വീട്ടുമുറ്റങ്ങളിൽ മുന്തിരിവളളികള്‍ തളിർക്കുമ്പോൾ; വീട്ടിൽ മുന്തിരി കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടുമുറ്റങ്ങളിൽ മുന്തിരിവളളികള്‍ തളിർക്കുമ്പോൾ; വീട്ടിൽ മുന്തിരി കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. വീട്ടുവളപ്പിലോ ടെറസിലോ ജൈവവളം ഉപയോഗിച്ച് കൃഷിചെയ്യാൻ അനുയോജ്യമാണ് മുന്തിരി കൃഷി. മിതമായ ചൂടും തണുപ്പുമുളള കാലാവസ്ഥയില്‍ നന്നായി വളരുന്ന മുന്തിരി എല്ലാക്കാലത്തും നടാവുന്നതാണ്.
ഏറെ പ്രചാരമുള്ള ഇനമായ ബാംഗ്ളൂര്‍ പര്‍പ്പിള്‍ ആണ് വീട്ടുവളപ്പിലെ കൃഷിയ്ക്ക് അനുയോജ്യം. നീല കലര്‍ന്ന കറുപ്പും ഉരുണ്ട വിത്തുമാണ് ഇതിന്റെ പ്രത്യേകത. വെയില്‍ ധാരാളമായി ലഭിക്കുന്ന ഒരിടം നോക്കി ടെറസിൽ ചട്ടികളിലോ ബാഗുകളിലോ, അല്ലെങ്കിൽ തൊടിയിലോ വിത്തുകൾ നടാം. നടുന്നതിന് മുമ്പ് ഉണങ്ങിയ ചാണകം, കമ്പോസ്റ്റ്, മണ്ണിരവളം ഇവയിലേതിലെങ്കിലും ഒന്ന് മണ്ണില്‍ കലര്‍ത്തി കുതിര്‍ക്കണം.
അതിനുശേഷം ഒരടിവരെ പൊക്കമുള്ള തൈ വേര് പൊട്ടിപ്പോകാതെ മണ്ണില്‍ കുഴിയുണ്ടാക്കി നടണം. താങ്ങിനിര്‍ത്താനായി കമ്പുകൾ കുത്തി പന്തൽ ഉണ്ടാക്കുകയും ചെറിയ തോതില്‍ ദിവസേന നനച്ചു കൊടുക്കുകയും വേണം. ടെറസിലാണ് കൃഷിയെങ്കിൽ മുന്തിരി വള്ളികള്‍ ടെറസിന്റെ തറയിൽ നിന്ന് ആറടി ഉയരംവരെ വളര്‍ത്തിക്കൊണ്ടു വരണം. ഇത് നല്ലരീതിയിൽ പരിചരണം നൽകാൻ സഹായിക്കും.
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പാഴ്‌വള്ളികള്‍ പറിച്ച് കളയുകയും പടര്‍ന്നു വളരാനായി മുന്തിരി വളളിയുടെ തലപ്പ് നുള്ളിവിടുകയും വേണം. വളരുന്നതിനനുസരിച്ച് എല്ലാ വള്ളികളുടെയും തലപ്പ് ഒരടി നീളത്തില്‍ നുള്ളി വിടുകയും, ഇലകള്‍ അടര്‍ത്തി മാറ്റുകയും വേണം. ഒരു മാസത്തിനുള്ളില്‍ പുതിയ തളിരിലകൾ മുളക്കുകയും ഇളം പച്ച നിറത്തില്‍ പൂക്കള്‍ വരുകയും ചെയ്യുന്നത് കാണാം. വള്ളികളുറ്റെ തലപ്പ് ഒരടി വളരുമ്പോള്‍ വീണ്ടും നുള്ളിവിടുന്നത് ആവർത്തിക്കണം.
പൂക്കള്‍ കായ്ച്ച് നാലുമാസം കൊണ്ട് കായകള്‍ പറിക്കാന്‍ പാകമാകുന്നു. പഴുത്ത മുന്തിരികള്‍ മാത്രമേ പറിക്കാവൂ. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും ആ വള്ളികളില്‍ തന്നെ കൃഷി തുടങ്ങിയാല്‍ പത്ത് മാസത്തിനുളളില്‍ മൂന്നു തവണ വരെ വിളവെടുക്കാം. പഴങ്ങളെ കിളികളില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും സംരക്ഷിക്കാന്‍ പന്തലിന് മുകളില്‍ വല വലിച്ചുകെട്ടാവുന്നതാണ്. ശാസ്ത്രീയമായ രീതിയില്‍ പരിചരിച്ചാല്‍ 20 വർഷംവരെ മുന്തിരി വള്ളികള്‍ ജീവിക്കാറുണ്ട്.
മാസത്തില്‍ ഒരു തവണ എന്ന കണക്കിൽ ഒരു തൈയ്ക്ക് കാല്‍ക്കിലോ കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് മൂട്ടിൽ ഒഴിക്കണം. കടലപ്പിണ്ണാക്ക് ഉറുമ്പ് കൊണ്ടുപോകുന്നെണ്ടെങ്കിൽ ഒരൽപ്പം മണ്ണിട്ട് മൂടിയിടണം. കീടശല്യം ഒഴിവാക്കാനായി വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കാം. അറുപതു ദിവസത്തിലൊരിക്കല്‍ ജൈവവളവും ചാണകം, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവയും നൽകണം,
ഇലമുരടിപ്പ്, പൂപ്പല്‍ എന്നിവ അകറ്റാൻ വെര്‍ഹകമ്പോസ്റ്റോടീയോ, ബോര്‍ഡോ മിശ്രിതമോ ഇലകളില്‍ തളിക്കാം. മുന്തിരിയുടെ മധുരം വര്‍ധിപ്പിക്കാനായി വിളവെടുപ്പിന് ഒരാഴ്ച മുമ്പ് ജലസേചനം നിർത്തണം. ഒരു കിലോ മുന്തിരിക്ക് 80 മുതല്‍ 100 രൂപ വരെയാണ് വിപണിയിൽ വില. ഗ്രീന്‍ ഗ്രേപ്‌സിന് കിലോക്ക് 90 രൂപയും ബ്ലാക്ക് ഗ്രേപ്‌സിന് കിലോക്ക് 350 രൂപയും വൈറ്റ് ഗ്രേപ്‌സിന് ഒരു ടണ്ണിന് 25000 രൂപയിലധികവും ശരാശരി വില ലഭിക്കാറുണ്ട്.
പോഷക കലവറയായ മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ഘടകം അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്‌റ്റേറ്റ് എന്നിവയിലെ കാന്‍സറിനെ പ്രതിരോധിക്കുന്നു. വൈനുണ്ടാക്കാനും ജ്യൂസിനും കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ മുന്തിരിക്ക് ആഗോളവിപണിയില്‍ വന്‍സാധ്യതയാണുളളത്. എന്നാൽ ലോകത്തെമ്പാടും മുന്തിരി ഉത്പാദനം വൻ രാസവള, കീടിനാശിനി പ്രയോഗത്തിന്റെ അകമ്പടിയോടെയാണ് നടത്തപ്പെടുന്നത്. അതിനാൽ ജൈവ രീതിയിൽ ഉൽപ്പാദിപ്പിച്ച മുന്തിരിക്ക് വിപണിയിൽ നല്ല വില ലഭിക്കാറുണ്ട്.
Also Read: എരിവിലും വിലയിലും നിലമ്പൂർ കാന്താരി തന്നെ മുന്നിൽ; കാന്താരി മുളകിന്റെ രാജ്ഞിയെക്കുറിച്ച് അറിയാം
Image: pixabay.com