കടുക് പോലെ ചെറുതല്ല രാജ്യത്തിന്റെ പരമാധികാരം

ചില മരങ്ങള്‍ അവയുടെ നാശത്തിനുള്ള വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് പറയാറുണ്ട്. അസുരവിത്ത് എന്നൊക്കെയുള്ള നാടന്‍ സംജ്ഞകള്‍ നമുക്ക് സുപരിചിതമാണല്ലോ. വിത്ത് ഒരു ജനതയുടെ ഓര്‍മച്ചെപ്പാണ്. അങ്ങനെയാണ് എല്ലാ ഉര്‍വ്വരതാ അനുഷ്ഠാനങ്ങളിലും വിത്തുകള്‍ പ്രധാനമായി വരുന്നത്. അത് ചിലപ്പോള്‍ നെല്‍വിത്താകാം. ചിലയിടത്ത് ചോളമോ തിനയോ റാഗിയോ ആകാം. വേറെ ചിലയിടത്ത് മറ്റേതെങ്കിലും തരം വിത്താകാം. ഏതായാലും ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ വിത്ത് കേന്ദ്രസ്ഥാനത്ത് വരുന്നു. മനുഷ്യജീവിതത്തിന് അടുക്കും ചിട്ടയും കൈവന്നത് കൃഷിയുടെ ആരംഭത്തോടെയാണ്. അതുവരെ അലഞ്ഞുതിരിഞ്ഞ് നടക്കുകയും കിട്ടുന്നത് തിന്നുകയും എത്തുന്നിടത്ത് കിടക്കുകയും ചെയ്തുശീലിച്ച മനുഷ്യവര്‍ഗ്ഗം സാമ്പ്രദായികമായ ചില ക്രമങ്ങള്‍ക്ക് വിധേയരായി സ്വയം നവീകരിക്കാന്‍ തുടങ്ങിയത് കൃഷിയുടെ കണ്ടുപിടുത്തത്തോടെയാണ്. അലക്ഷ്യമായി വലിച്ചെറിഞ്ഞ വിത്തുകള്‍ പതിയെ പതിയെ മുള പൊട്ടി വിരിഞ്ഞ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ആദിമ മനുഷ്യര്‍ കൃഷിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞു എന്നാണല്ലോ നരവംശശാസ്ത്രജ്ഞരുടെ നിരീക്ഷണം. അതുകൊണ്ടാണ് ലോകത്തിലെ എല്ലാ സംസ്കാരങ്ങളും നദീതീരങ്ങളില്‍ ഉടലെടുത്ത് അസ്തമിച്ചത്. ലോകത്തെല്ലായിടത്തും നടക്കുന്ന ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ക്ക് വളരെ പ്രകടമായ സാമ്യം കാണാറുണ്ട്. അതിനു കാരണവും വിത്തിന്റെ സാന്നിധ്യം തന്നെയായിരിക്കാം.

[amazon_link asins='B01D8X6Q6C' template='ProductAd' store='Mannira3765' marketplace='IN' link_id='a4a3eeb8-30e9-11e8-9812-237bd4ddb11f']

