഷിക വിദഗ്ധന്‍ ചെയര്‍മാനും കൃഷി അഡീഷനല്‍ സെക്രട്ടറി സി ഇ ഒയുമായിട്ടായിരിക്കും ബോര്‍ഡ് രൂപവത്കരിക്കുക. പാട്ട വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഭൂമിയിലോ സ്വകാര്യ ഭൂമിയിലോ കൃഷി ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങൾ ലഭിക്കും.
ഇതിനായി വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയരുതെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. പത്ത് വര്‍ഷമെങ്കിലും കൃഷി പ്രധാന വരുമാന മാര്‍ഗമാക്കിയവര്‍ക്ക് അംഗത്വം ലഭിക്കും. 1,100 രൂപയാണ് നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍. ഇത് ക്ഷേമനിധി ബോര്‍ഡിലേക്ക് മാറ്റും. ഇതോടെ കിസാന്‍ അഭിമാന്‍ എന്ന പേരിലുള്ള പദ്ധതി ഇല്ലാതാകും.
പെന്‍ഷന്‍ തുക കാലോചിതമായി പരിഷ്‌കരിക്കണമെന്ന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാന്‍ ബോര്‍ഡിന് അധികാരമുണ്ടാകും. വാര്‍ഷിക വരുമാനം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കും. കര്‍ഷക തൊഴിലാളി ക്ഷേമനിധി, ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവയില്‍ അംഗത്വമെടുത്തവര്‍ക്ക് പുതിയ ക്ഷേമനിധിയിലേക്ക് അംഗത്വം മാറ്റാന്‍ അവസരം നല്‍കും. അംഗത്വമെടുക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷയ്ക്കു കീഴെ കൊണ്ടുവരാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
കിസാന്‍ അഭിമാന്‍ പദ്ധതിക്ക് സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന തുക, കര്‍ഷക സ്റ്റാമ്പ് വില്‍പ്പന, അംശാദായം, ഭൂനികുതി എന്നിവയില്‍ നിന്നാകും പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുക. നിലവില്‍ 50 രൂപയാണ് അംശാദായമായി നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം അംശാദായം അടച്ച് 60 വയസ്സ് തികഞ്ഞാല്‍ പെന്‍ഷന് അര്‍ഹതയുണ്ടാകും. അപകട മരണം, ശാരീരിക അവശത എന്നിവക്കുള്ള നഷ്ടപരിഹാരം, മക്കളുടെ വിദ്യാഭ്യാസം, വിവാഹ ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
Also Read: കേരളത്തില്‍ ഇൻകാ പീനട്ട് കൃഷിയ്ക്ക് പ്രചാരമേറുന്നു; വള്ളിച്ചെടികളിലെ പുതുമുറക്കാരനെ പരിചയപ്പെടാം
Image: pixaby.com