ഇടുക്കി ജില്ല പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തയിലേക്ക്; മൂന്നു ലക്ഷത്തോളം പച്ചക്കറി വിത്തു പാക്കറ്റുകൾ വിതരണം ചെയ്ത് കൃഷി വകുപ്പ്
ഇടുക്കി ജില്ല പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തയിലേക്ക്; മൂന്നു ലക്ഷത്തോളം പച്ചക്കറി വിത്തു പാക്കറ്റുകൾ വിതരണം ചെയ്ത് കൃഷി വകുപ്പ്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായുള്ള പരിശ്രമത്തിന്റെ ഫലമായി പച്ചക്കറി ഉത്പാദനത്തിൽ ഇടുക്കി ജില്ല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.
പ്രതിവർഷം 75,000 ടൺ പച്ചക്കറികളാണ് ജില്ലയിലെ കർഷകർ വിളയിക്കുന്നത്. നാല് തവണ വിളവെടുക്കുന്ന 50,000 ടൺ ശീതകാല പച്ചക്കറിയും രണ്ട് തവണ വിളവെടുക്കുന്ന 25,000 ടൺ സാധാരണ പച്ചക്കറിയുമാണ് പ്രധാന കൃഷികൾ. ജില്ലയിൽ മൊത്തം 6,000 ഹെക്ടറിൽ പച്ചക്കറി കൃഷി ചെയ്യുന്നതായാണ് കണക്ക്. വട്ടവട, കാന്തല്ലൂർ, ദേവികുളം എന്നിവിടങ്ങളിൽ 2,500 ഓളം ഹെക്ടറിലാണ് ശീതകാല പച്ചക്കറികൾ വിളയുന്നത്.
പുതിയ ഇനത്തിൽപ്പെട്ടത് ഉൾപ്പെടെ വിവിധ പച്ചക്കറി വിത്തുകളുടെ മൂന്ന് ലക്ഷം പാക്കറ്റുകൾ കൃഷി വകുപ്പ് വിതരണം ചെയ്തിരുന്നു. 150 വിദ്യാലയങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തിലും അൻപത് സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ മുഖേന വീടുകളിലും വിപുലമായി കൃഷി ചെയ്യുന്നുണ്ട്. കൂടാതെ പച്ചക്കറി കൃഷിയിൽ മുന്നേറുകയെന്ന ലക്ഷ്യത്തോടെ പത്ത് സെന്റ് വരെ കൃഷി ചെയ്യുന്നതിന് കൃഷി വകുപ്പ് ധനസഹായവും നൽകുന്നുണ്ട്.
വിദ്യാർഥികൾ ഉൾപ്പെടെ 3,45,417 കർഷകർ ജില്ലയിൽ പച്ചക്കറി കൃഷി നടത്തുന്നതായി കൃഷി വകുപ്പിന്റെ കണക്കുകൾ പറയുന്നു. സംസ്ഥാനത്തെ കൃഷി വികസന പദ്ധതികളിൽ മുന്നിൽ നിൽക്കുന്ന ഇടുക്കിയിൽ കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, കാരറ്റ്, ലെറ്റൂസ്, പക്കോയി, കെയിൻ, ബീൻസ്, പയർ, പാവലം, പടവലം, തക്കാളി എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. മികച്ച വിളവിനോടൊപ്പം ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറന്ന് വിപണി സാധ്യകതകൾ പരമാവധി വർധിപ്പിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
Also Read: സംരഭകരെ ഇതിലേ, ഇതിലേ; ചുരുങ്ങിയ ചെലവിൽ ജൈവ വളനിർമാണ സംരംഭത്തിലൂടെ ലാഭം കൊയ്യാം
Image: pixabay.com