ഇപ്പോഴിതാ ഒരു ചെറിയ വിത്തിനെച്ചൊല്ലിയാണ് പുതിയ വിവാദങ്ങള്‍ മുഴുവനും. ഭക്ഷ്യവസ്തുവായ കടുക് ചരിത്രത്തിന്റെ ഭാഗമാകുന്നത് അതിനെ ജനിതകമാറ്റം വരുത്തി കൂടുതല്‍ മികച്ച വിളവ് നല്‍കുന്ന ഒരു ഉല്‍പ്പന്നമാക്കി മാറ്റാമെന്ന കണ്ടുപിടുത്തത്തോടെയാണ്. അതുകൊണ്ട് കടുക് തീരെ ചെറിയ വിത്തല്ല എന്ന് നമ്മള്‍ ഇന്ന് തിരിച്ചറിയുന്നുണ്ട്. ജനിതകമാറ്റം വരുത്തി വിളകളെ കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കുന്ന സാങ്കേതികവിദ്യ ലോകത്തിന് അപരിചിതമേയല്ല. ഒരു സസ്യത്തിന്റെ ഡി.എന്‍.എ (Deoxyribonucleic Acid)യില്‍ മാനുഷിക ഇടപെടലുകളിലൂടെ വ്യതിയാനം വരുത്തി അതിന്റെ സ്വഭാവത്തില്‍ കാതലായ മാറ്റം വരുത്തുന്ന പ്രക്രിയയെയാണ് ജനിതകമാറ്റം വരുത്തുക എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. ഇത് തീരെ ലളിതമായ ഒരു വിശദീകരണമാണ്. കൂടുതല്‍ ഗഹനവും സാങ്കേതികവുമായ വിശദീകരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള പുകയിലയാണ് ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തി വികസിപ്പിച്ചെടുത്ത വിള. 1982ലായിരുന്നു അത്. 1986ല്‍ അമേരിക്കയിലും ഫ്രാന്‍സിലും പരീക്ഷണാടിസ്ഥാനത്തിലും പിന്നീട് വാണിജ്യാടിസ്ഥാനത്തിലും ജനിതകമാറ്റം വരുത്തിയ പുകയില കൃഷി ചെയ്യാന്‍ തുടങ്ങി. പിന്നീട് 1987ല്‍ ബെല്‍ജിയത്തിലെ ഘെന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് ജനറ്റിക് സിസ്റ്റംസ് എന്ന സ്ഥാപനമാണ് ഷഡ്പദങ്ങളെ പ്രതിരോധിക്കുന്നതിന് കഴിവുള്ള ജനിതകമാറ്റം വരുത്തിയ പുകയില ആദ്യമായി വികസിപ്പിച്ചെടുത്തത്. മാര്‍ക്ക് വാന്‍ മൊന്റേഗു, ജെഫ് സ്കെല്‍ എന്നീ രണ്ട് ശാസ്ത്രജ്ഞരാണ് കണ്ടുപിടുത്തം നടത്തിയത്. മണ്ണില്‍ കാണപ്പെടുന്ന ബാസില്ലസ് തുറിഞ്ചിയന്‍സിസ് (Bacillus Thuringiensis) എന്ന ബാക്ടീരിയയെ ഉപയോഗിച്ചാണ് അവരിത് സാധിച്ചെടുത്തത്. ബാസില്ലസ് തുറിഞ്ചിയന്‍സിസ് ബാക്ടരീയകളില്‍ കാണപ്പെടുന്നതും ഷഡ്പദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള പ്രോട്ടീന്‍ അടങ്ങിയതുമായ ജീനുകളെ വേര്‍തിരിച്ചെടുത്ത് ചെടികളില്‍ സന്നിവേശിപ്പിച്ചാണ് ഈ പ്രക്രിയ വിജയകരമായി നടപ്പിലാക്കിയത്. വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുകയിലയുടെ ഉല്‍പ്പാദനത്തിലൂടെ 1992ല്‍ ചൈനയാണ് ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിയ്ക്ക് ആരംഭം കുറിച്ചത്. എന്നാല്‍ അഞ്ചുവര്‍ഷത്തിനുശേഷം 1997ല്‍ ആ വിള അവര്‍ പിന്‍വലിക്കുകയായിരുന്നു. ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ ഒരു ഉല്‍പ്പന്നത്തിന് വിപണനാനുമതി നല്‍കിയത് അമേരിക്കയായിരുന്നു. 1994 ലായിരുന്നു അത്. ഫ്ലേവര്‍ സേവര്‍ തക്കാളി (Flavr Savr Tomato/CGN-89564-2) എന്നാണ് ആ വിള അറിയപ്പെടുന്നത്. 1995ല്‍ ബി.ടി ഉരുളക്കിഴങ്ങിന് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (US Environmental Protection Agency) വിപണനാനുമതി നല്‍കി. അതോടൊപ്പം തന്നെ ബി.ടി ചോളം, ബി.ടി പരുത്തി, ബി.ടി സോയാബീന്‍, ബി.ടി സ്ക്വാഷ്, ബി.ടി തക്കാളി തുടങ്ങിയ വിളകള്‍ക്കും അനുമതി ലഭിച്ചു. ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ ചാകരക്കാലമായിരുന്നു 90കള്‍. രണ്ടായിരമാണ്ട് ആയപ്പോഴേക്കും വൈറ്റമിന്‍ എ സമ്പുഷ്ടമാക്കിയ സുവര്‍ണ അരി കണ്ടുപിടിച്ചു. പക്ഷെ ഇതുവരെയും സുവര്‍ണ അരിയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ല. അത്രയും ആശ്വാസം. അമേരിക്ക പോലുള്ള അതിവികസിത രാജ്യങ്ങളില്‍ ജനിതകമാറ്റം വരുത്തിയ പഴങ്ങളും പച്ചക്കറികളും വിപണനം നടത്തുന്നതിന് വിലക്കുണ്ട്. അവര്‍ ഇത്തരം വിളകള്‍ കൃഷിചെയ്യുന്നത് വികസ്വര-അവികസിത-അര്‍ദ്ധവികസിത രാജ്യങ്ങളുടെ കമ്പോളങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ്.

