Saturday, April 5, 2025
കാര്‍ഷിക വാര്‍ത്തകള്‍വാര്‍ത്തകളും വിശേഷങ്ങളും

ലക്ഷത്തിന്റെ കരുത്തുമായി കർഷകരുടെ ലോംഗ് മാർച്ച് ഇന്ന് മുംബൈയിൽ; നഗരം നിശ്ചലമാകും; ഫട്‌നാവിസ് പൊലീസിനെ കാട്ടി വിരട്ടരുതെന്ന് സമരക്കാർ

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

ലക്ഷത്തിന്റെ കരുത്തുമായി കർഷകരുടെ ലോംഗ് മാർച്ച് ഇന്ന് മുംബൈയിൽ പ്രവേശിക്കുന്നതോടെ നഗരം നിശ്ചലമാകും. അതിനിടെ സമരക്കാരെ നിയമസഭാ പരിസരത്തേക്ക് അടുപ്പിക്കരുതെന്ന് പൊലീസിന് നിര്‍ദേശം കൊടുത്ത ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ രൂക്ഷ പ്രതികരണവുമായി കിസാന്‍ സഭ നേതാവ് ദാവ്‌ലേ രംഗത്തെത്തി. ഫട്‌നാവിസ് പൊലീസിനെ കൊണ്ട് തടഞ്ഞ് ഞങ്ങളെ പേടിപ്പിക്കാമെന്ന് കരുതേണ്ടെന്ന് ദാവ്‌ലേ വ്യക്തമാക്കി.

“ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ ആവശ്യങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. ഫട്‌നാവിസ് പൊലീസിനെകൊണ്ട് തടഞ്ഞു പേടിപ്പിക്കമെന്ന് കരുതേണ്ട. സര്‍ക്കാര്‍ ഞങ്ങളുടെ പ്രശനങ്ങള്‍ പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്ന ഫ്രശനമില്ല,” ദാവ്‌ലേ പറഞ്ഞു.

അതേസമയം ഇന്ന് മുംബൈ നഗരത്തിലേക്കു പ്രവേശിച്ച സമരക്കാർ നാളെ മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കുമെന്നാണ് റിപ്പോർട്ട്. കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനത്തിനു സമീപം തടയാനാണു പൊലീസിന്റെ നീക്കമെന്നാണ് സൂചന. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി.

സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം; ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കണം എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ. നാസിക്കിൽ നിന്ന് കഴിഞ്ഞ് ബുധനാഴ്ച ആരംഭിച്ച മാർച്ച് ഇടതുപക്ഷ കർഷക സംഘടനയായ അഖില ഭാരതീയ കിസാൻ സഭയുടെ നേതൃത്വത്തിലാണ് മുന്നേറുന്നത്.

മാർച്ചിന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി, വടക്കൻ മഹാരാഷ്ട്രയിലെ ‘ഹല്ലാ ബോൽ ആന്ദോളൻ’, ശിവസേന, മഹാരാഷ്ട്ര നവനിർമാൺ സേന, ആം ആദ്മി പാർട്ടി എന്നിവരുടെ പിന്തുണയുണ്ട്.

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.