നല്ല വിത്തുകൾക്ക് ആവശ്യക്കാർ ഏറെ; വിത്തുകൾക്കായി കൃഷി ചെയ്ത് ലാഭം കൊയ്യാം

നല്ല വിത്തുകൾക്ക് ആവശ്യക്കാർ ഏറെ; വിത്തുകൾക്കായി കൃഷി ചെയ്ത് ലാഭം കൊയ്യാം. മൊൺസാന്റോ പോലുള്ള ബഹുരാഷ്ട്ര കുത്തകകൾ കോടികളാണ് വിത്തുകൾ വിറ്റഴിച്ച് ഇന്ത്യൻ വിപണിയിൽ നിന്ന് നേടുന്നത്. നന്നായി മുളയ്ക്കുന്നതും ജനിതക ശുദ്ധിയുള്ളതുമായ വിത്തുകള്‍ക്ക് കർഷകർക്കിടയിൽ എന്നും വൻ ഡിമാന്റാണ്. അതിനാൽ വിത്തുകൾക്കായി കൃഷി ചെയ്യുന്നത് മികച്ച വരുമാനം ഉറപ്പു നൽകുന്ന ഒരു കൃഷിരീതിയായി മാറുകയാണ്.

വിത്തു ശേഖരിച്ച് കൃഷിയിറക്കുന്നതുവരെ അത് സുരക്ഷിതമായി കേടാവാതെ സൂക്ഷിക്കുകയെന്നതാണ് വിത്തുത്പാദനത്തിന്റെ പ്രധാന വെല്ലുവിളി. വിത്തിനായി കൃഷിയിറക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തറസ്സായതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നല്ല വളക്കൂറുള്ളതുമാകണം. കൃഷിയിടത്തിലെ മണ്ണ് പരിശോധിച്ച് വിത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ട എല്ലാ പോഷകങ്ങളും മണ്ണില്‍ അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം.

ഒപ്പം നല്ല നീര്‍വാര്‍ച്ചയുള്ളതാകണം കൃഷിയിടം. ഓരോവിളയ്ക്കും അനുയോജ്യമായ കാലാവസ്ഥ, മണ്ണ്, കൃഷിചെയ്യുന്ന ഇനത്തിന്റെ പ്രത്യേകതകള്‍, അവയെ ബാധിക്കുന്ന കീടങ്ങള്‍, രോഗങ്ങള്‍, അവയുടെ നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. ഒന്നിലധികം തരങ്ങള്‍ ഇടകലര്‍ത്തി കൃഷി ചെയ്യുന്നുണ്ടെങ്കിൽ അവ തമ്മില്‍ നിശ്ചിതമായ അകലം നിർബന്ധമായും പാലിച്ചിരിക്കണം.

കലര്‍പ്പുണ്ടെന്ന് തോന്നുന്നതും രോഗകീടബാധയേറ്റതുമായ ചെടികള്‍ തോട്ടത്തില്‍ നിന്ന് നീക്കം ചെയ്യണം. കൃത്യമായ ഇടവേളകളില്‍ തോട്ടത്തിലെ കളകള്‍ പറിച്ചു മാറ്റണം. ഓരോ കൃഷിയിനത്തിനും വേണ്ട വിളപരിചരണവും ചെടികളുടെ ശുശ്രൂഷയും വിത്തിനായുള്ള കൃഷിയിലും തുടരണം. കൃത്യമായ നനയും സസ്യസംരക്ഷണവും നൈട്രജന്‍, പൊട്ടാഷ് വളങ്ങള്‍ എന്നിവയും വളർച്ചയുടെ സമയത്ത് മേല്‍ വളമായി നല്‍കണം.

ആറു മാസത്തിനിടയ്ക്കാണ് വിത്തുകൾക്ക് മികച്ച മുളയ്ക്കൽ ശേഷിയുള്ളത്. സ്യൂഡോമോണസ് ഫ്‌ളൂറസെന്റ് ഒരു കിലോ വിത്തിന് 50 ഗ്രാം വീതം കലര്‍ത്തി പുരട്ടി ഉണക്കിയെടുത്ത് വിത്തുകള്‍ വിതരണത്തിന് തയ്യാറാക്കാം. പോളിത്തീന്‍ കവറുകളില്‍ കാറ്റുകടക്കാതെ പാക്ക് ചെയ്തും കാറ്റുകടക്കാത്ത ടിന്‍ പാത്രങ്ങളില്‍ സീല്‍ ചെയ്തും ആകർഷകമായ രീതിയിൽ വിപണിയിൽ എത്തിക്കുകയാണെങ്കിൽ വിത്തുകൾ ലാഭം നേടിത്തരുക തന്നെ ചെയ്യും.

Also Read: അക്വേറിയം പരിപാലനത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image: pixabay.com