[amazon_link asins='B0117OD3K6' template='ProductAd' store='Mannira3765' marketplace='IN' link_id='aa120169-30e9-11e8-be9b-8fa2950be0ea']

ജനിതകമാറ്റം വരുത്തിയ വിളകള്‍ മാത്രമേ ഇനി ആവശ്യമുള്ളൂ എന്നതരത്തിലുള്ള ചില കുപ്രചരണങ്ങള്‍ ലോകത്താകെ ഉയര്‍ന്നുവരുന്ന ദശാസന്ധിയാണിത്. മൂന്നാം ലോകരാഷ്ട്രങ്ങള്‍, അവികസിത രാഷ്ട്രങ്ങള്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഭക്ഷ്യക്ഷാമത്തിന് പരിഹാരം എന്ന പേരില്‍ വന്‍തോതില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ ഭക്ഷ്യയോഗ്യമെന്ന വ്യാജേന കയറ്റിയയക്കുന്ന പ്രവണത അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ പാവപ്പെട്ട ദരിദ്രനാരായണന്മാര്‍ക്ക് ഭൂതദയയുടെ ഭാഗമായി വിതരണം ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ ചോളവും മറ്റും വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ആഫ്രിക്കയുടെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം നിലനില്‍ക്കുന്നതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് അമേരിക്ക പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വന്‍തോതില്‍ ജനിതകമാറ്റം വരുത്തിയ ചോളവും ഗോതമ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ അവിടങ്ങളിലേക്ക് കൊണ്ടുതള്ളുകയാണ്. അമേരിക്കയാണ് ഈ ജനിതകമാറ്റ വിളകളുടെ മുഖ്യ ഉല്‍പ്പാദകര്‍. അവരുണ്ടാക്കുന്ന വിളകള്‍ക്ക് ഭക്ഷ്യസഹായം എന്ന പേരുമിട്ട് വികസ്വര രാഷ്ട്രങ്ങളില്‍ കൊണ്ടുതള്ളുന്നു. ലെസോത്തോ, സ്വാസിലാന്റ്, മൊസാംബിക് എന്നീ രാജ്യങ്ങള്‍ ഈ സഹായം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെങ്കിലും സാംബിയ, മലാവി, സിംബാംബ്വേ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം നടന്നുവരികയാണ്. ഞങ്ങള്‍ക്ക് ആവശ്യമുള്ള സുരക്ഷിത ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കാനുമുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. നിങ്ങള്‍ക്ക് ഞങ്ങളെ സഹായിച്ചേ തീരുവെങ്കില്‍ ജനിതകമാറ്റം നടത്തിയ വിളകള്‍ക്ക് പകരം സാമ്പത്തികസഹായം നല്‍കൂ എന്നതാണ് പ്രതിഷേധക്കാരുടെ നിലപാട്. ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കാനുള്ളതല്ല അത് കയറ്റിയയക്കാനും അതുവഴി ലാഭം കൊയ്യാനുമുള്ളതാണ് എന്നതാണ് അതിവികസിത രാജ്യങ്ങളുടെ സിദ്ധാന്തവും പ്രയോഗവും. അര്‍ബുദം മുതലായ മാരകരോഗങ്ങള്‍ ഉണ്ടാകാമെന്ന സാധ്യതയാണ് ഇത്തരം വിളകളുടെ ഉപയോഗത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തുന്ന ഘടകം. പക്ഷെ, മികച്ചത് എന്ന ലേബലില്‍ പൊതിഞ്ഞ് അവ നമ്മുടെ വിപണിയിലെത്തുമ്പോള്‍ നമുക്ക് അവ പഥ്യമാകുന്നു. ഇതൊരു ദുരന്തമാണ്. വിളകളിലൂടെ, ഭക്ഷ്യധാന്യങ്ങളിലൂടെ ഒരു രാജ്യത്തെ അസ്ഥിരമാക്കാന്‍ കഴിയും. സ്വാതന്ത്ര്യവും പരമാധികാരവും കയ്യടക്കാന്‍ കഴിയും. അതുവഴി ആശ്രിതരെ സൃഷ്ടിക്കാനും കഴിയും. നിങ്ങള്‍ കഴിക്കേണ്ടതെന്ത് എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നുവരുമ്പോള്‍ അത് ആശ്രിതരുടെ മരണമാണ്. എല്ലാ പ്രകാരത്തിലുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണല്ലോ. അതില്‍ ഏതെങ്കിലുമൊന്ന് ഹനിക്കുന്നതിന് ബഹുരാഷ്ട്രകുത്തക കമ്പനികള്‍ കരുക്കള്‍ നീക്കുമ്പോള്‍ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതാണോ ഭരണകൂടത്തിന്റെ ചുമതല എന്ന ചോദ്യം പ്രസക്തമാണ്.

[amazon_link asins='B01J58LR4U' template='ProductAd' store='Mannira3765' marketplace='IN' link_id='b3c4c3de-30e9-11e8-bc66-1f1612f61e43']

മഹാരാഷ്ട്രയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള വിദര്‍ഭയെ മറക്കാറായിട്ടില്ല. അവിടത്തെ കര്‍ഷകരുടെ മുഖ്യ കാര്‍ഷികവിളയും ഉപജീവനമാര്‍ഗ്ഗവും പരുത്തിയായിരുന്നു. അവരുടെ കണക്കില്‍ സാമാന്യം നല്ല വിളവും ലഭിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് മോഹനസുന്ദര വാഗ്ദാനങ്ങളുമായി മോണ്‍സാന്റോ എന്ന കുത്തകഭീമന്‍ രംഗപ്രവേശം ചെയ്തത്. നേരത്തെ രാസകീടനാശിനികളുടെ ഉല്‍പ്പാദനവും വിപണനവുമായിരുന്നു മോണ്‍സാന്റോയുടെ പ്രധാന കര്‍മപരിപാടി. പിന്നീട് അവര്‍ വിത്തുല്‍പ്പാദനത്തിലേക്ക് ചുവടുവെച്ചു. നാടന്‍ വിത്തുകളെ റാഞ്ചിയെടുത്ത് ജനിതകമാറ്റം വരുത്തി അത്യുല്‍പ്പാദനശേഷിയുള്ളതാക്കി കര്‍ഷകരെ കബളി പ്പിക്കുന്ന രസതന്ത്രം അവര്‍ അവിടെ നന്നായി പയറ്റി. മോണ്‍സാന്റോ വിരിച്ച വലയില്‍ പാവപ്പെട്ട കര്‍ഷകര്‍ വീണുപോയി. ഫലമോ? തലമുറകളായി അവര്‍ പാലിച്ചുപോന്ന കൃഷിയുടെ അറിവും നെറിവും അവര്‍ക്ക് കൈവെടിയേണ്ടിവന്നു. മോണ്‍സാന്റോയെ വിത്തിനും വളത്തിനും കീടനാശിനികള്‍ക്കുമായി അവര്‍ ആശ്രയിച്ചേപോന്നു. രണ്ടാംവിളയിലെ വിത്തുകള്‍ പിന്നെ മുളപൊട്ടാതായി. അതേ തുടര്‍ന്ന് ഓരോ വിളയ്ക്കും ആവശ്യമായ വിത്തിന് അവര്‍ മോണ്‍സാന്റോയുടെ മുന്നില്‍ തൊഴുതുനില്‍ക്കാന്‍ തുടങ്ങി. പതിയെ പതിയെ വിളവ് മോശമായി. കടം കയറി. കര്‍ഷകര്‍ ഒറ്റയ്ക്കും കുടുംബത്തോടൊത്തും ജീവനൊടുക്കാന്‍ തുടങ്ങി. കര്‍ഷക ആത്മഹത്യ വ്യാപകമായതോടെയാണ് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വിദര്‍ഭ പാക്കേജ് കൊണ്ടുവന്നത്.

[amazon_link asins='B078ZS7DXW' template='ProductAd' store='Mannira3765' marketplace='IN' link_id='bd3a7ce0-30e9-11e8-8afc-0b3e34a06325']

ബി.ടി പരുത്തിയ്ക്കെതിരെ എന്നതുപോലെ അതിശക്തമായ സമരമാണ് ബി.ടി വഴുതനയ്ക്കെതിരെയും നാട്ടില്‍ ഉയര്‍ന്നുവന്നത്. ദേശവ്യാപകമായി ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പുകളെ തുടര്‍ന്ന് ജനിതകമാറ്റം വരുത്തിയ വഴുതനയ്ക്ക് വേണ്ടിയുള്ള ഉദാരമായ നിലപാടില്‍ നിന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്മാറുകയാണ് ചെയ്തത്. ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് വനം-പരിസ്ഥിതി കാര്യ മന്ത്രാലയം ബി.ടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയ്ക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ചു. ആ കോര്‍ട്ടിലേക്കാണ് ഇപ്പോള്‍ ബി.ടി കടുക് എത്തിയിരിക്കുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും കൃഷി മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള താത്പര്യമാണ് ഇതുവരെ പ്രകടപ്പിച്ചിട്ടുള്ളത്. മാര്‍ഗ്ഗം ഏതായാലും വേണ്ടില്ല വിള സമൃദ്ധിയുണ്ടായാല്‍ മതി എന്നതാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ജനറ്റിക് മാനിപ്പുലേഷന്‍ ഓഫ് ക്രോപ് പ്ലാന്റ്സ് (Centre for Genetic Manipulation of Crop Plants-CGMCP)യാണ് ജനിതകമാറ്റം വരുത്തിയ കടുക് ഉരുത്തിരിച്ചെടുത്തത്. അത് കേവലം നമ്മുടെ കര്‍ഷകര്‍ക്കോ രാജ്യത്തിനോ വേണ്ടിയല്ല. ബഹുരാഷ്ട്ര കുത്തകകമ്പനികളുടെ ആജ്ഞാനുസരണമാണ്. അത്യുല്‍പ്പാദനശേഷിയുള്ള ധാരാ കടുക്-11 (Dhara Mustard Hybrid-11 (DMH-11)) എന്നാണ് ഈ കടുകിന് പേര് നല്‍കിയിരിക്കുന്നത്. ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി ലഭിക്കുന്ന സ്ഥിതിയുണ്ടായാല്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് അനുമതി ലഭിച്ച ആദ്യത്തെ ജനിതകമാറ്റം വരുത്തിയ വിളയായി കടുക് മാറും. നമ്മുടെ ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റി (GEAC) അനുമതി നല്‍കുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സബ്ബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. അവര്‍ പറയുന്നത് ജനിതകമാറ്റം വരുത്തിയ വിളകള്‍ വന്‍തോതില്‍ കൃഷി ചെയ്യണമെന്നും അവ നൂറുശതമാനം സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്നുമാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സെല്ലൂലാര്‍ ആന്റ് മോളിക്യൂളാര്‍ ബയോളജി (CCMB) സ്ഥാപക ഡയറക്റും ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റി (GEAC)യിലെ സുപ്രീം കോടതി നിയമിച്ച അംഗവുമായ ഡോ. പുഷ്പ. എം. ഭാര്‍ഗ്ഗവ ജി.എം. കടുകിന്റെ കാര്യത്തില്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ''ഈ കടുകിന് അനുമതി നല്‍കുന്നതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കുത്തകകള്‍ക്കു മുന്നില്‍ അടിയറവയ്ക്കുകയായിരിക്കും ചെയ്യുന്നത്. ഭരണകൂടം ജനകീയ പ്രതിരോധങ്ങളെ മാനിക്കാതിരുന്നാല്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും. കേവലപ്രതിഷേധങ്ങള്‍ രൂപം മാറി ഭരണകൂടത്തിനെതിരായ സ്വാതന്ത്ര്യ സമരമായി പരിണമിക്കേണ്ടിവരും. വേണ്ടത്ര പഠനവും ആലോചനയും നടത്താതെയാണ് വനം-പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തിയ സബ്ബ് കമ്മിറ്റി 133 പേജുള്ള അസസ്മെന്റ് ഓഫ് ഫൂഡ് ആന്റ് എന്‍വയോണ്‍മെന്റലി‍ സേഫ്റ്റി ഓഫ് ജി.ഇ മസ്റ്റാര്‍ഡ്-AFES എന്ന പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. '' ദേശസ്നേഹികളായ എല്ലാ ശാസ്ത്രജ്ഞരും പരിസ്ഥിതി ചിന്തകരും ഇതിനോടകം കടുകിനെതിരെയും ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെയും രംഗത്തെത്തിക്കഴിഞ്ഞു. ഇനി ആരും ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കേണ്ടതില്ല.

[amazon_link asins='B0785JJF7L' template='ProductAd' store='Mannira3765' marketplace='IN' link_id='cdff1653-30e9-11e8-b4a2-a95aed0f7834']

എന്തുകൊണ്ട് ഈ നീക്കം എതിര്‍ക്കപ്പെടണം? ജനിതകമാറ്റം വരുത്തിയ വിത്തുകളും വിളകളും ഭാരതമണ്ണില്‍ വിതയ്ക്കപ്പെടരുത് എന്നു പറയുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഭാരതം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. ലോകം സുഷുപ്തിയിലാണ്ടുകിടന്ന ഒരു പാതിരാവില്‍ സ്വന്തം ഭാവിഭാഗധേയം നിര്‍ണയിക്കുകയും അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് നമ്മള്‍. അടിമത്തത്തിന്റെ നുകം എന്നെന്നേയ്ക്കുമായി തകര്‍ത്തുകളഞ്ഞിട്ടാണ് നാം സ്വാതന്ത്ര്യം ആഘോഷിച്ചത്. ഭാരതത്തെ കോളനിയാക്കി മാറ്റുന്നതിന് ബ്രിട്ടീഷ് ഭരണകൂടം ആവിഷ്കരിച്ച തന്ത്രം ഭിന്നിപ്പിച്ചു ഭരിക്കുക എന്നതായിരുന്നു. ഇതേ തന്ത്രത്തിന്റെ ഭിന്നരൂപങ്ങളാണ് ഇന്ന് ബഹുരാഷ്ട്രകുത്തക ഭീമന്മാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ലോകത്തെയാകെ ഒരൊറ്റ മാര്‍ക്കറ്റായി മാറ്റിയെടുത്തിട്ട് ലോകത്തിന്റെ ഏതോ അദൃശ്യകോണിലിരുന്ന് അവര്‍ ലാഭം കൊയ്തുകൊണ്ടുപോകുന്നു. അടിമത്തത്തിന്റെ പുതിയ രൂപമാണ് വിത്ത്. നിങ്ങള്‍ ഉപയോഗിക്കുന്ന വിത്തും നിങ്ങളുടെ കാര്‍ഷികരീതികളും അറുപഴഞ്ചനാണെന്നും ഞങ്ങളുടെ പക്കലുള്ള മികച്ച വിളവ് നല്‍കുന്ന വിത്തും ഞങ്ങള്‍ നല്‍കുന്ന കാര്‍ഷിക രീതികളും നിങ്ങള്‍ ഉപയോഗിക്കൂ. അതുവഴി നിങ്ങള്‍ക്ക് മികച്ച വിളവുണ്ടാക്കാം. കൊള്ളലാഭം കൊയ്യാം. എന്ന വായ്ത്താരി നിരന്തരം പ്രയോഗിച്ച് പാവപ്പെട്ട കര്‍ഷകരെ മുഴുവന്‍ പാട്ടിലാക്കാന്‍ അവര്‍ പരിശ്രമിക്കുന്നുണ്ട്. കൃഷി സത്യമുള്ള പണിയാണ്. കര്‍ഷകന്‍ സത്യമുള്ളവനാണ്. നേരും നെറിവുമാണ് അവന്റെ മൂലധനം. അതുകൊണ്ട് അവരെ പാട്ടിലാക്കാന്‍ കുത്തകകള്‍ ഉപയോഗിക്കുന്നത് ഭരണകൂടത്തെയാണ്. ഏറാന്മൂളികളുള്ള നാട്ടില്‍ ആ പണി വളരെ എളുപ്പമായി വരുന്നു എന്നുള്ളതാണ്.

Also Read: കോൾഡ് സ്റ്റോറേജും ഇന്ത്യൻ കാർഷിക രംഗവും; ഉറങ്ങുന്ന ഭീമന്റെ തണുത്തുറഞ്ഞ ഭാവി

[amazon_link asins='B06XXKVJJQ' template='ProductAd' store='Mannira3765' marketplace='IN' link_id='d9e5a887-30e9-11e8-a201-89a53cb44904']

ഇപ്പോള്‍ കടുക് കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കടുക് കൃഷിയില്‍ നിന്ന് ലഭിക്കുന്ന തുലോം കുറഞ്ഞ വിളവാണെന്നും മികച്ച വിളവ് നേടാന്‍ ചെലവ് തീരെ കുറഞ്ഞ മാര്‍ഗ്ഗങ്ങളുണ്ടെന്നും കര്‍ഷകരെ ഉപദേശിക്കുക എന്നതാണ് ജനിതകമാറ്റം വരുത്തിയ കടുക് കൃഷി വ്യാപകമാക്കാന്‍ ബഹുരാഷ്ട്ര കുത്തകകള്‍ പയറ്റുന്ന സൂത്രവിദ്യ. അതിന് അവര്‍ കടുക് കൃഷിയ്ക്ക് വിളനാശം വരുത്തുന്നതിനുപോലും പരിശ്രമിച്ചേക്കാം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ആസാം, ഗുജറാത്ത്, ബംഗാള്‍, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ കടുക് കൃഷി വ്യാപകമായി നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ പഞ്ചാബ്, ആസാം, ബിഹാര്‍ എന്നിവിടങ്ങളിലൊഴികെ അധികാരം കയ്യാളുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയുമാണ്. ഇപ്പോള്‍ കാര്യങ്ങള്‍ ഏകദേശം വ്യക്തമായല്ലോ.

നമ്മുടെ കൃഷിയിടങ്ങളിലാകെ ഒരു ജനിതകമാറ്റവിപ്ലവത്തിന് സാധ്യതയുണ്ടോ എന്ന നിരന്തര അന്വേഷണത്തിലാണ് അവര്‍. ഇന്നലെ പരുത്തിയും വഴുതനയും ഇന്ന് കടുക്, നാളെ മറ്റു വിളകളും വിത്തുകളും. അങ്ങനെ നാമറിയാതെ തന്നെ നമ്മുടെ നല്ലതൊക്കെ അവരുടേതാവുകയും അവര്‍ വെച്ചുനീട്ടുന്ന ഏതാനും തുട്ടുകള്‍ കൈപ്പറ്റി ഭരണകൂട പിണിയാളുകള്‍ അടങ്ങിയിരിക്കുകയും പാവപ്പെട്ട കര്‍ഷകര്‍ ആത്മഹത്യയിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഇത് കടുകില്‍ മാത്രം ഒതുങ്ങുന്ന സാങ്കേതികവിദ്യയല്ല. പയര്‍ വര്‍ഗ്ഗങ്ങള്‍, കിഴങ്ങുവിളകള്‍, ചെറുധാന്യങ്ങള്‍ തുടങ്ങി നമ്മുടെ ഭക്ഷ്യശൃഖലയെയാകെ കൈപ്പിടിയി ലൊതുക്കുക എന്നതാണ് നവകമ്പോളസിദ്ധാന്തത്തിന്റെ കാതല്‍. അത് തിരിച്ചറിഞ്ഞ് ഇത്തരം കുത്സിതനീക്കങ്ങളെ ചെറുക്കുക എന്നല്ലാതെ നമുക്ക് മുന്നില്‍ മറ്റൊരു വഴിയും ഇല്ല. നമ്മുടെ കാര്‍ഷികമേഖലയെ കൈപ്പിടിയിലൊതുക്കാന്‍ ബഹുരാഷ്ട്ര കുത്തകകള്‍ തക്കംപാര്‍ത്തിരിക്കു മ്പോഴാണ് കടുകിന് വാതില്‍ തുറന്നുകൊടുക്കുന്നത്. കള്ളന് കടന്നുവന്ന് സൗകര്യം പോലെ മോഷ്ടിച്ചുകൊണ്ടുപോകാന്‍ പാകത്തില്‍ വീടിന്റെ പിന്‍വാതില്‍ തുറന്നിട്ട് കിടന്നുറങ്ങുന്ന ''സമര്‍ത്ഥനായ'' വീട്ടുടമസ്ഥനെപ്പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഡ്യൂപോന്റ്, കാര്‍ഗില്‍, ബെയര്‍, മോണ്‍സാന്റോ, സിന്‍ജെന്റ, ഡൗ, ആഡ്വെന്റാ... അങ്ങനെ നീണ്ടുപോകുന്നു കഴുകന്മാരുടെ നിര.

Also Read: ഡയറി ഫാം തുടങ്ങാൻ ഉദ്ദേശമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കൂ

നമ്മുടെ രാജ്യത്തിന്റെ ശാസ്ത്രസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നമ്മെ അടിമകളാക്കുന്ന കുത്തകകളുടെ ഗൂഢനീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിന് രാജ്യവ്യാപകമായി കൂടുതല്‍ യോജിച്ചതും ശക്തിമത്തായതുമായ പ്രക്ഷോഭം അനിവാര്യമാണ്. അത് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ളതാണ്. നമ്മുടെ മണ്ണും വെള്ളവും വായുവും ആകാശവും മലിനമാകാതെ കാത്തുവെയ്ക്കുന്നതിനും വരുംതലമുറയ്ക്ക് പരുക്കുകളില്ലാതെ കൈമാറുന്നതിനുമുള്ള പോരാട്ടമാണ്. നമ്മുടെ ആഹാരവും കുടിവെള്ളവും സുരക്ഷിതമാക്കുന്നതിനുള്ള അവകാശത്തിനുവേണ്ടിയുള്ളതാണ്. അതിനെ വേണമെങ്കില്‍ രണ്ടാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്നു വിളിക്കാം. സമരപഥത്തിലേക്കിറങ്ങാന്‍ ഇനിയും മടിച്ചുനില്‍ക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ഇപ്പോഴില്ലെങ്കില്‍ ഇനിയതിന് കഴിഞ്ഞെന്നും വരില്ല.

Sijo Porathoor

Writer and activist on ecology, gender issues, human rights, marginalized people.